തിരുവനന്തപുരത്തെ ദുരന്തത്തിന് കാരണം ന്യൂജനറേഷന്‍ സിനിമകളുടെ സ്വാധീനം: ഡിജിപി

Friday 21 August 2015 10:18 pm IST

കൊച്ചി: ന്യൂജനറേഷന്‍ സിനിമകള്‍ യുവസമൂഹത്തെ വഴിതെറ്റിക്കുന്നുവെന്നും പുതുതലമുറ സിനിമകള്‍ കണ്ട് ഇതാണ് ജീവിതമെന്ന് കരുതുന്നതാണ് തിരുവനന്തപുരത്തെ കോളേജ് ക്യാമ്പസ്സിലുണ്ടായ ദുരന്തത്തിന് കാരണമെന്നും ഡിജിപി. ടി.പി. സെന്‍കുമാര്‍. പ്രേമം സിനിമ എന്ന് പ്രത്യേകം പറയുന്നില്ല. പുതുതലമുറ സിനിമകള്‍ യുവാക്കളെ ദോഷകരമായി സ്വാധീനിക്കുകയാണ്. മുണ്ട് മടക്കിക്കുത്തി വാഹനത്തിനു മുകളില്‍ നിന്ന് ചാടുന്നതു പോലുള്ള സംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ ചില സിനിമകള്‍ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. സിനിമകളിലെ കാമ്പസ് മദ്യപാനവും മറ്റും കാണുമ്പോള്‍ ഇതാണ് ജീവിതമെന്ന് അവര്‍ തെറ്റിദ്ധരിക്കുകയാണ്. അത്തരം കാര്യങ്ങള്‍ വളരെ കൂടുതലായി കാണിക്കുമ്പോള്‍ ചെറുപ്പക്കാര്‍ തെറ്റിലേക്ക് വഴുതി വീഴാന്‍ എളുപ്പമാണ്. ദുരന്തത്തിലേക്ക് എത്തിച്ച സംഭവങ്ങള്‍ കാണുമ്പോള്‍ തോന്നുന്ന കാര്യങ്ങളാണ് പറയുന്നത്. കമലിനെപോലുള്ള സംവിധായകര്‍ ഇത്തരം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കൊച്ചിയില്‍ പോലീസുകാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. ക്യാമ്പസുകളിലെ ആഘോഷങ്ങള്‍ പരിധിവിടുന്നുണ്ടോ എന്ന് അക്കാദമിക്ക് രംഗത്തുള്ളവര്‍ പരിശോധിക്കണം. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനി മരിക്കാനിടയായത് ആഘോഷങ്ങള്‍ അതിരുവിട്ടതിനാലാണ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസുകളില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ പോലീസ് നടത്തില്ല. അതൊരു ഒറ്റപ്പെട്ട സംഭവമാണ്. ക്യാമ്പസുകളില്‍ മദ്യപാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി വിപുലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ ട്രെയിന്‍ അട്ടിമറിശ്രമത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബൈക്കുകള്‍ അമിത വേഗതത്തില്‍ പോകുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സൂപ്പര്‍ ബൈക്കുകളുടെ വേഗത അളക്കുന്ന കാമറകള്‍ കൂടുതലായി സ്ഥാപിക്കും. നിലവില്‍ കാറുകളുടെ വേഗത അളക്കാനുള്ള കാമറയാണ് ഉള്ളത്. 18 വയസ് തികയാത്തവര്‍ ബൈക്കോടിക്കുമ്പോള്‍ പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമസ്ഥനെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം റേഞ്ചിനു കീഴിലുള്ള സിപിഒ മുതല്‍ ഐ.ജി വരെയുള്ളവര്‍ യോഗത്തില്‍ എത്തി. എല്ലാ വിഭാഗം പോലീസുകാരുടേയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് യോഗം വിളിച്ചത്. സ്മാര്‍ട്ട് പോലീസാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനചെയ്യുന്നത്. പോലീസ് സ്മാര്‍ട്ടാകണമെങ്കില്‍ ആദ്യം പോലീസ് സ്‌റ്റേഷനുകള്‍ സ്മാര്‍ട്ടാകണം. പോലീസ് സ്‌റ്റേഷനുകളില്‍ ആവശ്യത്തിന് ആളില്ല. നല്ല കെട്ടിടങ്ങളും വാഹനങ്ങളുമില്ല. നൂറിലധികം ജോലികള്‍ പുനര്‍വിന്യാസം വഴിയാണ് ഇപ്പോള്‍ ചെയ്യുന്നത്. പുതുതായി കോടതികളും കമ്മീഷനുകളും വരുമ്പോള്‍ പോലീസുകാരുടെ ജോലി ഭാരം കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.