ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ഭരണിക്കാവ്

Tuesday 25 August 2015 10:41 am IST

കുന്നത്തൂര്‍: അധികൃതരുടെ പിടിപ്പുകേട് മൂലം ഭരണിക്കാവില്‍ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പായില്ല. ഇതോടെ നഗരം കുരുക്കിലകപ്പെട്ടു. പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചതിന്റെ ഫലമായി ജനങ്ങള്‍ക്ക് കിട്ടിയത് ഇന്ധനനഷ്ടവും സമയനഷ്ടവും മാത്രം. ടൗണില്‍ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിച്ചത് രണ്ട് ദിവസം മാത്രം. അശാസ്ത്രീയമായി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ മൂലം നഷ്ടമായത് വിലപ്പെട്ട ഒരു ജീവനും. ടൗണിലെ ഓട്ടോ, ടാക്‌സി സ്റ്റാന്റുകള്‍ പുനര്‍നിര്‍ണയിക്കാത്തതിനാലും വ്യാപാരസ്ഥാപനങ്ങളുടെ അനധികൃത ഇറക്കുകള്‍ പൊളിച്ചുമാറ്റാത്തതിനാലും സിഗ്നലുകള്‍ പ്രവര്‍ത്തിപ്പിച്ചത് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ ഇടയാക്കി. അതിനെത്തുടര്‍ന്ന് സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുകയായിരുന്നു. ബാനറുകളും ഫഌക്‌സുകളും സ്ഥാപിക്കാനുള്ള തൂണുകളായാണ് ഇപ്പോള്‍ ഇവ ഉപയോഗിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാനായി നിര്‍മ്മിച്ച ട്രാഫിക് ഐലന്‍ഡ് രാഷ്ട്രീയനേതാക്കളുടെ പ്രസംഗവേദിയായി. ദശലക്ഷക്കണക്കിന് രൂപ ചെലവഴിച്ച്, പത്ത് വര്‍ഷത്തിലധികം സമയമെടുത്ത് നിര്‍മ്മിച്ച പഞ്ചായത്ത് ടൗണ്‍ ബസ് സ്റ്റാന്റിന്റെ അവസ്ഥ ഏറെ ദയനീയമാണ്. രണ്ട് മാസം പ്രവര്‍ത്തിപ്പിച്ച് ടൗണിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായിരുന്ന സ്റ്റാന്റിന്റെ പ്രവര്‍ത്തനവും ചില മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്വകാര്യബസ് ലോബിയും ബസ് മുതലാളിമാരായ ചില വ്യാപാരികളും അവരുടെ ശിങ്കിടികളായ രാഷ്ട്രീയക്കാരും ചേര്‍ന്നാണ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം അട്ടിമറിച്ചതെന്നാണ് ആരോപണം. ഇതിനിടെ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്നലെ കൂടിയ യോഗത്തില്‍ എല്ലാ ബസുകളും സ്റ്റാന്റില്‍ കയറണമെന്ന് തീരുമാനിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.