അനധികൃത മദ്യനിര്‍മ്മാണം: പ്രതികള്‍ പിടിയില്‍

Thursday 20 August 2015 10:50 pm IST

വൈക്കം : അനധികൃത മദ്യനിര്‍മാണത്തിന് സൂക്ഷിച്ചിരുന്ന 240 ലിറ്റര്‍ കോട എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ 10.30ന് ഇടയാഴം സ്രാമ്പിമറ്റം തറയില്‍മറ്റത്തില്‍ മണിയുടെ വീട്ടില്‍ നിന്നാണ് കോടയും അനധികൃത മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പിടികൂടിയത്. മണി (70), കുമാരനെല്ലൂര്‍ കുന്നേപ്പറമ്പ് വീട്ടില്‍ ബൈജു (46) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒരു മാസമായി എക്‌സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. അനധികൃതമായി ഉല്‍പാദിപ്പിക്കുന്ന മദ്യം ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലാണ് വില്‍പന നടത്തിയിരുന്നത്. ഇതിനാല്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും ഇവരുടെ പ്രവര്‍ത്തനത്തില്‍ സംശയമില്ലായിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് ലക്ഷക്കണക്കിന് രൂപയുടെ മദ്യനിര്‍മാണത്തിനാണ് ഇവര്‍ തയ്യാറെടുത്തിരുന്നത്. മണിയുടെ വീട്ടില്‍ നിന്ന് ചെമ്പ് കലം, മണ്ണെണ്ണ സ്റ്റൗ, അലുമിനിയം ചരിവം, മൂന്ന് കന്നാസുകള്‍ എന്നിവയും കണ്ടെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ രഘു, അസി. ഇന്‍സ്‌പെക്ടര്‍ ആര്‍.വിശ്വനാഥന്‍, പ്രിവന്റിംഗ് ഓഫീസര്‍ ഷെഫീക്ക്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജ്യോതി, ശ്രീകാന്ത്, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മദ്യവേട്ട. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.