പെരുമാട്ടിയില്‍ സി.പി.എം-ജനതാദള്‍ സംഘര്‍ഷം. ബോംബേറ്

Tuesday 25 August 2015 12:25 pm IST

ചിറ്റൂര്‍: പെരുമാട്ടിയില്‍ സിപിഎം-ജനതാദള്‍ എസ് സംഘര്‍ഷം. ബോംബേറും വീടുകള്‍ക്ക് നേരെ അക്രമണവുമുണ്ടായി. വാഹനങ്ങളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പെരുമാട്ടി പഞ്ചായത്തിലെ കന്നിമാരി, കല്ലന്‍ത്തോട്, കല്ല്യാണപേട്ട എന്നിവിടങ്ങളില്‍ സിപിഎം, ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ വീടിനുനേരെ പരക്കേ അക്രമമുണ്ടായി. ജനതാദള്‍ എസ് പ്രവര്‍ത്തകരുടെ മൂന്ന് വീടിന് നേരെ അക്രമമുണ്ടായി. രണ്ട് സിപ.എം പ്രവര്‍ത്തകരുടെ വീടിനുനേരെയും അക്രമമുണ്ടായി. സി.പി.എം പ്രവര്‍ത്തകരുടെ വാഹനങ്ങളും തല്ലിത്തകര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സി.പി.എം-ജനതാദള്‍ എസ് സംഘര്‍ഷത്തിന് വഴിവെച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അയവുവന്ന സംഘര്‍ഷത്തിന് വീണ്ടും തുടക്കമായി. വെള്ളിയാഴ്ച കോരിയാര്‍ ചള്ളയിലെ ജനതാദള്‍ എസ് പ്രവര്‍ത്തകന്‍ മണിയെന്ന കിട്ടുവിന്റെ വീടിനു മുമ്പിലെ ഇലക്ട്രിക് പോസ്റ്റില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ എഴുതാന്‍ ശ്രമിച്ചിരുന്നു. കിട്ടു ഇത് തടയുകയും സ്വന്തമായി പണം കൊടുത്ത് സ്ഥാപിച്ച പോസ്റ്റാണെന്ന് പറയുകയും ചെയ്തതിനെത്തുടര്‍ന്ന് ഇരുകൂട്ടരും വാക്കേറ്റം നടന്നു. പിന്നീട് സി.പി.എം കല്ലന്‍തോട് ബ്രാഞ്ച് സെക്രട്ടറി ശശിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരവും കണ്ടിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഒരു സംഘം പ്രവര്‍ത്തകര്‍ ശശിയുടെ കല്ലന്‍തോടിലെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും വീടിനു മുന്നില്‍ ഇയാള്‍ ഓടിച്ചിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മാരാകായുധങ്ങള്‍ ഉപയോഗിച്ച് കാറില്‍ വെട്ടുകയും ചെയ്തു. തുടര്‍ന്ന് ജനതാദള്‍ എസ് പ്രവര്‍ത്തകരായ ആറുമുഖന്‍, മുരുകന്‍കുട്ടി, മണി എന്നിവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായി. കൃഷ്ണപ്രസാദ്, സഹോദരന്‍ കൃഷ്ണകൃപാല്‍ എന്നിവരുടെ വീടിന് നേരെ ഒരു സംഘം അക്രമം നടത്തി ജനല്‍ചില്ലുകളും ആസ്ബറ്റോസ് ഷീറ്റും തല്ലിതകര്‍ത്തു. ഇതേസമയം എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി കിരണ്‍ദാസിന്റെ കന്നിമാരിയിലെ വീടിനു നേരെ സോഡാകുപ്പി എറിഞ്ഞു. സംഭവസ്ഥലത്ത് മീനാക്ഷീപുരം പോലിസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.