ഓണാഘോഷത്തിന് കൊടിയേറി

Monday 24 August 2015 11:28 pm IST

വച്ചോ വെടി… കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഓണപ്പതാകയും വഹിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്രയില്‍ പങ്കെടുത്ത പുലികള്‍

തിരുവനന്തപുരം: വിനോദ സഞ്ചാരവകുപ്പിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നടക്കുന്ന ഓണം വാരാഘോഷത്തിന് തുടക്കമായി. നവീകരിച്ച് സുന്ദരിയായ കനകക്കുന്ന് കൊട്ടാരത്തിലെ അങ്കണത്തില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഓണപതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വ്വഹിച്ചു. ഇനി പത്തുനാള്‍ രാവും പകലും അറിയാതെ നഗരത്തില്‍ ഓണക്കാലം.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 4.30ന് കൗണ്‍സില്‍ ഓഫീസിനു മുന്നില്‍ നിന്ന് ഓണപതാകയും വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ആരംഭിച്ചു. ഓണാഘോഷസമിതി ചെയര്‍മാന്‍ പാലോട് രവി എംഎല്‍എ ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. ഓണവരവ് അറിയിച്ചുകൊണ്ട് മഹാബലിയും വാമനനും കാളവണ്ടിയില്‍ ഘോഷയാത്രയെ അനുഗമിച്ചു. അശ്വാരൂഢസേന, കളരി-കരാട്ടെ സംഘങ്ങള്‍, റോളര്‍സ്‌കേറ്റിംഗ്, മുത്തുക്കുടയേന്തിയ പെണ്‍കുട്ടികള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ തുടങ്ങിയവ ഘോഷയാത്രക്ക് അകമ്പടിയേകി. വിളംബര ഘോഷയാത്ര കനകക്കുന്നില്‍ എത്തിയതോടെ ഓണപതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വി. മുരളീധരന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി കമലവര്‍ദ്ധനറാവു, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മമിനിതോമസ്, ഷേക്പരീത് തുടങ്ങിയവര്‍ സംസാരിച്ചു. ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഇന്നുമുതല്‍ ഒരാഴ്ചക്കാലം 25 വേദികളില്‍ വിവിധ കാലാസാംസ്‌ക്കാരിക പരിപാടികള്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.