മേമന്‍ വധം; മട്ടന്നൂര്‍ ജുമാ മസ്ജിദില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലഘുലേഖ വിതരണം

Saturday 22 August 2015 10:08 pm IST

മട്ടന്നൂര്‍: യാക്കൂബ് മേമന്റെ തൂക്കിക്കൊലയെ വിമര്‍ശിച്ച് കൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന്റെ ലഘുലേഖ വിതരണം. മട്ടന്നൂര്‍ ജുമാ മസ്ജിദിന് പുറത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ലഘുലേഖ വിതരണം ചെയ്തത്. നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലഘുലേഖ യാക്കൂബ് മേമനെ പരോക്ഷമായി വെള്ളപൂശുകയും ചെയ്യുന്നുണ്ട്. 'ഇരട്ടത്താപ്പ് അരുതെന്ന് പറയുക തുല്യ നീതിയുടെ കാവലാളാകുക' എന്ന തലക്കെട്ടോടെയാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരില്‍ 90 ശതമാനവും ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാണെന്നും ലഘുലേഖയില്‍ പറയുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു ഇന്ത്യക്കാരനെ കൊലമരത്തിലയക്കാന്‍ സുപ്രീം കോടതി ഉറക്കമിളച്ചിരുന്നുവെന്ന് പരിഹാസരൂപേണ സുപ്രീം കോടതിയെയും ലഘുലേഖയില്‍ വിമര്‍ശിക്കുന്നുണ്ട്. യാക്കൂബ് മേമനെ ധീരരക്തസാക്ഷിയായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ലഘുലേഖയിലുണ്ട്. യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയനാക്കിയ ദിവസം കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രകടനം നടത്തിയിരുന്നു. മട്ടന്നൂരില്‍ നടത്തിയ ലഘുലേഖ വിതരണം ബോധപൂര്‍വ്വം വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.