ഓണം നിനക്കെന്താണ്, എനിക്കിങ്ങനെയാണ്....

Tuesday 25 August 2015 10:18 pm IST

ഓണം നിനക്കെന്താണ്? അവന്‍ ചോദിച്ചു. എനിക്കു പുത്തനുടുപ്പാണ്, അതിന്റെ മണമാണ്, നിനക്കോ. എനിക്ക് പൂക്കളുടെ കൂമ്പാരമാണ്, സുഗന്ധമാണ്. നിങ്ങള്‍ക്കോ? അങ്ങനെയാണ് ആ ചങ്ങാതിക്കൂട്ടത്തിന്റെ ചര്‍ച്ച തുടങ്ങിയത്. അവര്‍ ഓരോന്നു പറഞ്ഞു തുടങ്ങി- അവരവരുടെ ഓണത്തെക്കുറിച്ച്, പോയകാലത്തെക്കുറിച്ച്... എനിക്ക് ഉപ്പേരിയാണ്. അതെയതെ ശര്‍ക്കരപുരട്ടിയാണ്. അപ്പോള്‍ ചീടയോ? ഗോട്ടിപോലെ? അരിമുറുക്കോ, പക്കാവടയോ? വട്ടത്തില്‍ മുറിച്ച കട്ടികുറഞ്ഞ, നെടുകേ മുറിച്ച, നാലായി നുറുക്കിയ നേന്ത്രക്കായ... അതൊക്കെ അവര്‍ പറയുന്നതു കണ്ടപ്പോള്‍ അവര്‍ ഉപ്പേരി കടിച്ചുപൊട്ടിക്കുകയാണെന്നു തോന്നി.... എനിക്ക് ഓണം വീട്ടിലേക്കുള്ള മടക്കയാത്രയാണ്, ഓര്‍മ്മയിലേക്കുള്ള, ജീവിതത്തിലേക്കുള്ള, ചരിത്രത്തിലേക്കുള്ള, പൈതൃകത്തിലേക്കുള്ള മടക്കയാത്രയെന്ന് മറ്റൊരാളുടെ വാദം. അത് പതുക്കെ ദാര്‍ശനികതയിലേക്കും തത്വ ചിന്തിയിലേക്കും പോകുമെന്നു വന്നപ്പോള്‍ മടക്കയാത്രലെ വീട്ടിലേക്കാരോ തിരിച്ചുവിട്ടു. അമ്മയെകാണാന്‍,  അച്ഛനെ കാണാന്‍, ബന്ധുക്കളെയും സ്വന്തക്കാരേയും കുടുംബാംഗങ്ങളെയും ഒന്നിച്ചുകാണാനുള്ള വേളയാണ് ഓണമെന്ന് ആരോ വിവരിച്ചു. ഓണം കേരളോല്‍പ്പത്തിയിലേക്കും വാമനാവതാരത്തിലേക്കും മഹാബലിയിലേക്കും അങ്ങനെ ചരിത്രത്തിലേക്കും ഇതിഹാസത്തിലേക്കും തിരിയുമ്പോള്‍ ആരോ ശ്രദ്ധ തിരിച്ചു- ഓണം എനിക്ക് പായസമാണ്. ഓണം പിന്നെ പായസമായി ഒഴുകി. പായസം എപ്പോള്‍വേണമെങ്കിലും ഉണ്ടാക്കി കുടിക്കാമെങ്കിലും ഓണക്കാലത്തെ പായസം ഒന്നു വേറേതന്നെയാണെന്ന് പറഞ്ഞതോടെ ഓണം പായസമാണെന്ന വാദത്തിലെത്തി. പരിപ്പ് പ്രഥമന്‍, അടപ്രഥമന്‍, കടലപ്പായസം, പഴംപായസം, അവില്‍ പായസം, പാലടപ്രഥമന്‍ അങ്ങനെ ഓണം പായസമായി വിളമ്പിയൊഴുക്കി. മധുരം മടുത്തിട്ടും അതു സമ്മതിക്കാന്‍ മടിച്ചിട്ടുമാകണം ഓണം എനിക്ക് ഇഞ്ചിക്കറിയാണെന്ന് അവന്‍ പറഞ്ഞത്. അവനെ കൂക്കിയിരുത്താന്‍ കൂട്ടംകൂടിയപ്പോള്‍ നാരങ്ങാക്കറിയുടെ മണവും രുചിയും അവന്‍ വിവരിച്ചു. അതിനു കൂട്ടായി ഇഞ്ചിക്കറിയുടെ എരിവും മധുരവും ഇടചേര്‍ന്നു. മാങ്ങക്കറിയുടെ പുളിപ്പും ഉപ്പും നെല്ലിക്കയുടെ ചവര്‍പ്പും കൂടിച്ചേര്‍ന്നപ്പോള്‍ വയില്‍ വെള്ളമൂറിയവര്‍ക്ക് ഓണം നാവിലെ എരിഞ്ഞു കയറ്റമായി. ഒക്കെക്കും മേലേ ആരോ കൊണ്ടാട്ടംകൂടി വിളമ്പിയപ്പോള്‍ ഓണം ഇഞ്ചിക്കറിയുമാണെന് സമ്മതിക്കാന്‍ തയ്യാറായി. ഓണം തനിക്ക് കാളനാണെന്ന് പറയാന്‍ മടിയില്ലായിരുന്നു അയാള്‍ക്ക്. കാളന്റെ വകഭേദങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ വിവരിച്ചു. തെക്കിന്റെയും വടക്കിന്റെയും കുറുക്കുകാളന്‍, മധ്യതിരുവിതാംകൂറിന്റെ നീളന്‍ കാളന്‍, നേന്ത്രപ്പഴക്കാളന്‍, കൈതച്ചക്കക്കാളന്‍, ചേനക്കാളന്‍... ഇതൊക്കെ മഹത്വം പറഞ്ഞു കോരിയൊഴിച്ചപ്പോള്‍ ഓണത്തിന് ഒരുപിടിച്ചോറുകൂടി കൂടുതല്‍ അകത്താക്കിയ ഭാവത്തില്‍ ഏമ്പക്കം വിട്ടു ചിലര്‍ പറഞ്ഞു, അതെ ഇഷ്ടാ, ഓണം എന്നാല്‍ കാളന്‍തന്നെയാണ്. ഓണം എനിക്ക് ഊഞ്ഞാലാണെന്ന് കിളിമൊഴിപോലെ കേട്ടപ്പോള്‍ എനിക്കു തിരുവാതിരക്കളിയാണെന്ന് മറുമൊഴി. ഓണം മൈലാഞ്ചിയാണെന്ന് പറഞ്ഞ് അവര്‍ പണ്ട് മൈലാഞ്ചിയിലപൊട്ടിക്കാന്‍ പോയതും അത് അമ്മിക്കല്ലില്‍ അരച്ചതിന് അമ്മ തല്ലിയതും പറഞ്ഞു. പച്ചമഞ്ഞള്‍ ചേര്‍ത്താല്‍ മൈലാഞ്ചിക്ക് മഞ്ഞിമ കൂടുമെന്നായി മറ്റൊരു വിദഗ്ദ്ധ. പ്ലാവിലഞെട്ടും മാവില ഞെട്ടും ചേര്‍ത്താല്‍ മൈലാഞ്ചി ചോക്കുമെന്നായി മറ്റൊരു ശാസ്ത്രം. എന്നാലും മൈാലാഞ്ചി രണ്ടുകൈയിലുമിട്ടാല്‍ ഓണസദ്യക്ക് അമ്മ മോരു തരില്ലെന്നു പറഞ്ഞപ്പോള്‍ ഓണം അവള്‍ക്ക് മൈലാഞ്ചിതന്നെയാണെന്നത് സത്യമായി തോന്നി. പട്ടം പാറിക്കലാണ് എനിക്ക് ഓണം ഓര്‍മ്മയെന്ന് ഒരാള്‍ പറഞ്ഞുകേട്ടപ്പോള്‍ ആദ്യം തോന്നിയത് അത്ഭുതം. പക്ഷേ, ഈര്‍ക്കില്‍ വളച്ച്, വട്ടമരപ്പശ ചേര്‍ത്ത് ഒട്ടിച്ച്, അയലത്തെ വീട്ടില്‍നിന്ന് പത്രക്കടലാസ് വാങ്ങി ചതുരത്തില്‍ മുറിച്ച്, നീളത്തില്‍ വാല്‍ ചേര്‍ത്ത്, വാഴനാര്‍ നേര്‍പ്പിച്ച് ചരടാക്കി കെട്ടിയുണ്ടാക്കുന്ന പട്ടം പലവട്ടം മൂക്കു കുത്തി പിന്നീട് പറന്നുപറന്നുയരുന്ന പഴയകാല കഥ വിവരിച്ചപ്പോള്‍ കേട്ടിരുന്ന പലരുടെയും വലിയ കുഞ്ഞുമനസ്സുകള്‍ ആകാശത്തു പാറുകയായിരുന്നു. അതിന്റെ ചരട് പൊട്ടിച്ച് വേറൊരാള്‍ പറഞ്ഞു, ഓണം എനിക്ക് പകിട പന്ത്രണ്ടാണെന്ന്. വാശിയേറിയ പകിടകളി, കുടുകുടുകളി, കിളിത്തട്ടുകളി, തലപ്പന്തുകളി, കുട്ടിയും കോലും അങ്ങനെ ഓണക്കളികള്‍ക്കിടയില്‍ എന്തെല്ലാം കളികളും കള്ളക്കളികളും... ഓണം വള്ളംകളിയാണെന്ന് ഒരുപക്ഷക്കാര്‍. ചീട്ടുകളിയാണെന്ന് വേറൊരു കൂട്ടര്‍. ഓണം ഒന്നു മിനുങ്ങാനുള്ളതാണെന്ന് ചില മരനീരുപ്രേമികള്‍. കൂട്ടുകാരുമായുള്ള കൂട്ടമായ യാത്രയാണ് ചിലര്‍ക്ക്. നാട്ടിമ്പുറത്തെ വായനശാലയുടെ വാര്‍ഷികമാണ് ഇനിയെരാളുടെ ഓണം. തലേന്നു രാത്രി വൈകിയിട്ടും ഉറങ്ങാതെ, അടുക്കളയില്‍ ഉപ്പേരി വറുക്കുന്ന അമ്മയുടെ പിന്നാലെ ഒരു കഷ്ണത്തിനു കെഞ്ചി കിട്ടാതെയാണ് ഉറങ്ങിയത്. (തിരുവോണത്തിന് നിലവിളക്കിനു മുന്നില്‍ ഇലയിട്ടു വിളമ്പിയിട്ടേ ഓണ വിഭവങ്ങള്‍ കഴിക്കാവൂ എന്ന് മുത്തശ്ശിശാസനം). പുലര്‍ച്ചെ പതിവിലും നേരത്തേ എഴുന്നേറ്റ് അനുജനേയും വിളിച്ചു പൂ പൊട്ടിക്കാനുള്ള പാച്ചില്‍. അവിടെയെത്തുമ്പോള്‍ അയലത്തെ കൂട്ടുകാര്‍ നേരത്തേ ഹാജര്‍. പിന്നെ പൂവിറുത്ത് കുമ്പിളിലാക്കി മുറ്റത്തെ പൂക്കളം ചമയ്ക്കല്‍. അവിടുന്നു നേരേ കുളി പാസാക്കി പുത്തന്‍കോടിയും ഇട്ട് അമ്പലത്തിലേക്കോട്ടം. മുത്തശ്ശി വിഷ്ണുവിനെ സ്തുതിക്കുന്നുണ്ടാവും. പുത്തനുടുപ്പിനു പിച്ചു വാങ്ങിയും പിച്ചിക്കരയിച്ചും പാച്ചില്‍. ഭഗവാനെവണങ്ങി പ്രസാദം വാങ്ങി വീട്ടിലേക്ക്. കിട്ടിയ പ്രാതല്‍ വെട്ടി വിഴുങ്ങി ആദ്യം ഊഞ്ഞാലില്‍ കയറാനുള്ള വെപ്രാളം. അവിടെ കുട്ടിപ്പൊക്കം, തലപ്പൊക്കം, നിന്നാടല്‍, ഇരന്നാടല്‍, ഇരട്ടയാടല്‍... ഉച്ചയ്ക്ക് വമ്പന്‍ സദ്യ, പിന്നെയും കളി, പിന്നെ കൊച്ചുകൊച്ചു പിണക്കങ്ങള്‍, കുട്ടിക്കൂട്ടമുണ്ടാക്കിയ മണ്ണപ്പം തട്ടിയിടല്‍, പിച്ചും മാന്തും വഴക്കടിയ്ക്കല്‍, പുസ്തകങ്ങളോടും കര്‍ശനമായ അച്ചടക്കത്തോടും വിടപറയുംകാലം... തൊഴുത്തിലെ പശുവിനും കുട്ടിക്കും ഓണമൂട്ടാന്‍ മുത്തശ്ശി ഇലയില്‍ സദ്യയുമായി പോകുമ്പോള്‍ ഒപ്പം നിന്നു കിന്നാരം പറയല്‍, അടുത്ത ഓണത്തിന് ആരൊക്കെ എന്തൊക്കെയെന്ന നെടുവീര്‍പ്പില്‍ പൊതിഞ്ഞ മുത്തശ്ശിപ്പയ്യാരം കേള്‍ക്കെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത് സമാധാനിപ്പിക്കുന്ന സമാശ്വസിക്കുന്ന സുഖം.... അങ്ങനെ അറിയാതെ ഒന്നു സ്വപ്നം കണ്ടിരിക്കെയാണ് അടുത്ത ദിവസത്തെ കോര്‍പ്പറേറ്റ് ഓണങ്ങളുടെ ആസൂത്രണങ്ങള്‍ വിവരിക്കാന്‍ ചിലര്‍ തുടങ്ങിയത്... ആള്‍ ബോയ്‌സ് ഒട്ടിക്കുന്ന മുണ്ടു വാങ്ങിയിട്ടുണ്ട്... ലേഡീസെല്ലാം സെറ്റുമുണ്ട്... കാറ്ററിങില്‍ പറഞ്ഞിട്ടുണ്ട്, അവര്‍തന്നെ സേര്‍വ് ചെയ്യും. പേപ്പര്‍ പ്ലേറ്റിലാണ്. ഫോര്‍ പായസംസും ഐസ്‌ക്രീം ഡെസര്‍ട്ടുമുണ്ട്. ദെയര്‍ ആഫ്റ്റര്‍ അല്ലേ മോനേ ഓണം.... എങ്കിലും ഓണം വരുന്നു, ആഘോഷിച്ച് നാം ഓണം പുനര്‍ജനിപ്പിക്കുന്നു. അതാണല്ലോ ഓണത്തിന്റെ മഹത്വവും...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.