കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടം”: എരുമേലിയില്‍ യൂണിയന്‍ സമ്മേളനത്തിന് ജീവനക്കാരുടെ കൂട്ട അവധി

Sunday 23 August 2015 10:59 pm IST

എരുമേലി: കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം വരുത്തി സിഐടിയു യൂണിറ്റ് സമ്മേളനത്തിനായി ജീവനക്കാരുടെ കൂട്ട അവധി. എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ ഇന്നലെയാണ് സംഭവം. സിഐടിയു നേതൃത്വം നല്‍കുന്ന കെഎസ്ടിഇയുവിന്റെ എരുമേലി യൂണിറ്റ് സമ്മേളനത്തിനായാണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്തത്. 37 ബസുകളുള്ള എരുമേലിയില്‍ 31 സര്‍വ്വീസുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 15 സിഐടിയു ഡ്രൈവര്‍മാരും അനുബന്ധ കണ്ടക്ടര്‍മാരും മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരുമടക്കമാണ് അവധിയെടുത്തത്. ഡ്രൈവര്‍മാരെ കൂടാതെ സാധാരണ ലീവുള്ള മൂന്നുപേരും ദീര്‍ഘനാളത്തെ ലീവുള്ള 3 പേരുമുള്‍പ്പെടെ 21 ഡ്രൈവര്‍മാരാണ് ലീവിലുള്ളത്. എന്നാല്‍ സ്വകാര്യ ബസുകള്‍ക്ക് പകരമായി ഓടുന്ന ടേക്ക് ഓവര്‍-ഓര്‍ഡിനറി അടക്കം 10 സര്‍വ്വീസുകള്‍ അയച്ചുവെങ്കിലും ജീവനക്കാരുടെ അവധിയുടെ പേരില്‍ 21 സര്‍വ്വീസുകളാണ് മുടങ്ങിയത്. എരുമേലി കെഎസ്ആര്‍ടിസി സെന്ററില്‍ മികച്ച വരുമാനം ലഭിക്കുന്ന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതിലൂടെ ഇന്നലെ മാത്രം രണ്ടുലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടമാണുണ്ടായിരിക്കുന്നത്. അംഗീകൃത ട്രേഡ്‌യൂണിയനുകളില്‍പ്പെട്ട ജീവനക്കാര്‍ രേഖാമൂലം അവധി ആവശ്യപ്പെട്ടാല്‍ അവധി നല്‍കണമെന്നാണ വ്യവസ്ഥ. എന്നാല്‍ അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകരം സര്‍വ്വീസ് നടത്താന്‍ മറ്റ് ജീവനക്കാരെ നിയമിക്കേണ്ടത് ഐസിയോ എടിഒയാണ്. അവധി ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് മുഴുവനും ഐസി അവധി നല്‍കിയെങ്കിലും സര്‍വ്വീസിനായി ജീവനക്കാരെ നിയമിക്കാതിരിക്കുന്നതാണ് സര്‍വ്വീസുകള്‍ മുടങ്ങാന്‍ കാരണമായത്. എന്നാല്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടേയും കുറവുമൂലം മറ്റ് നിരവധി സര്‍വ്വീസുകള്‍ എരുമേലിയില്‍ മുടങ്ങിയിട്ട് മാസങ്ങളായി. ഇക്കാര്യവും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 18ഓളം ഡ്രൈവര്‍മാരും അത്രതന്നെ കണ്ടക്ടര്‍ എന്നിവരുടെ കുറവുള്ളപ്പോഴാണ് സിഐടിയുക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് കെഎസ്ആര്‍ടിസിയെ വന്‍നഷ്ടത്തിലേക്ക് തള്ളിവിട്ടത്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്ക് എന്നീ മൂന്നു വിഭാഗങ്ങളുടെ ഓഫീസര്‍മാര്‍ മൂന്നുപേരായതിനാല്‍ ജീവനക്കാരുടെ യൂണിയന്‍ ജീവനക്കാര്‍ തമ്മിലുള്ള ശത്രുത അടക്കം പ്രതിസന്ധികളും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് ജീവനക്കാര്‍തന്നെ പറയുന്നത്. ഓണാഘോഷത്തിരക്ക് കണക്കിലെടുത്ത് തിരക്ക് കൂടുന്ന സമയത്ത് ജീവനക്കാര്‍ കൂട്ട അവധിയെടുത്തതും കെഎസ്ആര്‍ടിക്ക് വന്‍നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സിഐടിയു യൂണിയന്‍ സമ്മേളനത്തിന്റെ പേരില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുക്കുന്നത് ആദ്യമല്ലെങ്കിലും ഇത്രയേറെ സര്‍വ്വീസുകള്‍ മുടങ്ങുന്നത് ആദ്യമാണ്. എന്നാല്‍ 150ലധികം വരുന്ന ജീവനക്കാരുള്ള എരുമേലി കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ കുറവുമൂലം ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. സിഐടിയു ജീവനക്കാരുടെ കൂട്ട അവധി വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.