സിപിഎമ്മില്‍ വിഭാഗീയത കത്തുന്നു; വിഎസിന് സുധാകരന്റെ രൂക്ഷവിമര്‍ശനം

Monday 24 August 2015 10:53 pm IST

ആലപ്പുഴ: പാര്‍ട്ടിയില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന സിപിഎം കേന്ദ്രകമ്മറ്റിയുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി. എസ്. അച്യൂതാനന്ദന് പൊതുവേദിയിയില്‍ സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന്റെ രൂക്ഷ വിമര്‍ശനം. സിപിഎമ്മിലെ അതിരൂക്ഷമായ വിഭാഗീയത വെളിവാക്കുന്നതാണ് ഔദ്യോഗിക പക്ഷത്തെ പ്രമുഖനായ സുധാകരന്റെ, വിഎസ് വിമര്‍ശനങ്ങള്‍. സുധാകരന്റെ എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പറവൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അച്യുതാനന്ദന്‍ വിസമ്മതിച്ചാണ് വീണ്ടും സിപിഎമ്മിലെ വിഭാഗീയത മറനീക്കാന്‍ കാരണം. ഇന്നലെ രാവിലെ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ തൊട്ടടുത്ത് പറവൂരിലെ വേലിക്കകം വീട്ടില്‍ അച്യുതാനന്ദന്‍ ഉണ്ടായിരുന്നു. എന്നാല്‍ സുധാകരന്‍ തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വിഎസ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിഎസിന്റെ കെയറോഫിലല്ല ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയത്. വിഎസിന്റെ അടുത്ത് കൊതിയും നുണയും ഏഷണിയും പറയാന്‍ പോയിട്ടില്ല. പാര്‍ട്ടിയില്‍ പ്രമോഷന് വേണ്ടി വിഎസിന്റെ കാല് പിടിക്കാന്‍ പോയിട്ടില്ല. ഇപ്പോള്‍ പിടിച്ചിട്ടും വലിയ കാര്യമില്ലെന്നും ജി. സുധാകരന്‍ ഉദ്ഘാടന യോഗത്തില്‍ ആഞ്ഞടിച്ചു. ഈ പറഞ്ഞതിന്റെ പേരില്‍ ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കുഴപ്പമില്ല. വിഎസിന് താല്‍പര്യമില്ലെന്നു കരുതി ആത്മഹത്യയ്ക്ക് താനില്ല, താന്‍ എംഎല്‍എ ആയത് വിഎസിന്റെ തണലിലല്ല, പൂര്‍വ വിദ്യാലയത്തിലെ ചടങ്ങിന് വിഎസിനെ നേരത്തെ ക്ഷണിച്ചിരുന്നു. കഴിഞ്ഞയാഴ്ച തന്നെ വിളിച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ വിഎസിന് താല്‍പ്പര്യമില്ലെന്ന് അറിയിച്ചു. നേതാവിന്റെ ഇഷ്ടങ്ങള്‍ നടക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു. എന്റെ വാര്‍ഡില്‍ സിപിഎം തോറ്റിട്ടില്ല. വിഎസിന്റെ വാര്‍ഡില്‍ 200 വോട്ടിന് തോറ്റിട്ടുണ്ടെന്നും സുധാകരന്‍ പരാമര്‍ശിച്ചു. ഞായറാഴ്ച തന്റെ പക്ഷക്കാരനായ സി. കെ. സദാശിവന്‍ എംഎല്‍എയുടെ മണ്ഡലത്തിലെ രണ്ടു പരിപാടികളില്‍ വിഎസ് പങ്കെടുത്തിരുന്നു. അതിനുശേഷം വൈകിട്ട് പുന്നപ്രയിലെ വീട്ടിലെത്തിയ വിഎസ് ഇന്നലെ ഉച്ചവരെ വീട്ടിലുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് വിഎസ് പക്ഷക്കാര്‍ക്ക് ഇപ്പോഴും നല്ല സ്വാധിനമുള്ള കുട്ടനാട്ടിലും രണ്ടു പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. ഈ സാഹചര്യത്തിലാണ് സ്വന്തം നാട്ടില്‍ സുധാകരന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിഎസ് വിട്ടുനിന്നത്. വീടിനു തൊട്ടടുത്ത ഈ സ്‌കൂളിലാണ് വിഎസ് പഠിച്ചതും. ഇവിടെയുള്ള പോളിങ് ബൂത്തിലാണ് വിഎസ് പതിവായി വോട്ടു ചെയ്യുന്നതും. വിഎസിന് സ്‌കൂളുമായുള്ള ബന്ധം മുന്‍നിര്‍ത്തിയാണ് കെട്ടിടം ഉദ്ഘാടനത്തിന് അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ സുധാകരന്‍ ശ്രമിച്ചത്. താനുമായി വിഎസിന് ഇപ്പോഴും നല്ല ബന്ധമാണുള്ളതെന്ന് ഇതുവഴി വരുത്തിത്തീര്‍ക്കാനും സുധാകരന് കഴിയുമായിരുന്നു. പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ വി.എസ്. അച്യുതാനന്ദനായിരിക്കും ഉദ്ഘാടകനെന്ന് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പത്രത്തില്‍ വിഎസാണ് ഉദ്ഘാടകനെന്ന് വാര്‍ത്തയും വന്നു. പക്ഷേ ചടങ്ങില്‍ പങ്കെടുക്കാന്‍ വിഎസ് തയാറാകാതിരുന്നതോടെ സുധാകരന്റെ പദ്ധതികളെല്ലാം പാളി, ഇതാണ് പൊതുവേദിയില്‍ വിഎസിനെ തള്ളിപ്പറയാന്‍ സുധാകരനെ നിര്‍ബന്ധിതനാക്കിയത്. ഏറെക്കാലം വിഎസ് പക്ഷത്തായിരുന്ന സുധാകരന്‍ വിഎസിനെ തള്ളിപ്പറഞ്ഞ് ഔദ്യോഗിക പക്ഷത്ത് ചേക്കേറുകയായിരുന്നു. ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനിടെ വിഎസിനെ പൊക്കിക്കൊണ്ടു നടക്കുന്നവര്‍ കള്ളുകുടിയന്‍മാരാണെന്ന സുധാകരന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. സംസ്ഥാന സമ്മേളനം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയ വിഎസിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് തന്റെ അനുകൂലികള്‍ സംഘടിപ്പിച്ച പൊതുപരിപാടികളില്‍ വിഎസ് പങ്കെടുത്തതിനെതിരെയും സുധാകരന്‍ പരസ്യനിലപാട് സ്വീകരിച്ചിരുന്നു. വിഎസിനെ നിരന്തരം അവഹേളിക്കുന്ന സാഹചര്യത്തില്‍ സുധാകരനോട് അടുത്ത തെരഞ്ഞെടുപ്പുകളില്‍ വിഎസ് പക്ഷം കണക്കുതീര്‍ക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. ഇന്നലത്തെ പ്രസംഗത്തില്‍ തോല്‍വിയെ കുറിച്ച് സുധാകരന്‍ പരാമര്‍ശിച്ചതും ഈ സാഹചര്യത്തിലാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും സിപിഎമ്മില്‍ വിഭാഗീയത ആളിക്കത്തുകയാണ്. പാര്‍ട്ടിയില്‍ വീണ്ടും വെട്ടിനിരത്തലിനും കാലുവാരലിനും ഇതോടെ കളമൊരുങ്ങി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.