അനധികൃത നിലം നികത്തലിന് ആര്‍ഡിഒയുടെ ഒത്താശയെന്ന്

Tuesday 25 August 2015 9:18 pm IST

ചെങ്ങന്നൂര്‍: അനധികൃതമായി നിലം നികത്താന്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ചെങ്ങന്നൂര്‍ ആര്‍ഡിഒയുടെ അനുമതി. ചെങ്ങന്നൂര്‍ താലൂക്കിലെ പുലിയൂര്‍ വില്ലേജ് ഓഫീസിന് സമീപം ബ്ലോക്ക് നമ്പര്‍ ഒന്‍പതില്‍പ്പെട്ട 12.65 ആര്‍സ് നിലം നികത്തുവാനാണ് ആര്‍ഡിഒ രേഖാ മൂലം അനുമതി നല്‍കിയിരിക്കുന്നത്. പുലിയൂര്‍ പടിഞ്ഞാറെ പറമ്പില്‍ ബിന്‍സ് ഭവനത്തില്‍ ബിന്‍സ് യേശുദാസ് എന്ന വ്യക്തി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തുലാക്കുഴി പടനിലം പാശേഖരത്തിന്റെ ഭാഗമായിട്ടുളള നിലം മണ്ണിട്ട് നികത്തുവാനുള്ള ഉത്തരവ് ആര്‍ഡിഒ ജി.രമാദേവി നല്‍കിയിരിക്കുന്നത്. സ്വന്തമായി വീടും പുരയിടവുമുള്ള ബിന്‍സ് യേശുദാസിന് യാതൊരു അന്വേഷണവും നടത്താതെ നിലം മണ്ണിട്ട് നികത്തുവാനുളള അനുമതി നല്‍കിയതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിയമപ്രകാരം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷനും കൃഷി ഓഫീസര്‍ കണ്‍വീനറുമായുള്ള പ്രാദേശിക നിരീക്ഷണ സമിതിക്ക് നിലം ഉടമ അപേക്ഷ നല്‍കുകയും ഈ അപേക്ഷ പരിഗണിച്ച് സമിതി അന്വേഷണം നടത്തി ജില്ലാ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണം. എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്ന് കൃഷി ഓഫീസര്‍ പറയുന്നു. അനധികൃതമായി നിലം നികത്തില്‍ ശ്രദ്ധയില്‍പ്പെട്ട കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും, നിലം നികത്തുന്നത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഡിഎമ്മിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നിലം നികത്തലിന് വഴിവിട്ട് സഹായം ചെയ്യുകയും മണ്ണ് മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു എന്ന് ആരോപിച്ച് ആര്‍ഡിഒയ്ക്ക് എതിരെ നാട്ടുകാരും, കര്‍ഷകരും മാസ് പെറ്റീഷന്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതിഷേധിച്ചവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ബിന്‍സ് യേശുദാസിന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിലധികം വീടും പുരയിടവുമുളളതായി നാട്ടുകാര്‍ പറയുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഈ പാടത്ത് മണ്ണടിച്ച് നികത്താന്‍ അനുമതി നല്‍കിയതെങ്കിലും രാപ്പകല്‍ വ്യാത്യാസമില്ലാതെയാണ് നിലം നികത്തില്‍ തകൃതിയായി നടക്കുന്നത്. കുട്ടനാട് മാതൃകയില്‍ ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് ബണ്ട് നിര്‍മ്മിച്ച് ഇതില്‍ തെങ്ങുകളും കമുകും നട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.