കുടുംബശ്രീ ഓണച്ചന്തകളില്‍ വില്‍പ്പന മുക്കാല്‍ കോടി കവിഞ്ഞു

Tuesday 25 August 2015 2:02 pm IST

കോഴിക്കോട്: ജില്ലയിലെ കുടുംബശ്രീ ഓണച്ചന്തകളിലെ വില്‍പന മുക്കാല്‍ക്കോടി കവിഞ്ഞു. ഇന്നലെ വൈകീട്ട് വരെ കുടുംബശ്രീ ഓണച്ചന്തകളിലെ വില്പനയാണിത്. ജില്ലയിലെ 75 പഞ്ചായത്തുകളിലും കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ തലങ്ങളിലും കുടുംബശ്രീ ചന്തകള്‍ സജീവമായിട്ടുണ്ട്. തനിമയും പരിശുദ്ധിയുള്ള ഉല്പന്നങ്ങള്‍ തേടി ഒട്ടേറെ ആളുകളാണ് കുടുംബശ്രീ ചന്തകളിലെത്തുന്നത്. കുടുംബശ്രീ ജെഎല്‍ജികളില്‍ ഉല്‍പ്പാദിപ്പിച്ച നാടന്‍ പച്ചക്കറികളും മറ്റ് സംരംഭകരുടെ തനത് ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഭക്ഷ്യസുരക്ഷയും സ്വാശ്രയത്വവും എന്ന പ്രമേയത്തിലൂന്നിയാണ് കുടുംബശ്രീയുടെ ഓണച്ചന്തകള്‍ ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കൂവപ്പൊടി, ഈന്തുപൊടി, പനമ്പൊടി, വിവിധ തരം അച്ചാറുകള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്. ഇതിനുപുറമെ വിവിധ തരം ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, എന്നിവയും ഔഷധക്കൂട്ടുകളും ചന്തയില്‍ വ്യാപകമായി വിറ്റുപോകുന്നു. പല സ്ഥലങ്ങളിലും ഓണച്ചന്തയോടനുബന്ധിച്ച് വിവിധ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ചില പഞ്ചായത്തുകളില്‍ സമ്മാനപദ്ധതികളും മറ്റും ഏര്‍പ്പെടുത്തി ഓണച്ചന്ത ആകര്‍ഷകമാക്കാനുള്ള ശ്രമങ്ങളും തദ്ദേശസ്ഥാപനഭരണസമിതികളുടേയും മറ്റും നേതൃത്വത്തില്‍ നടന്നുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.