മാരുതിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്

Friday 1 July 2011 3:40 pm IST

ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ ഉത്പാദകരായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ജൂണില്‍ 8.8 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. 80,298 കാറുകളാണ്  ജൂണില്‍ വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 88,091 കാറുകള്‍ വില്‍ക്കാന്‍ കമ്പനിക്കായി. ആഭ്യന്തര വിപണിയില്‍ 3.8 ശതമാനം കുറവാണ് ഉണ്ടായത്. കഴിഞ്ഞ ജൂണില്‍ 72,812 കാറുകള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം അത് 70,020 ആയി കുറഞ്ഞു. കയറ്റുമതിയിലാണു വന്‍ ഇടിവു സംഭവിച്ചത്. 32.7 ശതമാനം. കഴിഞ്ഞ ജൂണില്‍ 15,279 കാറുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഇത്തവണ ഇതു 10,278 ആയി. ഇന്ത്യ മുഴുവന്‍ തരംഗമായ മാരുതി 800 കാറുകള്‍ 12.8 ശതമാനവും എ2 സെഗ്‌മെന്റ് കാറുകള്‍( ആള്‍ട്ടോ, വാഗന്‍ ആര്‍, എസ്റ്റിലൊ, സ്വിഫ്റ്റ്, എ-സ്റ്റാര്‍, റിറ്റ്സ്) 2.4 ശതമാനവും എ3 സെഗ്‌മെന്റ് കാറുകള്‍( എസ്.എക്സ് 4, ഡിസയര്‍) 60.4 ശതമാനവും വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ മാസം മാരുതിജീവനക്കാര്‍ നടത്തിയ സമരവും വില്‍പ്പനയെ ബാധിച്ചു. സ്വിഫ്റ്റും ഡിസയറും എസ്‌ എക്‌സ്‌ ഫോറും പ്രധാനമായി ഉത്‌പാദിപ്പിക്കുന്ന മനേസര്‍ പ്ലാന്റിണ്‌ സമരം നടന്നത്‌. 12,600 യൂണിറ്റ്‌ വില്‍പ്പന ഇതുമൂലം നഷ്‌ടമായെന്ന്‌ കമ്പനി കണക്കാക്കുന്നു.