കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കുന്നു: പിഎംജിഎസ്‌വൈ പദ്ധതിയും നിലയ്ക്കുന്നു

Saturday 22 August 2015 7:29 pm IST

കോട്ടയം:കേന്ദ്രസര്‍ക്കാര്‍ കേരള വികസനത്തിനായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. കേന്ദ്രം നല്‍കിയ തുക വകമാറ്റി ചെലവഴിക്കുന്നതുമൂലം ഗ്രാമീണ റോഡ് വികസനത്തിനായി ആവിഷ്‌കരിച്ച പ്രധാന്‍മന്ത്രി ഗ്രാമീണ സടക് യോജന പദ്ധതിയുടെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ ബില്ലിനത്തില്‍ 100 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത്. അനുവദിക്കുന്ന തുക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും വകമാറ്റിയും ചെലവഴിക്കുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് തയ്യാറാകുകയാണ്. ഇക്കാര്യങ്ങള്‍ കാണിച്ചുകൊണ്ട് ഗ്രാമവികസന വകുപ്പ് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ മെയ്മാസത്തില്‍ കത്തെഴുതിയിരുന്നു. ഗ്രാമവികസന വകുപ്പിലെ സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എറണാകുളത്തുമെത്തി ഉന്നത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗംവിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. 600 ല്‍ അധികം ആളുകള്‍ താമസിക്കുന്ന പ്രദേശത്തെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണ് പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 6 മീറ്റര്‍ വീതിയില്‍ ഉന്നതഗുണനിലവാരം ഉറപ്പുവരുത്തിയാണ് റോഡുകള്‍ നിര്‍മ്മിക്കുന്നത്. ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിന് 70 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കേരളത്തില്‍ 700 കിലോമീറ്റര്‍ റോഡുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കേരള സ്‌റ്റേറ്റ് റൂറല്‍ റോഡ് ഡവലപ്പ്‌മെന്റ് ഏജന്‍സിക്കാണ് നിര്‍മ്മാണച്ചുമതല. കേന്ദ്രം അനുവദിച്ച തുക ഏജന്‍സിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ബില്‍ക്കുടിശികയിനത്തില്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള 100 കോടി രൂപ ലഭിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 1 മുതല്‍ സംസ്ഥാനത്തേറ്റെടുത്തിട്ടുള്ള ജോലികള്‍ നിര്‍ത്തിവയ്ക്കുവാനും പുതിയ ജോലികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചതായി കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.