കണ്ണൂര്‍: ബംഗളുരുവിലെ അഗ്രഹാര ജയിലില്‍ കഴിയുന്ന ലഷ്കര്‍ ഭീകരന് തടിയന്റവിട നസീറിനെ രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബംഗളുരു സ്ഫോടനക്കേസ് പ്രതി സര്‍ഫ്രാസ് നവാസിനു രഹസ്യ സന്ദേശമടങ്ങിയ കത്തെഴുതിയ കേസിലാണ് നസീറിനെ കോടതിയില്‍ ഹാജരാക്കിയത്.
നാളെ വൈകിട്ടുവരെയാണ് നസീറിനെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ടൗണ്‍ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 28ന് ബംഗളുരുവില്‍ കേസുണ്ടെന്നും കസ്റ്റഡിയില്‍ വിടരുതെന്നും നസീര്‍ കോടതിയെ ബോധിപ്പിച്ചു. പോലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നുമുള്ള പരാതി മജിസ്ട്രേറ്റിന് എഴുതി നല്‍കുകയും ചെയ്തെങ്കിലും കോടതി അംഗീകരിച്ചില്ല..
കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷണക്കേസ് പ്രതി റിയാസ് മുഖേന നവാസിനു കത്ത് നല്‍കാനായിരുന്നു നസീറിന്റെ പദ്ധതി. റിയാസിന്റെ പക്കല്‍ നിന്നാണു പോലീസ് കത്ത് കണ്ടെടുത്തത്. രാജ്യദ്രോഹ കുറ്റത്തിനാണു ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: