ടെക്‌നോപാര്‍ക്ക് വികസനത്തിന് 997.65 കോടിയുടെ ഭരണാനുമതി

Wednesday 26 August 2015 12:15 am IST

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ 2015-16 മുതല്‍ 2019-20 വരെ വികസനത്തിന് ആവശ്യമായ 997.65 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കി. ടെക്‌നോപാര്‍ക്കിന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങള്‍, ടെക്‌നോസിറ്റി, കൊല്ലം ടെക്‌നോപാര്‍ക്ക് എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സ്ഥലമെടുപ്പിനും വിപണന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് തുക അനുവദിച്ചത്. 2015-16 സാമ്പത്തിക വര്‍ഷം ടെക്‌നോപാര്‍ക്കിന് 69 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2016-17 വര്‍ഷത്തേക്ക് 285 കോടിയും 2017-18ലേക്ക് 205 കോടിയും 2018-19ലേക്ക് 211 കോടിയും 2019-20ലേക്ക് 208 കോടിയുമാണ് അനുവദിച്ചത്. 1990 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ശതമാനം മുതല്‍ മുടക്കോടെ ആരംഭിച്ച ടെക്‌നോപാര്‍ക്കിന് നിലവില്‍ 1,050 കോടി രൂപയുടെ ആസ്തിയുണ്ട്. ടെക്‌നോപാര്‍ക്കിന്റെ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങള്‍, ടെക്‌നോസിറ്റി, കൊല്ലം ടെക്‌നോപാര്‍ക്ക് എന്നിവയാണ് ഇതിലുള്ളത്. 766 ഏക്കര്‍ ഭൂമിയും 70.20 ലക്ഷം ചതുരശ്രയടി കെട്ടിടവുമുണ്ട്. 35 ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ നിര്‍മാണം നടന്നുവരുന്നു.  ടെക്‌നോപാര്‍ക്കില്‍ ഇപ്പോള്‍ 350 ല്‍ പരം കമ്പനികളുണ്ട്. 47,000 പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 56,000 തൊഴില്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഹരിപ്പാട് മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് ആവശ്യമായ ‘ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനവിഹിതമായി 25 കോടി രൂപ അനുവദിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കിലെ കരുവാറ്റയില്‍ 10.11 ഹെക്ടര്‍ ‘ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുന്നത്. ഭൂവുടമകളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി ഭൂമി വാങ്ങുന്നതിന് ആവശ്യമായ തുക സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റിക്കു സമര്‍പ്പിച്ചു. തുടര്‍ന്നാണ് 25 കോടി അനുവദിക്കാന്‍ തീരുമാനിച്ചത്. മത്സ്യബന്ധന തുറമുഖ നിര്‍മാണ പദ്ധതികള്‍ക്കും നാഷണല്‍ ഫീഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡ് (എന്‍എഫ്ഡിബി) പദ്ധതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച കേന്ദ്ര സംസ്ഥാന വിഹിതമായ 40:60 അനുപാതം അംഗീകരിക്കാന്‍ തീരുമാനിച്ചു. നിലവില്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് 75 ശതമാനവും എന്‍എഫ്ഡിബി പദ്ധതികള്‍ക്ക് 90 ശതമാനവുമാണ് കേന്ദ്ര ധനസഹായം. പുതിയ നിബന്ധന പ്രകാരം 60 ശതമാനം ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം. കുടുംബശ്രീയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 1072 സിഡിഎസ് അക്കൗണ്ടന്റുമാരുടെ പ്രതിമാസ ഓണറേറിയം 8,000 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ഇത് 6,000 രൂപയാണ്. ഔഷധിയിലെ ജനറല്‍ വര്‍ക്കര്‍മാര്‍ക്ക് വേതന പരിഷ്‌കരണം അനുവദിച്ചതിലെ അപാകതകള്‍ പരിഹരിച്ചു. ഇതുപ്രകാരം നിര്‍ത്തലാക്കിയ 68 ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ പുനഃസ്ഥാപിച്ച് നിലവിലെ ജനറല്‍ വര്‍ക്കേഴ്‌സിന് പ്രൊമോഷന്‍ നല്‍കി നിയമിക്കും. ഹാജറിന്റെ അടിസ്ഥാനത്തില്‍ ഔഷധി ജനറല്‍ വര്‍ക്കേഴ്‌സിന് നല്‍കിയിരുന്ന അറ്റന്‍ഡന്‍സ് ബോണസ് രീതി പുനഃസ്ഥാപിക്കും. തിരുവനന്തപുരം സിഇടി കോളജില്‍ വച്ച് വാഹനം തട്ടി മരണമടഞ്ഞ മലപ്പുറം വഴിക്കടവ് തെന്‍സി ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.കോഴിക്കോട് വെസ്റ്റ് ഹില്ലിലെ എന്‍സിസി ക്യാമ്പിലെ ഫയറിംഗ് ഗ്രൗണ്ടില്‍  വെടിയേറ്റു മരണമടഞ്ഞ ധനുഷ് കൃഷ്ണയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ധനുഷ് കൃഷ്ണയുടെ സഹോദരി അപര്‍ണയ്ക്ക് ജോലിയും അഞ്ചു ലക്ഷം രൂപയുടെ ധനസഹായവും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.