റോഡ് സുരക്ഷയ്ക്ക് ഒരു ബില്‍

Sunday 23 August 2015 10:36 pm IST

നാഷണല്‍ റോഡ് സേഫ്റ്റി ആന്റ് വെഹിക്കിള്‍ റെഗുലേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ സംവിധാനം തുടങ്ങണം എന്ന നിര്‍ദ്ദേശവുമായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സേഫ്റ്റി ബില്‍ 2015, പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ തയ്യാറായി വരികയാണ്.വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങളുടെയും റോഡുകളിലെ നിയമലംഘനങ്ങളുടെയും പശ്ചാത്തലത്തില്‍ പുതിയ ബില്ല് വളരെ പ്രധാനമാണ്. റോഡ് സുരക്ഷ ഇന്നും മരീചികയായി തുടരുകയാണ്. റോഡ് സുരക്ഷയ്ക്കായി നിലവിലുള്ള 1988 ലെ നിയമം അപര്യാപ്തമായതിനാലാണ് കേന്ദ്രം അത് പുതുക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. റോഡുകള്‍ രക്തക്കളങ്ങളായി മാറുകയാണ്. വാഹനങ്ങളുടെ എണ്ണപ്പെരുപ്പം മാത്രമല്ല പണം കൊടുത്ത് ലൈസന്‍സ് വാങ്ങുന്നതും മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നതും റോഡുനിയമങ്ങളെ അനുസരിക്കാത്തതും അലസമായ ഡ്രൈവിംഗും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വണ്ടി ഓടിക്കുന്നതും കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉപോഗിക്കുന്നതും അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും നിരപരാധികളായ ഒട്ടനവധി ആളുകളുടെ ജീവനാണ് റോഡുകളില്‍ അപഹരിക്കുന്നത്. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ടതാണ്. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സ്വകാര്യ സര്‍ക്കാര്‍ ബസ്സുകള്‍ വരുത്തുന്ന അപകടങ്ങള്‍ നിയന്ത്രണാതീതമായി പെരുകുകയാണ്.  2014 ല്‍ മാത്രം കേരളത്തില്‍  36282 വാഹനാപകടങ്ങളാണുണ്ടായത്. 4049 പേരുടെ ജീവനാണ് 2014 ല്‍ അപഹരിക്കപ്പെട്ടത്. വാഹനാപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം അതേവര്‍ഷം 41096 ആണ്.2014 ല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത് എറണാകുളം പ്രാന്ത (റൂറല്‍)പ്രദേശങ്ങളിലാണ്; 3430 എണ്ണം. മലപ്പുറത്ത് നടന്നത് 2719 ഉം തൃശൂര്‍ പ്രാന്തപ്രദേശങ്ങളില്‍ നടന്നത് 2785 അപകടങ്ങളുമാണ്. ഇരുചക്രവാഹനാപകടങ്ങളാണ് ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത്. സംസ്ഥാനത്ത് 2014 ല്‍ അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് 35447 എണ്ണമാണ്. കൊച്ചിയില്‍ വൈറ്റിലയില്‍ ബസ്സിന്റെ മത്സരയോട്ടം ചോദ്യം ചെയ്ത യാത്രക്കാരനെ ദേഹോപദ്രവം ചെയ്ത ബസ് ജീവനക്കാര്‍ക്കെതിരെ കോടതി സ്വമേധയാ കേസ്സെടുത്ത സംഭവംവരെയുണ്ടായി. കൈക്കൂലി കൊടുത്താല്‍ എന്തും നടക്കും എന്ന അവസ്ഥയുണ്ട്. റോഡുകളില്‍ നടക്കുന്ന അക്രമവാസന കാമ്പസ്സുകളിലേക്കും കടക്കുന്നുവെന്നതിന്റെ സൂചനകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നതാണ് സത്യം. കേന്ദ്രമന്ത്രിസഭ നാഷണല്‍ റോഡ് സേഫ്റ്റി പോളിസി 2010 മാര്‍ച്ച് 15 നാണ് പാസ്സാക്കിയത്. റോഡു സുരക്ഷയ്ക്കായി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നയം കാര്യക്ഷമമായി നടപ്പിലാക്കപ്പെട്ടില്ല. റോഡുസുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുക, റോഡ് സുരക്ഷയെക്കുറിച്ചുള്ള സംസ്ഥാനങ്ങളുടെ ഒരു ഡാറ്റാബെയ്‌സ് ഉണ്ടാക്കുക, സുരക്ഷിതമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, സുരക്ഷിതമായ വാഹനങ്ങളാണ് നിരത്തില്‍ ഇറക്കുന്നതെന്ന് ഉറപ്പാക്കുക, ഡ്രൈവര്‍മാര്‍ വിദഗ്ദ്ധരാണെന്നും ലൈസന്‍സ് ഉള്ളവരാണെന്നും ഉറപ്പാക്കുക, കാല്‍നടയാത്രക്കാരുടെയും ബസ് യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ട്രാഫിക് റൂള്‍സിനെക്കുറിച്ച് യുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും ബോധവാന്മാരാക്കുക, റോഡു സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുക, റോഡ് സേഫ്റ്റിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക, റോഡ് സുരക്ഷയ്ക്കായി  നിയമപരമായും സാമ്പത്തികമായും വേണ്ട അടിസ്ഥാന  സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കുക എന്നിവയാണ് ദേശീയ റോഡ് സുരക്ഷാ നയത്തിലെ പ്രധാന വ്യവസ്ഥകള്‍. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സഹകരണം ലഭിക്കുന്നുണ്ടെങ്കിലും വാഹനപ്പെരുപ്പം മൂലവും റോഡുകളുടെ ശോച്യാവസ്ഥമൂലവും ഭാരതത്തില്‍ റോഡുസുരക്ഷാ നിയമങ്ങളും നയങ്ങളും വേണ്ടത്ര നടപ്പിലാക്കപ്പെട്ടില്ല. ഇതിന്റെ വെളിച്ചത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സേഫ്റ്റി ബില്‍-2015 അടുത്ത പാര്‍ലമെന്റ് സെഷനില്‍ അവതരിപ്പിച്ച് നിയമമാക്കുവാന്‍ തയ്യാറെടുക്കുന്നത്. ബില്ലിലെ പ്രധാന നിര്‍ദ്ദേശം നാല് അതോറിറ്റികള്‍ രൂപീകരിക്കുകയെന്നതാണ്. നാഷണല്‍ റോഡ് സേഫ്റ്റി ആന്റ് വെഹിക്കിള്‍ റെഗുലേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, സ്റ്റേറ്റ് അതോറിറ്റി, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയാണവ. ഓരോ അതോറിറ്റിയുടേയും ഘടനയും അധികാരപരിധിയും ചുമതലകളും നിയമപരമായ ബാധ്യതകളും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. അടിയന്തരഘട്ടങ്ങളില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുവാനുള്ള ചട്ടങ്ങള്‍ നിര്‍മിക്കുക, വണ്ടികളുടെ നിര്‍മാണം, ഗുണമേന്മ, ഡിസൈന്‍ എന്നിവയ്ക്കുവേണ്ടിയുള്ള സ്റ്റാന്റേര്‍ഡ് ഉണ്ടാക്കല്‍, സുരക്ഷാ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, ലൈസന്‍സ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിക്കുക, സുരക്ഷയ്ക്കാവശ്യമായ ഗൈഡ്‌ലൈനുകള്‍ തയ്യാറാക്കുക റോഡ് സുരക്ഷ സംബന്ധിച്ച ഉപദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുക, ട്രാഫിക് മാനേജ്‌മെന്റ്, അടിയന്തരഘട്ടങ്ങളിലെ പരിശോധനകള്‍ നടത്തുക, സുരക്ഷ സംബന്ധിച്ച ഡോക്യുമെന്റുകളുടെ ശേഖരണം, പരിശോധന, അനാലിസിസ്, മോട്ടോര്‍ വാഹനങ്ങളുടെ സ്റ്റാന്റേര്‍ഡ് നിശ്ചയിക്കുക, ഇന്ധനക്ഷമത സ്റ്റാന്റേര്‍ഡ് ഡ്രൈവിംഗ് ക്ഷമത, വാഹന ശബ്ദമലിനീകരണ നിയന്ത്രണം, ഇന്‍ഷുറന്‍സ് സംബന്ധമായ റെഗുലേഷനുകള്‍ എന്നിവയ്ക്കായുള്ള രൂപരേഖ തയ്യാറാക്കലും നിയന്ത്രണങ്ങള്‍ നടത്തലും ഉപദേശങ്ങള്‍ നല്‍കലും നാഷണല്‍ അതോറിറ്റിയുടെ ചുമതലകളില്‍ ചിലതാണ്. ബില്ലില്‍ മോട്ടോര്‍ വെഹിക്കിള്‍ റെഗുലേഷന്‍ സംബന്ധിച്ച സുവ്യക്തമായ ചില നിബന്ധനകള്‍ നല്‍കുന്നുണ്ട്. ചരക്ക് വണ്ടികള്‍, ആളുകളെ കയറ്റിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍, ട്രൈലറുകള്‍, അര്‍ദ്ധട്രൈലറുകള്‍ എന്നിവയ്‌ക്കെല്ലാം ഡ്രൈവറുടെ വ്യക്തമായ കണ്‍ട്രോള്‍ ഉറപ്പാക്കുവാനുള്ള നിബന്ധനകള്‍, വാഹനങ്ങളുടെ വലുപ്പം, കുതിരശക്തി, ഭാരം, നീളം, വീതി, ഉയരം, ഭാരം കയറ്റുവാനുള്ള ശേഷി, ചക്രത്തിന്റെ വീതി, ടയറിന്റെ കണ്ടീഷന്‍ എന്നിവയ്‌ക്കെല്ലാം നാഷണല്‍ അതോറിറ്റി സ്റ്റാന്റേര്‍ഡ് വ്യക്തമായി നിശ്ചയിക്കും. വാഹനങ്ങളുടെ ബോഡി നിര്‍മാണം, സുരക്ഷ ഉറപ്പാക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും നാഷണല്‍ അതോറിറ്റിയുടെ ചുമതലയായിരിക്കും. വാഹനത്തിന്റെ ബ്രേക്ക്, സൈലന്‍സേഴ്‌സ്, ഗിയര്‍, വെളിച്ചം നല്‍കുന്ന ഉപകരണങ്ങള്‍, റിഫ്‌ളെക്‌ടേഴ്‌സ്, സാങ്കേതിക മേന്മ എന്നിവ ഉറപ്പാക്കുവാനുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നതിലും നാഷണല്‍ അതോറിറ്റിയ്ക്ക് വ്യക്തമായ അധികാരമുണ്ടാകും. അപകടങ്ങളില്‍ കുറ്റമാരോപിക്കപ്പെടുന്നവര്‍, അപകടങ്ങളില്‍പ്പെടുന്നവര്‍ എന്നിവയെല്ലാം വേര്‍തിരിച്ച് വ്യക്തതയോടെ കൈകാര്യം ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ 2015 ലെ ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. റോഡ് നിര്‍മാണം, വാഹനനിര്‍മാണം, ടയര്‍ നിര്‍മാണം, സുരക്ഷാ സംവിധാനങ്ങള്‍, അപകടം കൈകാര്യം ചെയ്യല്‍ എന്നിവയ്‌ക്കെല്ലാം വ്യക്തമായ നിബന്ധനകള്‍ക്ക് രൂപം നല്‍കുന്നതില്‍ ബില്‍ വിജയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിംഗ് സ്‌കൂളുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, നിയമങ്ങള്‍ എന്നിവ പഠിക്കേണ്ടതിന്റെ ആവശ്യകത, ഗതാഗത പ്രവൃത്തിപരിചയം എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ബില്ല് പ്രകാരം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പ്രായപരിധി 20 ല്‍ നിന്ന് 19 ആക്കും. ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച് ഒമ്പത് മാസം കഴിഞ്ഞു മാത്രമേ ശരിയായ ലൈസന്‍സ് ലഭ്യമാകൂ. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് കിട്ടുകയുള്ളൂ. നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. മൂന്നുലക്ഷം രൂപവരെ പിഴ ഈടാക്കുവാനുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ചേര്‍ത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുക, ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വണ്ടി ഓടിക്കുക, കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സുമായി വാഹനം ഓടിക്കുക എന്നിവയ്‌ക്കെല്ലാം കനത്ത പിഴയാണ് ചുമത്തിയിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കണ്ടുവരുന്നതുപോലെ നിയമപ്രകാരമുള്ള പിഴ ചുമത്താതിരിക്കാന്‍ ഉദ്യോഗസ്ഥരും പോലീസുകാരും ശ്രമിച്ചാല്‍ അഴിമതിയുടെ തോത് വര്‍ധിക്കുമെന്നതാണ് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയം. നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുമെന്ന വ്യവസ്ഥയെല്ലാം നല്ലതാണ്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെയും മുച്ചക്രവാഹനങ്ങളുടെയും സ്വകാര്യ കാറുകളെയും പിഴിയുവാന്‍ വേണ്ടി നിയമം ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചാല്‍ സാധാരണ ജനം വലയും. നിയമം സുരക്ഷ ഉറപ്പാക്കുവാനാണെന്ന ധാരണ നിയമപാലകര്‍ക്കും ഉണ്ടാകണം. ഹെല്‍മെറ്റിന്റെ പേരില്‍ പോലീസ് നടത്തുന്ന വേട്ട മരണത്തിലേയ്ക്ക് തള്ളിവിട്ട കേസുകള്‍ നിരവധിയാണ്. ആളൊഴിഞ്ഞ വഴികളിലും രാത്രി ഇരുട്ടിന്റെ മറവിലും നിയമം വ്യാഖ്യാനിച്ച് കൂലി വാങ്ങുന്ന പോലീസിന് പുതിയ ബില്ല് അനുഗ്രഹമാകുമെന്നതില്‍ തര്‍ക്കമില്ല. അപകടത്തില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കുമെന്ന ബില്ലിലെ വ്യവസ്ഥ സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കും. ചെലവാകുന്ന തുക ആശുപത്രിക്കാര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍നിന്നും സമയാസമയത്ത് എത്തിച്ചില്ലെങ്കില്‍ ഈ നിയമം പ്രായോഗികമായി അപ്രസക്തമാകും. മത്സരഓട്ടം നടത്തുന്ന പ്രൈവറ്റ് ബസുകളെയും ലോറികളെയും ടിപ്പറുകളെയും രാസവസ്തു കയറ്റിക്കൊണ്ടുപോകുന്ന ടാങ്കറുകളെയും നിയന്ത്രിക്കുവാന്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ പുതിയ ബില്‍ നോക്കുകുത്തിയാകും. മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും അഴിമതിയ്‌ക്കെതിരെ നടപടിയെടുക്കുവാന്‍ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ അപര്യാപ്തമാണ്. നിയമപാലകരുടെ കൈകളാല്‍ യാത്രക്കാരും വാഹന ഉടമകളും പകല്‍ക്കൊള്ളയ്ക്ക് വിധേയമാകാതെ സംരക്ഷിക്കുവാന്‍ സര്‍ക്കാരുകള്‍ക്കാകണം. സമയാസമയങ്ങളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുകയും റോഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും പുതിയ ബില്ലിലെ വ്യവസ്ഥകള്‍ ഇച്ഛാശക്തിയോടെ നടപ്പിലാക്കുകയും ചെയ്താല്‍ റോഡപകടങ്ങളില്‍ പിടഞ്ഞുമരിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.