റഷ്യ ഇന്ത്യയ്ക്ക് ആണവ മുങ്ങിക്കപ്പല്‍ നല്‍കും

Friday 1 July 2011 3:04 pm IST

മോസ്കോ : ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് ആണവ മുങ്ങിക്കപ്പല്‍ നല്‍കുമെന്ന് റഷ്യ അറിയിച്ചു. ടോര്‍പിഡൊകളും ക്രൂയിസ് മിസൈലുകളും വഹിക്കാന്‍ കഴിയുന്ന നേര്‍പ മുങ്ങിക്കപ്പലാണ് ഇന്ത്യയ്ക്കു കൈമാറുകയെന്ന് റഷ്യന്‍ നാവിക സേന മേധാവി അഡ്മിറല്‍ വ്ളാഡിമര്‍ വ്യസ്റ്റോസ്കി അറിയിച്ചു. ഏറെ നാളായി ഇന്ത്യയ്ക്ക് യുദ്ധോപകരണങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ റഷ്യ കാലതാമസം വരുത്തുകയാണ്. ഗോര്‍ഷ്‌കോവ് വിമാനമടക്കം ഇന്ത്യ ഓര്‍ഡര്‍ നല്‍കിയ പല യുദ്ധോപകണങ്ങളും റഷ്യ ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടെയാണ് നേര്‍പയുടെ കൈമാറ്റത്തിന്റെ കാര്യം റഷ്യ അറിയിച്ചത്. നേര്‍പ മുങ്ങിക്കപ്പലുകള്‍ക്ക് 600 മീറ്റര്‍ ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 100 ദിവസം കടലില്‍ മുങ്ങിക്കിടക്കാന്‍ ശേഷിയുള്ള കപ്പലില്‍ 73 നാവികരെ ഉള്‍ക്കൊള്ളാം. 1991ല്‍ ആരംഭിച്ച നേര്‍പയുടെ നിര്‍മാണം പദ്ധതി സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ തടസപ്പെടുകയായിരുന്നു. ഒടുവില്‍ 2008ലാണ് മുങ്ങിക്കപ്പല്‍ പ്രവര്‍ത്തന സജ്ജമായത്. 2008 നവംബറില്‍ പരീക്ഷണ യാത്രയ്ക്കിടെ കപ്പലിനുള്ളില്‍ വിഷവാതകം ചോര്‍ന്ന് 20 പേര്‍ മരിച്ചിരുന്നു.