ഭരതനോട് ചെയ്തത്!

Thursday 20 August 2015 10:50 pm IST

ചലച്ചിത്രതാരം പറവൂര്‍ ഭരതന്റെ വിയോഗവാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് കപ്പടാമീശവച്ച് കണ്ണുതള്ളിച്ചു നില്‍ക്കുന്ന ഒരു രൂപമാണ്. ആ രൂപം വെള്ളിത്തിരയില്‍ തെളിഞ്ഞപ്പോഴേ പ്രേക്ഷകന്‍ പൊട്ടിച്ചിരിച്ചു. ഭരതന്‍ സിനിമാഭിനയം തുടങ്ങിയകാലത്ത് മീശവച്ചഭിനയിച്ചപ്പോഴെല്ലാം പ്രേക്ഷകന്‍ ഭയന്നു. 1951ല്‍ അഭിനയം തുടങ്ങിയ അദ്ദേഹം 1989ലാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മഴവില്‍ക്കാവടിയില്‍ മീശവാസുവായി കപ്പടാമീശയും വച്ച് എത്തുന്നത്. മഴവില്‍ക്കാവടിയിലെ ഭരതന്റെ ഓരോ രംഗവും അദ്ദേഹത്തിന്റെ മരണവാര്‍ത്തയ്‌ക്കൊപ്പം മനസ്സിലേക്കോടിക്കേറി. മീശവാസു, ഇന്നസെന്റ് അവതരിപ്പിച്ച ശങ്കരന്‍കുട്ടിമേനോന്‍ എന്ന കഥാപാത്രത്തിന്റെ കാര്യസ്ഥനായിരുന്നു. അടിമുടി വിഡ്ഢിയായ കാര്യസ്ഥന്‍. കാര്യസ്ഥന്റെ വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന ശങ്കരന്‍കുട്ടിമേനോന്‍. മഴവില്‍ക്കാവടിയെ പ്രേക്ഷകരുടെ ഇഷ്ടസിനിമയാക്കിയ കഥാപാത്രങ്ങളായിരുന്നു രണ്ടും. ശങ്കരന്‍കുട്ടിമേനോനെ ഇന്നസെന്റ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അനശ്വരമാക്കിയപ്പോള്‍ മീശവാസുവിലൂടെ ഭരതന്‍ മലയാളസിനിമയില്‍ പുതിയ ഇരിപ്പിടത്തില്‍ അമര്‍ന്നിരിക്കുകയാണുണ്ടായത്. അതുവരെയുണ്ടായിരുന്ന തന്റെ രൂപഭാവങ്ങളും അഭിനയത്തിന്റെ അളവനുഭവങ്ങളും മാറ്റിവച്ച് പുതിയതൊന്നായി അദ്ദേഹം മാറി. മലയാളി  എക്കാലവും ഓര്‍ത്തോത്ത് ചിരിക്കുന്ന സിനിമാരംഗങ്ങളില്‍ വാസുവും സ്ഥാനം നേടിയെന്നതാണ് പറവൂര്‍ഭരതനെന്ന നടന്റെ വിജയം. 'ഇക്കാലമത്രയും അതിലേ പോയിട്ടും അങ്ങനെയൊരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍കണ്ടിട്ടില്ലെ'ന്ന് മഴവില്‍ക്കാവടിയില്‍ പറവൂര്‍ ഭരതന്‍ പറയുന്ന സംഭാഷണം എപ്പോള്‍ കേട്ടാലും പ്രേക്ഷകന്‍ ആസ്വദിച്ചു ചിരിക്കും. ആ സംഭാഷണത്തിലെ നര്‍മ്മത്തിനപ്പുറം കാറോടിച്ചുപോകുന്ന വാസുവിനെയും തിരികെ കാറില്ലാതെ ഓടിവരുന്ന വാസുവിനെയുമാണ് ഓര്‍മ്മവരിക. ശങ്കരന്‍കുട്ടിമേനോന്‍ വാങ്ങിയ പഴയകാറിന്റെ കാര്യക്ഷമത നോക്കാന്‍ ഓടിച്ചു നോക്കുകയാണ് വാസു. കാറോടിച്ചുപോകുമ്പോള്‍ അത് ശങ്കരന്‍കുട്ടിമേനോനെക്കൊണ്ട് വാങ്ങിപ്പിച്ച കച്ചവട ഇടനിലക്കാരനായ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രം പറയുന്ന സംഭാഷണം മുതല്‍ തന്നെ ചിരി തുടങ്ങും. ''അവന്റെയൊരു പോക്കുകണ്ടില്ലെ, ശരം വിട്ടതുപോലെ'' എന്ന്. തല്ലിപ്പൊളിയായ പഴഞ്ചന്‍കാര്‍ ശങ്കരന്‍കുട്ടിമേനോനില്‍ അടിച്ചേല്‍പിക്കുകയായിരുന്നു അയാള്‍. മേനോന്‍ അഭിമാനത്തോടെ നോക്കിനില്‍ക്കുമ്പോള്‍ കാര്‍ കണ്‍വെട്ടത്തുനിന്നു മറയുന്നു. ഒപ്പം ഒരു ശബ്ദവും. മേനോനും ഇടനിലക്കാരനും ആകാംക്ഷയോടെ നോക്കിനില്‍ക്കുമ്പോഴാണ് കാര്‍ ഓടിച്ചുപോയ മീശവാസു കാറില്ലാതെ തിരികെ ഓടിവരുന്നത് കാണുന്നത്. മേനോനു മുന്നില്‍ വന്നുനിന്ന് പരവേശത്തോടെയാണ് മീശവാസു അത് പറയുന്നത്, ''ഇക്കാലമത്രെയും അതിലേ പോയിട്ടും അങ്ങനെയൊരു മരം അവിടെ നില്‍ക്കുന്നത് ഞാന്‍കണ്ടിട്ടില്ല'' എന്ന്. കാര്‍ മരത്തിലിടിച്ചു എന്നറിയിക്കാന്‍ മറ്റൊന്നും ആവശ്യമുണ്ടായില്ല. ആ സംഭാഷണത്തിന്റെ അവതരണവും മുഖത്തെ ഭാവവുമെല്ലാം അത്രയ്ക്ക് ഗംഭീരമായിരുന്നു. തീയറ്ററിനുള്ളിലെ നിര്‍ത്താത്ത കയ്യടിയും ചിരിയും ആര്‍ക്കുമറക്കാനാകും. മഴവില്‍ക്കാവടിയില്‍ ഇന്നസെന്റും ജയറാമുമായിരുന്നു മുഖ്യകഥാപാത്രങ്ങള്‍. അവര്‍ക്കിടയില്‍ പുട്ടിനു പീരചേര്‍ക്കുമ്പോലെയായിരുന്നില്ല മറ്റു കഥാപാത്രങ്ങളുടെ സ്ഥാനം. ഓരോരുത്തരും  വ്യക്തിത്വം നിലനിര്‍ത്തി സവിശേഷമായി നിലകൊണ്ടു. ഇന്നസെന്റിനും ജയറാമിനുമൊപ്പം തന്റെ അഭിനയപാടവം പ്രകടിപ്പിച്ച് പറവൂര്‍ഭരതനും തിളങ്ങി. ഒടുവിലിന്റെ ബ്രോക്കര്‍ കഥാപാത്രം ശങ്കരന്‍കുട്ടിമേനോന്റെ വീട്ടിലേക്ക് പെണ്ണുകാണാന്‍ ഒരു കൂട്ടരെ കൊണ്ടുവരുന്ന രംഗമുണ്ട്. തന്റെ പ്രമാണിത്തം അറിയിക്കാന്‍ വീട്ടില്‍ ആനയുണ്ടെന്ന കള്ളം പറയുന്നു ശങ്കരന്‍കുട്ടിമേനോന്‍. അതിനായി ആനയെകെട്ടുന്ന ചങ്ങലയും ആനപ്പിണ്ടിയും മുറ്റത്തിടുന്നു. പെണ്ണുകാണാന്‍ വന്നവര്‍ ആനയെവിടെയെന്നു ചോദിക്കുമ്പോള്‍ മീശവാസു ഉടന്‍ പറയുന്ന ഉത്തരവും വളരെ പ്രശസ്തമാണ്. 'ആനയെ മേയാന്‍ വിട്ടിരിക്കുകയാ'ണെന്ന്. പശുവിനെയും ആടിനെയുമൊക്കെ തീറ്റയ്ക്കായി പുറത്ത് അഴിച്ചുവിടുന്നതുപോലെ ആനയെയും തീറ്റക്കായി പുറത്തുവിട്ടിരിക്കുകയാണെന്ന വാസുവിന്റെ ഉത്തരം അതിഥികളില്‍ അമ്പരപ്പുണ്ടാക്കുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിയാണ് സമ്മാനിച്ചത്. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെ  വില്ലന്‍വേഷങ്ങള്‍ വിട്ട് പറവൂര്‍ഭരതന്‍ അഭിനയമികവിന്റെ നേരടയാളമായി മാറി. കുറുക്കന്റെ കല്യാണത്തിലും കളിക്കളത്തിലും സസ്‌നേഹത്തിലും പിന്‍ഗാമിയിലുമെല്ലാം ഭരതന്റെ അഭിനയമികവ് പ്രേക്ഷകനറിഞ്ഞു. മണ്ടന്മാര്‍ ലണ്ടനിലെ കുട്ടപ്പനെയും പട്ടണപ്രവേശത്തിലെ പക്ഷിനിരീക്ഷകനെയും തലയണമന്ത്രത്തിലെ പിള്ളസാറിനെയും എന്നും നന്മകളിലെ വേലാണ്ടിയെയും കനല്‍ക്കാറ്റിലെ ഭാസ്‌കരന്‍നായരെയും എങ്ങനെ മറക്കാനാകും. സിനിമാ താരത്തിന്റെ തലക്കനമോ ജാഡകളോ ഉണ്ടായിരുന്ന ആളായിരുന്നില്ല പറവൂര്‍ ഭരതന്‍. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പലപ്പോഴും അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. മലയാളത്തിലെ നിത്യഹരിതനായകന്‍ പ്രേംനസീറിനും മുന്നേ സിനിമയിലെത്തിയതാണ് അദ്ദേഹം. ആയിരത്തോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും താരപരിവേഷം അദ്ദേഹം ഇഷ്ടപ്പെട്ടതേയില്ല. സത്യന്‍, നസീര്‍, തിക്കുറിശി, മധു, ജയന്‍, സുകുമാരന്‍, മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മലയാള സിനിമയിലെ എല്ലാ നായക നടന്‍മാരോടൊപ്പവും അദ്ദേഹം അഭിനയിച്ചു. ചെമ്മീനില്‍ കറുത്തമ്മയെ അപകീര്‍ത്തിെപ്പടുത്തുന്നയാള്‍, തെമ്മാടി വേലപ്പനില്‍ ചിഞ്ചിലംചാശു തുടങ്ങിയ തെമ്മാടിയും ഗുണ്ടയും, തൊഴിലാളിയും പൊലെ നൂറുനൂറുകഥാപാത്രങ്ങള്‍. എന്നാല്‍ ഭരതന്‍ സ്വന്തം അഭിനയത്തില്‍ ഏറെ ഇഷ്ടപ്പെടുന്നത് പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത അള്‍ത്താര എന്ന ചിത്രത്തിലെ കടുവാതോമസ് എന്ന കഥാപാത്രത്തെയാണ്. പല അഭിമുഖങ്ങളിലും ഭരതന്‍ അതു തുറന്നു പറഞ്ഞിട്ടുണ്ട്. പ്രേംനസീറും കൊട്ടാരക്കരയും അടൂര്‍ഭാസിയും അഭിനയിച്ച ആ സിനിമയിലൂടെ വില്ലനായി ഭരതന്‍ ചുവടുറപ്പിച്ചു. 1964ലാണ് അത്. ആദ്യകാലത്തെ സിനിമകള്‍ക്കുശേഷം വീണ്ടും നാടകത്തിലേക്കു തന്നെ ഭരതന്‍ തിരിച്ചുപോയി. സിനിമയുടെ ഗ്ലാമര്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് നാടകലോകത്ത് കൂടുതല്‍ പ്രശസ്തി കിട്ടി. നാടകാഭിനയം തുടര്‍ന്നെങ്കിലും മനസ് സിനിമയില്‍ ഉറച്ചുപോയിരുന്നു. തിരിച്ചു സിനിമയിലേക്കുള്ള വിളി കാത്തിരുന്നു. അപ്പോഴാണ് മെരിലാന്റിന്റെ കറുത്തകയ്യിലെ വേഷം കിട്ടുന്നത്. മുഴുനീള വേഷമായിരുന്നു; കള്ളക്കടത്തുകാരന്‍ ഖാദര്‍. ആദ്യത്തെ മുഴുനീള വില്ലന്‍ വേഷവും അതായിരുന്നു. സിനിമാലോകത്ത് പറവൂര്‍ ഭരതന്‍ എന്ന നടന്‍ കാലുറപ്പിച്ച് നില്‍ക്കാന്‍ തുടങ്ങിയത് ആ വേഷത്തോടെയാണ്. ആ ചിത്രത്തോടെ ഭരതനെ അവസരങ്ങള്‍ തേടിവരാന്‍ തുടങ്ങി. തടിച്ചുരുണ്ട ശരീരവും കപ്പടാമീശയും വലിയ കണ്ണുകളുമായി പറവൂര്‍ ഭരതന്‍ പ്രേക്ഷമനസിലേക്ക് കുടിയേറി. പ്രേക്ഷകനെ പേടിപ്പെടുത്താനും പൊട്ടിച്ചിരിപ്പിക്കാനും ഒരുപോലെ കഴിയുക എന്നത് നടനെ സംബന്ധിച്ചിടത്തോളം കഴിവിന്റെ പ്രതിഫലനമാണ്. ചുരുക്കം ചിലര്‍ക്കുമാത്രമാണ് മലയാള സിനിമയില്‍ ആ ഭാഗ്യം ഉണ്ടായിട്ടുള്ളത്. വില്ലനായി തിളങ്ങിയ ശേഷം ഇടയ്ക്ക് സ്വഭാവനടനാകുകയും പിന്നീട് മുഴുനീള ഹാസ്യതാരമാകുകയും ചെയ്ത നിരവധിപേരുണ്ട്. അഭിനയത്തിന്റെ മാസ്മരികമായ കഴിവുകളിലൂടെയാണവരതു ചെയ്തത്. കൊച്ചിന്‍ഹനീഫയും ജനാര്‍ദ്ദനനും ആ ഗണത്തിലെ പേരുകാരാണ്. മഞ്ഞില്‍വിരിഞ്ഞപൂക്കളിലൂടെ വില്ലനായെത്തുകയും പിന്നീട് നിരവധി ചിത്രങ്ങളിലെ വില്ലത്തരത്തിന്റെ മേന്മയില്‍ നായകനും കോമഡി താരവുമൊക്കെയായി മാറിയ പ്രതിഭയാണ് നമ്മുടെ മോഹന്‍ലാല്‍. വില്ലന്റെയും ഹാസ്യത്തിന്റെയും  ഭാവപ്പകര്‍ച്ചകളിലൂടെ ഒരേസമയം സഞ്ചരിക്കാന്‍ കഴിയുക എന്ന അപൂര്‍വ്വഭാഗ്യം കിട്ടുന്നത് ദൈവത്തിന്റെ സ്പര്‍ശത്തിലൂടെയാണെന്ന് പറയാറുണ്ട്. ആ ദൈവസ്പര്‍ശമാണ് ഭരതനും കൂട്ടുണ്ടായിരുന്നത്. അതെല്ലാമുണ്ടായിരുന്നെങ്കിലും പറവൂര്‍ഭരതനെന്ന നടനെ വേണ്ടവിധത്തില്‍ ആദരിക്കാനോ അംഗീകരിക്കാനോ മലയാളത്തിനായില്ല. അതദ്ദേഹത്തോട് ചെയ്ത നന്ദികേടായി. അദ്ദേഹത്തിന്റെ അഭിനയം കണ്ട് പൊട്ടിച്ചിരിച്ചവര്‍ അദ്ദേഹത്തിന്റെ വേദനകളെ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. മനസ്സിലാക്കിയവര്‍ അത് പരിഹരിച്ചതുമില്ല. തുച്ഛമായ പ്രതിഫലത്തിനാണ് ആദ്യകാലത്ത് അദ്ദേഹം സിനിമയിലഭിനയിച്ചത്. പ്രതിഫലം ചോദിച്ചു വാങ്ങുന്ന ശീലം ഭരതനുണ്ടായിരുന്നില്ല. അവസാനകാലത്ത് മറ്റുള്ളവരുടെ സഹായം പ്രതീക്ഷിച്ച് അദ്ദേഹത്തിനു ജീവിക്കേണ്ടി വന്നത് അതിനാലാണ്. സിനിമയിലെ തന്റെ ആദ്യ കഥാപാത്രത്തിന് കിട്ടിയ പ്രതിഫലം അമ്പത് രൂപയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2003ല്‍ പുറത്തുവന്ന സി.ഐ.ഡി മൂസയില്‍ അഭിനയിച്ചത് വെറും പതിനായിരം രൂപയ്ക്കാണ്.  പ്രായാധിക്യത്തിന്റെ എല്ലാതരത്തിലുള്ള അസുഖങ്ങളും പിടികൂടിയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. പലപ്പോഴും മരുന്നുവാങ്ങാന്‍ പോലും പണമുണ്ടായില്ല. അവശകലാകാരന്‍മാരുടെ സഹായത്തിന് സിനിമാ സംഘടനയായ അമ്മ നല്‍കിവന്ന  4,000 രൂപയും സര്‍ക്കാരിന്റെ പെന്‍ഷന്‍ 1,000 രൂപയുമായിരുന്നു ഈ വലിയകലാകാരനു ചെറിയ തുണയായിരുന്നത്. അതു തന്നെ കൃത്യമായി എല്ലാ മാസവും ലഭിച്ചിരുന്നില്ല. സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണമെന്ന് പലതവണ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നല്ലനടനെന്ന് പ്രേക്ഷകരുടെ പ്രശംസ ലഭിച്ചെങ്കിലും സര്‍ക്കാര്‍ ഉള്‍പ്പടെ ആരും ഈ നടനെ പുരസ്‌കാരങ്ങളിലേക്ക് പരിഗണിച്ചില്ല, പരിഗണനകള്‍ക്ക് അദ്ദേഹം അര്‍ഹനായിരുന്നെങ്കിലും. 2004ല്‍ ബഹദൂര്‍ പുരസ്‌കാരം മാത്രമാണ് ലഭിച്ചത്. ഭരതന്‍ സിനിമാനടനായി ജീവിച്ചില്ല. സെലിബ്രിറ്റിയുമായിരുന്നില്ല. അതിനാല്‍ തന്നെ സിനിമാ സെലിബ്രിറ്റിയുടെ മരണത്തിനു നല്‍കുന്ന പ്രാധാന്യം മാധ്യമങ്ങളും പറവൂര്‍  ഭരതന്റെ മരണത്തിനു നല്‍കിയതായി തോന്നുന്നില്ല. അധികാരികളുടെ അവഗണനയുടെ സങ്കടപ്പെടുത്തുന്ന കാലത്തില്‍ നിന്നാണ് ഭരതന്‍ യാത്രയായിരിക്കുന്നത്. എങ്കിലും മനസ്സില്‍ തൊടുന്ന കഥാപാത്രങ്ങളിലൂടെ നല്ല പ്രേക്ഷകന്റെ മനസ്സില്‍ ഭരതന് എന്നും സ്ഥാനമുണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.