സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീധരന്‍

Saturday 22 August 2015 9:49 pm IST

കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിര്‍മ്മാണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ ഇ. ശ്രീധരന്‍. ലൈറ്റ് മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നിരുത്തരവാദപരമായ നിലപാടിനെയാണ് ഇ. ശ്രീധരന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മലബാര്‍ ചേംബര്‍ കൊമേഴ്‌സ് കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഇ. ശ്രീധരന്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാറിന്റെ ഇച്ഛാശക്തിയില്ലായ്മയും കഴിവുകേടുമാണ് ലൈറ്റ് മെട്രോ കേരളത്തില്‍ വരുന്നതിന് തടസ്സമുണ്ടാക്കുന്നത്. സര്‍ക്കാറിന് മസ്തിഷ്‌ക സ്തംഭനം സംഭവിച്ചിരിക്കുകയാണ്.  പദ്ധതി നടത്തിപ്പിനായി ജപ്പാന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കാമെന്ന് അറിയിച്ചിട്ടും പദ്ധതിക്കായി പണമില്ലെന്ന വാദമാണ് സര്‍ക്കാരിന്റേത്. പദ്ധതിക്കുവേണ്ട 85 ശതമാനം തുകയും ജപ്പാന്‍ കമ്പനിയും ബാക്കിവരുന്ന 15 ശതമാനം തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നാണ് നിര്‍ദ്ദേശം വെച്ചത്. ചില ഉദ്യോഗസ്ഥര്‍ പറയുന്നത് പദ്ധതി പിപിപി പ്രകാരം നടത്തണമെന്നാണ്. ചിലരാകട്ടെ ലൈറ്റ് മെട്രോയല്ല മോണോ റെയില്‍ ആണ് വേണ്ടതെന്ന വാദമാണ് ഉന്നയിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തെ തെറ്റായ ദിശയിലാണ് ഉദ്യോഗസ്ഥര്‍ നയിക്കുന്നത്. നിക്ഷേപത്തിന് മൂന്ന് ശതമാനം മാത്രം ലാഭം ലഭിക്കുന്ന പദ്ധതിയിലേക്ക് ഏതെങ്കിലും സ്വകാര്യ വ്യക്തി നിക്ഷേപിക്കില്ലെന്ന സാമാന്യബുദ്ധി പോലും ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നില്ല. പദ്ധതി നടപ്പാക്കാന്‍ വൈക്കുന്ന ഒരോ ദിവസവും 10 ലക്ഷം രൂപയുടെ അധിക സാമ്പത്തിക ബാധ്യത സര്‍ക്കാറിന് ഉണ്ടാക്കും. പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി തയ്യാറാണ്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. പദ്ധതി നടത്തുന്നതിനാവശ്യമായ രാഷ്ട്രീയമായ ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. ഒക്‌ടോബറിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഡീറ്റെയില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്. എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് തീരുമാനം എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആയിട്ടില്ല. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനും മറ്റുമായി 19 ലക്ഷം രൂപയാണ് ഒരു മാസം ഡിഎംആര്‍സിക്ക് ചെലവ് വരുന്നത്. പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്ത സാഹചര്യത്തില്‍ തീരുമാനത്തിനായി കാത്തിരിക്കേണ്ടെന്നും നഷ്ടം സഹിച്ച് മുന്നോട്ടു പോകാനാകില്ലെന്നും കോര്‍പ്പറേറ്റ് ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ലൈറ്റ് മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് പദ്ധതികള്‍ക്ക് അനുകൂലമാണ്. ഇന്ത്യന്‍ നഗരങ്ങളില്‍ മോണോറെയിലിനേക്കാള്‍ നടപ്പാക്കാന്‍ നല്ലത് ലൈറ്റ് മെട്രോയാണ്. ഇത്രയും അപകട സാധ്യതയും ഭൂമി ഏറ്റെടുക്കലും കുറഞ്ഞ പദ്ധതി വേറെ ഇല്ല. പദ്ധതി നടത്തിപ്പിന് ഇന്ത്യന്‍ റെയില്‍വേയും കെഎസ്ഇബിയും 12.5 ശതമാനവും കേരള പൊതുമരാമത്ത് വകുപ്പ് ഒമ്പത് ശതമാനവും ഫീസായി ഈടാക്കുമ്പോള്‍ ഡിഎംആര്‍സി ആറ് ശതമാനം മാത്രമെ ഫീസായി നിര്‍ദ്ദേശിച്ചതെന്നും ലാഭം ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.