ആലപ്പുഴ: വ്യവഹാര രഹിതപഞ്ചായത്തുകളാണ് ലീഗല്‍ സര്‍വീസസ് അതോറിട്ടി ലക്ഷ്യമിടുന്നതെന്ന് ജില്ലാ ജഡ്ജി ആനി ജോണ്‍ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്തും അമ്പലപ്പുഴ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിട്ടിയും ചേര്‍ന്ന് മാരാരിക്കുളം ബഡ്സ് സ്കൂളില്‍ സംഘടിപ്പിച്ച സഞ്ചരിക്കുന്ന ലോക് അദാലത്തിന്റെ അമ്പലപ്പുഴ താലൂക്കിലെ പര്യടന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. കോടതിവ്യവഹാരങ്ങളുടെ ഉയരുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരെ കോടതിയില്‍ നിന്ന് അകലെ നില്ക്കാന് പ്രോരിപ്പിക്കുമെന്ന് ജില്ലാ ജഡ്ജി പറഞ്ഞു. സാധാരണക്കാരെത്തേടി നീതി അങ്ങോട്ട് ചെല്ലുന്നതാണ് സഞ്ചരിക്കുന്ന ലോക് അദാലത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. കോടതിച്ചെലവ് വേണ്ട, ന്യായാധിപന്മാരോട് നേരിട്ട് സംസാരിക്കാം തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിനുണ്ടെന്ന് ജില്ലാ ജഡ്ജി ആനി ജോണ്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് പി.വി. സത്യനേശന്, സബ്ജഡ്ജ് എ. ഷാജഹാന്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീലാ സുരേഷ്, സി.എസ്. ബാബു, കെ.എസ്. ജയ, എം.ജി. പ്രസന്ന, ടി.വി. ആനന്ദന്, വി.വി. ബോബന്, പി.എസ്. വിപിനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കോടതിയില്‍ വരാന്‍ സാധ്യതയുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ ലോക് അദാലത്തില്‍ പരിഗണിക്കുന്നത്. സംസ്ഥാന നിയമ സഹായ അതോറിട്ടിയുടെ വാഹനത്തില്‍ ഒരു ന്യായാധിപനും ഉണ്ടാകും. സഞ്ചരിക്കുന്ന ലോക്അദാലത്ത് 22നും താലൂക്കിലുണ്ടാകും. 24, 25, 26 തീയതികളില്‍ ചേര്‍ത്തല താലൂക്കില്‍ പര്യടനം നടത്തും. 28വരെ ജില്ലയില്‍ പര്യടനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: