സിപിഎം ചങ്ങല പൊളിഞ്ഞ സംഭവം; പാര്‍ട്ടിഅംഗങ്ങള്‍ കൂട്ടരാജിയിലേക്ക്

Monday 24 August 2015 10:30 am IST

ശാസ്താംകോട്ട: സിപിഎം പ്രവര്‍ത്തകരുടെ കുറവ് മൂലം ചവറയില്‍ പാര്‍ട്ടിയുടെ പ്രതിരോധസമരം പൊളിഞ്ഞതിനെതിരെ ജില്ലാ കമ്മിറ്റിയുടെ രൂക്ഷവിമര്‍ശനം. ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ചവറ പാലം മുതല്‍ കൊല്ലത്തേക്ക് രണ്ട് കിലോമീറ്റര്‍ ദൂരത്ത് ആഗസ്റ്റ് 11ന് നടന്ന സമരത്തില്‍ അണിനിരക്കേണ്ടിയിരുന്നത്. ആയിരം പേരെ പങ്കെടുപ്പിക്കാനായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തത് അമ്പതില്‍ താഴെ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകരെ കൊണ്ടുപോകേണ്ട പതിനഞ്ചോളം വാഹനങ്ങള്‍ ആളില്ലാതെ കൊടി കെട്ടി പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചവറ പാലം മുതല്‍ ഒന്നര കിലോമീറ്റര്‍ ദൂരം ചങ്ങല പൊട്ടി. ഇതിനെ അതീവഗൗരവമായി കണ്ട സിപിഎം ജില്ലാ കമ്മിറ്റി കുന്നത്തൂര്‍ ഏരിയാ കമ്മിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കല്‍ കമ്മിറ്റി അടിയന്തിരമായി വിളിച്ചുകൂട്ടി ഏരിയാഘടകത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയില്‍ അഞ്ചുപേര്‍ മാത്രമാണ് ഏരിയാകമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തിരകമ്മിറ്റിയില്‍ പങ്കെടുത്തത്. പങ്കെടുത്തവരാകട്ടെ എല്‍സി സെക്രട്ടറി ഇസഡ്.ആന്റണിയെ അധിക്ഷേപിച്ച് ഇറങ്ങിപ്പോയി. സമരത്തിനായി പ്രവര്‍ത്തകരെ നേരില്‍ കാണാനോ പങ്കെടുപ്പിക്കാനോ എല്‍സി സെക്രട്ടറി സമയം കണ്ടെത്തിയില്ലെന്നായിരുന്നു അംഗങ്ങള്‍ ഏരിയാ സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം. പരിപാടി ദിവസം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ഒപ്പം പോകാതെ സെക്രട്ടറി ഒറ്റക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു എന്നും ആരോപണമുണ്ടായി. എന്നാല്‍ ഔദ്യോഗികപക്ഷത്തെ വെട്ടിനിരത്തി വിഎസ് പക്ഷക്കാരുടെ പിന്തുണയോടെയാണ് പാര്‍ട്ടി ജില്ലാസെക്രട്ടറിയേറ്റംഗം സോമപ്രസാദ്, ആന്റണിയെ സെക്രട്ടറിയാക്കി ഇവിടെ ലോക്കല്‍ കമ്മിറ്റി രൂപികരിച്ചത്. പ്രവര്‍ത്തകരുടെ ഇടയില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കിയ ഈ സംഭവത്തിന് ശേഷം ഇവിടെ സംഘടനാപ്രവര്‍ത്തനം നടക്കുന്നില്ലെന്ന് എല്‍സി അംഗങ്ങള്‍ ആരോപിച്ചു. പ്രവര്‍ത്തകരുടെ നിര്‍ജീവാവസ്ഥയും കൊഴിഞ്ഞുപോക്കും പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരുകാലത്ത് സിപിഎമ്മിന്റെ ജില്ലയിലെ ശക്തികേന്ദ്രമായ ശാസ്താംകോട്ടയില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വയ്ക്കുകയാണിപ്പോള്‍. ഇതിനകം പലരും മറ്റ് സംഘടനകളിലേക്ക് ചേക്കേറി കഴിഞ്ഞു. എന്നാല്‍ ആഗസ്റ്റ് 11ലെ പരിപാടി നടത്തിപ്പിന്റെ പേരിലുള്ള പിരിവില്‍ കുറവൊന്നും കാണിച്ചിട്ടില്ലെന്നു അംഗങ്ങള്‍ ആരോപിച്ചു. ഒരുലക്ഷത്തോളം രൂപ സെക്രട്ടറി പിരിച്ചെടുത്തിട്ടുണ്ടെന്നും വാഹനവാടകയായി 25000 മാത്രമെ ചിലവായിട്ടുള്ളൂ എന്നും ബാക്കി തുകക്ക് കണക്കില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.