സംസ്കൃതത്തില്‍ ഇത് കൂശ്മാണ്ഡം, പീതപുഷ്പം, ബൃഹത്ഫലം എന്നീപേരുകളില്‍ അറിയപ്പെടുന്നു. കുമ്പളങ്ങ മാത്രമായിവയ്ക്കുന്ന വിഭവമാണ് ഓലന്‍. ഓലന്‍ ഉപയോഗിക്കുന്നത് മറ്റ് കറികളുടെ സ്വാദ് അറിയുന്നതിനായാണ്.
സദ്യയ്ക്കിടയില്‍ ഇലനിറയെ വിഭവങ്ങള്‍ ഉള്ളപ്പോള്‍ ഓരോന്നിന്റെയും സ്വാദ് തിരിച്ചറിയാന്‍ ഓലന്‍ തൊട്ടുകൂട്ടും. അപ്പോള്‍ നാവിലുള്ള മറ്റ് വിഭവങ്ങളുടെ രസംതന്നെ നാവില്‍നിന്ന് തുടച്ചുമാറ്റപ്പെടും. അതിനാലാണ് ഓലന്‍ ഒഴിവാക്കാനാവാത്ത കറിയായി വിഭവങ്ങള്‍ക്കൊപ്പം നിറഞ്ഞ് നില്‍ക്കുന്നത്. ഓലന്‍ വെറുതെ പാത്രത്തിലിട്ട് വേവിച്ച് താഴെ ഇറക്കിവയ്ക്കാതെ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചുവന്നമുളക് മാത്രമിട്ടും അതിലളിതമായി ഉണ്ടാക്കാവുന്ന വിഭവമാണ്.
പകുതിവിളഞ്ഞ കുമ്പളങ്ങ പിത്തം, വാതം, രക്തദൂഷ്യം, പ്രമേഹം എന്നിവയെ നശിപ്പിക്കും. ബലം, മേദസ്സ്, രേതസ്സ്, എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അധികം വിളഞ്ഞ ഫലം ത്രിദോഷത്തിനും, വസ്തിക്കും, മതിഭ്രമത്തിനും നന്ന്. ശ്വാസകോശരോഗങ്ങള്‍ ശമിപ്പിക്കുകയും, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മുത്രാശയരോഗത്തിനും ഫലപ്രദമാണ്.
രക്തം ചുമച്ചുതുപ്പിയാല് പ്രഥമ ചികിത്സയ്ക്കായി കുമ്പളങ്ങനീരില്‍ തേന്‍ചേര്‍ത്ത് നല്കിയാല് നന്ന്. അപസ്മാരം, ഉന്മാദം, എന്നിവയ്ക്ക് കുമ്പളങ്ങയുടെ നീരില്‍ കൊട്ടംപൊടിച്ചു ചേര്‍ത്തുനല്‍കിയാല്‍ ഫലപ്രദമാണ്. മൂത്രതടസമുള്ളവര് നിത്യേന 100 ഗ്രാം കുമ്പളങ്ങനീര് കഴിച്ചാല്രോഗത്തിന് കുറവുണ്ടാവും. കുമ്പളങ്ങ അരച്ചെടുത്ത് നാഭിയില്‍ പുരട്ടുന്നതും നല്ലതാണ്. പ്രമേഹമുള്ളവര്‍ പതിവായി കുമ്പളങ്ങയുടെ നീര് കഴിക്കുക, ആഹാരത്തില്‍ ക്രമീകരണം എന്നിവ ശീലമാക്കുന്നത് നല്ലതാണ്.
കമ്പളങ്ങ ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശരോഗങ്ങള്‍ക്ക് വളരെ ഗുണപ്രദമാണ്. ഉന്മാദം, ചിത്തഭ്രമം, അപസ്മാരം എന്നിവക്കായി രണ്ടൗണ്‍സ് കുമ്പളങ്ങനീരില്‍ അഞ്ചുഗ്രാം ഇരട്ടിമധുരവും പൊടിച്ചു കലര്‍ത്തി തേന്‍ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. കുമ്പളങ്ങയാല് നിര്‍മ്മിക്കുന്ന വിവിധതരം മരുന്നുകളാണ് കൂശ്മാണ്ഡഘൃതം, ഖണ്ഡകൂശ്മാണ്ഡകം, കൂശ്മാണ്ഡരസായനം, കൂശ്മാണ്ഡക്ഷാരം എന്നിവ. പ്രകൃതിചികിത്സകര്‍ കുമ്പളങ്ങ പ്രധാനഘടകമായിട്ടുപയോഗിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: