ഗര്‍ഭപാത്രം തുറന്നുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ ശസ്ത്രക്രിയയ്ക്ക് അമൃതയില്‍ സംവിധാനം

Wednesday 26 August 2015 12:16 am IST

കൊച്ചി: ഗര്‍ഭപാത്രം തുറന്നുള്ള ഗര്‍ഭസ്ഥശിശുവിന്റെ ശസ്ത്രക്രിയയ്ക്ക് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സംവിധാനം. ഗര്‍ഭസ്ഥശിശു പരിപാലന കേന്ദ്രത്തില്‍ എല്ലാവിധ ഗര്‍ഭസ്ഥ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംവിധാനം ഇപ്പോള്‍ നിലവിലുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫീറ്റല്‍ മെഡിസിന്‍, പെരിനറ്റോളജി, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി, പീഡിയാട്രിക് സര്‍ജറി,പീഡിയാട്രിക്‌സ് ജനറ്റിക്‌സ്, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് ന്യൂറോളജി, സൈറ്റൊജനറ്റിക്‌സ്, ബയോകെമിസ്ട്രി, പാത്തോളജി എന്നീ വിഭാഗങ്ങള്‍  ഉള്‍പ്പെടുത്തിയാണ് ഇതു പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനു പുറമെയാണ് ഗര്‍ഭസ്ഥ ശിശുവിനു ശസ്ത്രക്രിയ ചെയ്യുവാനുള്ള വിഭാഗവും ആരംഭിച്ചിരിക്കുന്നത്. ഇവിടെ ജന്മവൈകല്യമുള്ള ഗര്‍ഭ്‌സ്ഥശിശുവിനെഗര്‍ഭപാത്രത്തില്‍ നിന്നു പുറത്തെടുത്ത് വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റി തിരിച്ച് ഗര്‍ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുന്നു. പിന്നീട് ശിശുവിന്റെ വളര്‍ച്ച പൂര്‍ത്തിയാവുമ്പോള്‍ ശസ്ത്രക്രിയ നടത്തി ശിശുവിനെ പുറത്തെടുക്കുന്നു. അങ്ങനെ ശിശുവിന് ഉണ്ടാകാമായിരുന്ന കേടുപാടുകളെ ഒഴിവാക്കുന്നതിന് കഴിയുന്നു. ഇത് ഏഷ്യയില്‍ തന്നെ ആദ്യത്തെ സംഭവമായിട്ടാണ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനും ചര്‍ച്ചചെയ്യാനുമായി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ആഗസ്റ്റ്  29, 30 തീയതികളില്‍ 'ഫീറ്റോകോണ്‍ 2015'സമ്മേളനം നടത്തുമെന്ന് സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ്ങ് പ്രസിഡന്റ് പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ:മോഹന്‍ എബ്രഹാം, ഓര്‍ഗനൈസിങ്ങ് സെക്രട്ടറിഫീറ്റല്‍ മെഡിസിന്‍ വിഭാഗം ഡോ:വിവേക് ക്യഷ്ണന്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ സിന്‍സിനാറ്റി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഫീറ്റല്‍ കെയര്‍ സെന്റര്‍ സര്‍ജിക്കല്‍ ഡയറക്ടര്‍ ഡോ:ഫുണ്ട് യെന്‍ ലിം, ചെന്നൈ മെഡിസ്‌കാന്‍ ഡയറക്ടര്‍ ഡോ: എസ് സുരേഷ്, ചെന്നൈ സീതാപതി ക്ലിനിക്ക് ആന്റ് ഇ.വി.കെ. മെഡിക്കല്‍ സെന്റര്‍ ഡയറക്റ്റര്‍ ഡോ:ഉമ റാം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.