വാതക പൈപ്പ് ലൈന്‍ കേരളത്തിന്റെ സ്വപ്നപദ്ധതി: ചീഫ് സെക്രട്ടറി

Monday 24 August 2015 8:04 pm IST

കൊച്ചി:കേരളത്തിന്റെയും തന്റെയും സ്വപ്നപദ്ധതിയാണ് കൊച്ചി-മംഗലാപുരം-ബെംഗലൂര്‍ വാതകപൈപ്പ് ലൈനെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പദ്ധതിയുടെ ഉന്നതാധികാര സമിതിയോഗത്തില്‍ അഭിപ്രായപ്പെട്ടു. വൈകാതെ കേരളത്തിന്റെ മറ്റു പ്രദേശങ്ങളില്‍ക്കൂടി പൈപ്പ്‌ലൈന്‍ യാഥാര്‍ത്ഥ്യമാക്കി ഇതിന്റെ ഗുണം സംസ്ഥാനമാകെ വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് കേരളത്തിന് ഗുണപ്രദമായ ഒരു പദ്ധതിയുടെ നെടുനായകത്വം വഹിക്കണമെന്നാണ് ആഗ്രഹം. കേരളത്തിന്റെ വികസനക്കുതിപ്പായി മാറാനിരിക്കുന്ന പദ്ധതിയാണ് വാതക പൈപ്പ്‌ലൈന്‍ പദ്ധതി. വിഴിഞ്ഞം പദ്ധതിയേക്കാളും കൊച്ചിമെട്രോയേക്കാളുമെല്ലാം സംസ്ഥാനത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുക വാതക പൈപ്പ്‌ലെന്‍ പദ്ധതിയായിരിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പാചകവാതകത്തിന്റെ ലഭ്യതയുള്‍പ്പെടെ വര്‍ധിക്കും. അവയുടെ വിതരണച്ചെലവ് ഗണ്യമായി കുറയും. ഇതിന്റെ ഗുണം സാധാരണക്കാര്‍ക്കാണ് ലഭിക്കുക. കൂടാതെ വാതക വിതരണ വാടക വഴി 1200 മുതല്‍ 1500 കോടി രൂപ വരെ പ്രതിവര്‍ഷം പൊതുഖജനാവിലേക്ക് പുതുതായി ലഭിക്കും. വാതകക്കുഴല്‍ അപകടം വരുത്തുമെന്ന പ്രചാരണം ശരിയല്ലെന്ന് ജിജി തോംസണ്‍ ചൂണ്ടിക്കാട്ടി. സാന്ദ്രീകൃത പ്രകൃതിവാതകമാണ് പൈപ്പ്‌ലൈന്‍ വഴി കടത്തിക്കൊണ്ടുപോകുക. ഇതില്‍ അപകട സാധ്യത തീരേയില്ല. കേരളത്തിനൊപ്പം പദ്ധതിയുടെ ചര്‍ച്ച ആരംഭിച്ച ഗുജറാത്തില്‍ 2004 ല്‍ പദ്ധതി യാഥാര്‍ത്ഥ്യമായി. ഡല്‍ഹിയിലും മുംബൈയിലും കേരളത്തേക്കാള്‍ ജനസാന്ദ്രതയുള്ള മേഖലയില്‍ കൂടി പൈപ്പ്‌ലൈന്‍ കടന്നുപോകുന്നുണ്ട്. ഗെയില്‍ ജനറല്‍ മാനേജര്‍ എന്‍ എസ് കുമാര്‍ അധ്യക്ഷനായിരുന്നു. പദ്ധതി പ്രദേശത്തെ ഡെപ്യൂട്ടി കലക്ടര്‍മാര്‍, നോഡല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.