യാത്ര...

Sunday 23 August 2015 10:10 pm IST

യാത്ര, ജീവിതയാത്ര, ജീവിതത്തില്‍ എത്രയെത്ര യാത്രകള്‍. ദ്രാവകരൂപത്തില്‍ ജീവന്‍തുടിക്കുന്ന ഏകകോശയാത്രയാണ് ആദ്യയാത്ര. അതു മറ്റൊരു ഏകകോശവുമായി ചേര്‍ന്നാല്‍ പിന്നെ സംയുക്തമായി യാത്ര, സമാധിയില്‍. മാസങ്ങള്‍കൊണ്ടു രൂപാന്തരംപ്രാപിച്ച് പുറത്തേക്കുള്ള യാത്ര കരഞ്ഞുകൊണ്ട്. പിന്നീടങ്ങോട്ട് യാത്രയോടുയാത്ര തന്നെ. നടക്കാന്‍ പഠിച്ചുകൊണ്ട് പിച്ചവച്ചുള്ള യാത്ര. താമസിയാതെ പള്ളിക്കൂടയാത്ര. പത്തോ പതിനഞ്ചോ വര്‍ഷക്കാലത്തെ വിദ്യാഭ്യാസത്തിനുശേഷം ജോലി അന്വേഷിച്ചുള്ള യാത്ര. ജോലി തരപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ജോലിക്കുള്ള യാത്ര, കല്യാണം ഉറപ്പിച്ചാല്‍ പിന്നെ കല്യാണ ഒരുക്കങ്ങള്‍ക്കുള്ള യാത്ര, കല്യാണശേഷം മധുവിധു യാത്ര. വിരുന്നുസല്‍ക്കാരങ്ങളും മറ്റും കഴിയുമ്പോഴേക്കും ഭാര്യ ഓക്കാനിക്കാന്‍ യാത്രയായിരിക്കും പിന്നീടങ്ങോട്ട് ആശുപത്രിയാത്ര. യാത്രയെപ്പറ്റി നര്‍മരസം തുളുമ്പുന്ന വിധം യാത്രാവിവരണങ്ങള്‍ എല്ലാ ഭാഷകളിലും ഉണ്ട്. പാശ്ചാത്യ ഭാഷകളില്‍ കപ്പല്‍ യാത്രയ്ക്കാണ് പ്രാധാന്യം. ഗള്ളിവറുടെ ലില്ലിപ്പുട്ട് അക്കൂട്ടത്തില്‍പ്പെടും ഹിമാലയത്തിലെ പല ക്ഷേത്രങ്ങളിലും പോയി കൈലാസയാത്രയെന്ന പേരില്‍ പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നത് ഒരു ബിസിനസ് ആയിട്ടുണ്ട്. കാല്‍നടയാത്രക്കുപുറമെ നിരവധി വാഹനങ്ങള്‍ ഉപയോഗിച്ചുള്ള യാത്രയുണ്ട്. കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് മറ്റു ഗ്രഹങ്ങളിലേക്ക് ഉപഗ്രഹ യാത്ര നടത്തുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു വിനോദയാത്രയോ തീര്‍ത്ഥയാത്രയോ നടത്താത്തവര്‍ ചുരുക്കമായിരിക്കും. ഏതുതരം യാത്രയും മനുഷ്യമനസ്സിന് ഉന്മേഷം നല്‍കുന്നതാണ്. ഈ സത്യം മനസ്സിലാക്കിയതുകൊണ്ടാകാം നമ്മുടെ പൂര്‍വികാചാര്യന്മാര്‍ നാടിന്റെ നാനാഭാഗങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും സ്ഥാപിച്ചിരിക്കുന്നത്. മനോഹരവും അത്ഭുതകരവുമായ ശില്‍പ്പങ്ങള്‍ നിറഞ്ഞ ഉയര്‍ന്ന ഗോപുരങ്ങളോടുകൂടിയ ക്ഷേത്രസങ്കേതങ്ങളും കടല്‍ത്തീരങ്ങളും വന്‍ നദിക്കരകളും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന അധര്‍മങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയാന്‍ യാതൊന്നാണോ ഉപകരിക്കുന്നത് അതിന് 'തീര്‍ത്ഥം' എന്ന് പറയുന്നു. തീര്‍ത്ഥം ലഭിക്കുന്ന ഇത്തരം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം എല്ലാ മതസ്ഥര്‍ക്കും ഉണ്ട്. ദൂരസ്ഥലത്തുള്ള ഇത്തരം കേന്ദ്രങ്ങളില്‍ നടന്ന് തന്നെ പോകണം. വഴിയില്‍ പലതരം അനുഭവങ്ങള്‍, വിവിധതരം ഭാഷ, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടങ്ങള്‍ ഇതെല്ലാം കണ്ടും അനുഭവിച്ചും തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തുമ്പോഴേക്കും ഒരു പ്രത്യേകതരം മാനസികാവസ്ഥയില്‍ എത്തിയിരിക്കും. ആരാധനാലയത്തില്‍നിന്നും ലഭിക്കുന്ന പ്രസാദം കിട്ടിക്കഴിഞ്ഞു വിശ്രമ വേളയില്‍ മാനസികവ്യതിയാനവും പശ്ചാത്താപവും താനെ വരും. തീര്‍ത്ഥയാത്രയുടെ ഫലം അതാണ്. ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് ആര്. സംശയമില്ല. നാരദന്‍ തന്നെ. ശത്രുമിത്ര ഭേദമെന്യേ ഏതു സഭയിലും കടന്നുചെല്ലാനും അവിടെയെല്ലാം വേണ്ടതു ചെയ്യാനും നാരദന് കഴിയും.  നാവില്‍ സ്വതസിദ്ധമായ നാരായണ മന്ത്രവും കയ്യില്‍ വീണയുമായി നാരദ മഹര്‍ഷി എപ്പോഴും യാത്രയില്‍ത്തന്നെയാണ്. രാമായണത്തിലെ വീരഹനുമാനും യാത്ര ചെയ്തതിന് കണക്കില്ല. സമുദ്രത്തിന് മീതെ പറന്നുകൊണ്ടുള്ള യാത്ര. പിന്നീട് പലതവണ കൈലാസയാത്ര. കൈലാസത്തില്‍നിന്നും ശിവവിഗ്രഹം കൊണ്ടുവരുന്നതിനും പിന്നീട് മേഘനാഥാസ്ത്രമേറ്റ് മരിച്ചുവീണ ശ്രീരാമലക്ഷ്മണന്മാരെയും വാനരസൈന്യത്തേയും രക്ഷിക്കാന്‍ ജാംബവാന്റെ നിര്‍ദ്ദേശപ്രകാരം മൃതസഞ്ജീവനി മരുന്നിനായുള്ള യാത്ര. ഹിമാലയത്തിനും വടക്ക് കൈലാസം. അതിനും വടക്കുള്ള ഭാദ്രി പര്‍വതനിരകളിലാണ് വേദനിര്‍മിതമായ വിശല്യകരിണി, സന്താനകരിണി, സുവര്‍ണകരിണി, മൃതസഞ്ജീവനി എന്നീ മരുന്നുകള്‍ നില്‍ക്കുന്നത്. മരുന്നുകണ്ണില്‍പ്പെടാതിരുന്നതിനാല്‍ തന്റെ ബലിഷ്ഠമായ കൈകള്‍കൊണ്ട് പര്‍വതത്തെ തന്നെ പിഴിതെടുത്ത് കൊണ്ടുവരികയാണുണ്ടായത്. എത്രയാത്ര പോയാലും യാത്ര അവസാനിക്കുന്നില്ല. എങ്കിലും തല്‍ക്കാലും യാത്ര പറയട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.