കൃഷ്ണപിള്ള ദിനത്തില്‍ ജില്ലാ കമ്മറ്റിയോഗം; സിപിഎമ്മില്‍ പുതിയ വിവാദം

Saturday 22 August 2015 8:36 pm IST

ആലപ്പുഴ: പുന്നപ്ര- വയലാര്‍ സമരവാരാചരണ കാലയളവില്‍ കേന്ദ്ര കമ്മറ്റിയോഗം ദല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത് രക്തസാക്ഷികളെ അവഗണിച്ച സിപിഎം നേതൃത്വം പി. കൃഷ്ണപിള്ള ദിനത്തില്‍ ജില്ലാ കമ്മറ്റിയോഗം നടത്തിയതും പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. അവശേഷിക്കുന്ന വിഎസ് പക്ഷക്കാര്‍ക്കെതിരെ കൂടി നടപടി എടുക്കാനാണ് കൃഷ്ണപിള്ള ദിനത്തില്‍ തന്നെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തത്. സിപിഎമ്മും സിപിഐയും സംയുക്തമായാണ് നിരവധി വര്‍ഷങ്ങളായി കൃഷ്ണപിള്ള ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏറ്റവും പ്രാധാന്യമുള്ള പരിപാടിയെന്ന നിലയിലാണ് കൃഷ്ണപിള്ള ദിനാചരണം സംഘടിപ്പിക്കുന്നത്. ഈ ദിവസം തന്നെ ജില്ലാക്കമ്മറ്റി വിളിച്ചു ചേര്‍ത്തതാണ് സിപിഎം അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. സിപിഐക്കും ഇതില്‍ നീരസമുണ്ട്. മുഹമ്മ കണ്ണര്‍കാട് നടന്ന അനുസ്മരണ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച് തീര്‍ന്നയുടന്‍ സിപിഎം ജില്ലാ നേതാക്കള്‍ ഒന്നടങ്കം അവിടെ നിന്ന് മടങ്ങുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാന്‍ ഏതാനും സിപിഐക്കാര്‍ മാത്രമാണ് അവിടെ അവശേഷിച്ചത്. കൃഷ്ണപിള്ള ദിനാചരണം സിപിഎം നേതൃത്വം വെറും ചടങ്ങാക്കി മാറ്റിയതിന്റെ തെളിവാണ് അതേ ദിവസം ജില്ലാ കമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തതെന്നും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെയും അണികള്‍ കുറ്റപ്പെടുത്തുന്നു. തിടുക്കത്തില്‍ വിളിച്ചു ചേര്‍ത്ത ജില്ലാകമ്മറ്റി യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ പ്രധാനപ്പെട്ടത് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണ കമ്മീഷനെ നിയോഗിക്കാത്തതില്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പി. പളനിയെ താക്കീത് ചെയ്യാനായിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതുവരെ അന്വേഷണ കമ്മീഷനെ നിയോഗിക്കാത്തതിനെതിരെ യോഗത്തില്‍ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ തീരുമാനം എടുക്കാമെന്ന് മറുപടി നല്‍കി കോടിയേരി ബാലകൃഷ്ണന്‍ തടിതപ്പുകയായിരുന്നു. ഏതാനും മാസം മുമ്പ് മാന്നാറില്‍ വി.എസ്. അച്യുതാനന്ദന്റെ പരിപാടിയില്‍ പാര്‍ട്ടിവിലക്ക് ലംഘിച്ച് പങ്കെടുത്തതിന് ചെങ്ങന്നൂര്‍ ഏരിയാ കമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ വി.കെ. വാസുദേവന്‍ അടക്കം അഞ്ച് വിഎസ് പക്ഷക്കാരെയും താക്കീത് ചെയ്യാന്‍ യോഗം തീരുമാനിച്ചു. സ്ത്രീവിഷയത്തില്‍ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാംഗം ഷാനവാസിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാനും തീരുമാനിച്ചു. ഔദ്യോഗിക പക്ഷക്കാരനാണ് ഷാനവാസ്. ഇയാള്‍ക്കെതിരെ നടപടിക്ക് നേതൃത്വം നല്‍കിയ ഐസക് പക്ഷക്കാരനായ ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജന്‍, മുന്‍ ഏരിയാ സെക്രട്ടറി പി.കെ. സോമന്‍ എന്നിവര്‍ക്കെതിരെ നടപടിക്കും തീരുമാനമുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതി വാദിയാകുന്ന സ്ഥിതിവിശേഷമാണുള്ളത്. കഴിഞ്ഞ പുന്നപ്ര- വയലാര്‍ സമര വാരാചരണ കാലയളവിലാണ് സിപിഎം കേന്ദ്രകമ്മറ്റിയോഗം വിളിച്ചു ചേര്‍ത്തത്. പുന്നപ്രയിലേയും വയലാറിലേയും പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേന്ദ്ര കമ്മറ്റിയോഗത്തിനെത്തില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിന് കത്തയച്ചോടെയാണ് യോഗം വിവാദത്തിലായത്. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ വേണ്ടിമാത്രം ഇത്തരത്തില്‍ പ്രാധാന്യമുള്ള ദിവസങ്ങളില്‍ നേതൃത്വം യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത് രക്തസാക്ഷികളെയും ഏറെ ത്യാഗങ്ങള്‍ സഹിച്ച മുന്‍കാല നേതാക്കളെയും അവഹേളിക്കലാണെന്നാണ് വിമര്‍ശനമുയരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.