മഹാദേവന്റെ ശിഷ്യന്‍

Wednesday 26 August 2015 7:46 pm IST

ഹനുമാന്റെ വിദ്യാഭ്യാസത്തെപ്പറ്റി അനേകം കഥകളുണ്ട്. വളരെ ചെറുപ്പം മുതല്‍ പല വിദ്യകളും സ്വയം ശീലിച്ചതാണ് അതില്‍ ഏറ്റവും പ്രധാനം. പാതാള ലോകത്ത് വച്ച് എല്ലാ ദേവന്മാരുടെയും അനുഗ്രഹവും ആശീര്‍വാദവും കിട്ടി. എല്ലാ ആയുധവിദ്യകളിലും പ്രാവീണ്യം നേടുന്നതാണ് എന്ന് സൂര്യദേവന്‍ അനുഗ്രഹിച്ചിരുന്നു. പില്‍ക്കാലത്ത് നേരിട്ട് വിദ്യ അഭ്യസിച്ചതിനുശേഷം ഗുരുദക്ഷിണയായി തന്റെ പുത്രനായ കിഷ്‌കിന്ധയിലെ സുഗ്രീവനെ സഹായിക്കണം എന്നാണ് സൂര്യന്‍ ആവശ്യപ്പെട്ടത്. പലരില്‍നിന്നും വിദ്യ നേടിയതായി പല കഥകളും പറഞ്ഞ് കേള്‍ക്കുന്നു. ഏതായാലും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മഹാദേവന്‍ കാട്ടാളന്റെ വേഷത്തില്‍ വന്ന് ഹനുമാനെ വിദ്യ പഠിപ്പിച്ചതാണ് എന്ന് ഹനുമാന്‍ കരുതുന്നു. മകന് വിദ്യ അഭ്യസിക്കേണ്ടതായ പ്രായമായപ്പോള്‍ അഞ്ജനയും കേസരിയും ആലോചന തുടങ്ങി. കുമാരനെ പഠിപ്പിക്കാന്‍ യോഗ്യന്‍ ആരെന്ന് അന്വേഷിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംഭവം ഉണ്ടായി. മരത്തിന് മുകളില്‍ക്കയറി ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് ചാടിക്കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരു സിംഹം മരത്തിന്റെ ചുവട്ടില്‍വന്ന് മേലോട്ട് നോക്കി ഒച്ചവച്ച് ഹനുമാനെ ഭയപ്പെടുത്താന്‍ നോക്കി. എന്നാല്‍ ഹനുമാന്‍ താഴേക്ക് ചാടി സിംഹവുമായി ഏറ്റുമുട്ടി. ഹനുമാന്റെ ശക്തമായ പ്രഹരം ഏറ്റ സിംഹം പേടിച്ച് ദൂരേക്ക് ഓടിപ്പോയി. സിംഹവും ഹനുമാനുമായുള്ള മല്‍പ്പിടുത്തം താല്‍പ്പര്യത്തോടുകൂടി ശ്രദ്ധിച്ച് കൊണ്ടിരുന്ന ഒരു കാട്ടാളന്‍ ബലേഭേഷ് എന്ന് പറഞ്ഞ് അടുത്തേക്ക് ചെന്നു. കാഴ്ചയില്‍ തന്നെ അതിഭീകരനായ കാട്ടാളനെക്കണ്ട് ഹനുമാന്‍ കൗതുകത്തോടെ ബഹുമാനപൂര്‍വം ചോദിച്ചു. നിങ്ങള്‍ ആരാണ് എന്നെ അനുമോദിക്കാന്‍. ഞാന്‍ ഒരു കാട്ടാളന്‍. നിന്റെ ചുറുചുറുക്ക് കണ്ടപ്പോള്‍ എനിക്കറിയാവുന്ന ചില വിദ്യകള്‍  നിന്നെ പഠിപ്പിക്കാം എന്ന് കരുതുന്നു. ഹനുമാന് അതു കേട്ടപ്പോള്‍ ഒരു സംശയം എന്നെ പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ആ മരത്തില്‍ക്കയറി മറ്റ് മരങ്ങളിലേക്ക് ചാടാനും തലകുത്തി മറിയാനും ആകാശത്ത് കൂടി പറക്കാനും നിങ്ങള്‍ക്കാകുമോ. ഉടനെ കാട്ടാളന്‍ പറഞ്ഞു. അതും അതിലപ്പുറവും എന്നെക്കൊണ്ടു കഴിയും. ശരി അങ്ങനെയെങ്കില്‍ പഠിക്കുന്നതിന് മുന്‍പ്  എന്റെ അച്ഛനമ്മമാരുടെ അനുവാദം വാങ്ങണം. കണ്ടമാത്രയില്‍ത്തന്നെ കേസരിക്ക് കാട്ടാളനെ ഇഷ്ടമായില്ല. എന്റെ മകനെ പഠിപ്പിക്കാന്‍ നിങ്ങള്‍ യോഗ്യനാണെന്ന് പരീക്ഷിച്ച് നോക്കണം. എങ്കില്‍ നമുക്ക് നേരിട്ട് ഒരു മല്ലയുദ്ധം നടത്താം എന്താ. കാട്ടാളന്‍ സമ്മതിച്ചു. കാട്ടാളന്‍ കേസരിയെ ചുരുട്ടിക്കൂട്ടി എടുത്തൊരേറ് കൊടുത്തു. ഭയന്നുപോയ അഞ്ജന ഓടിച്ചെന്ന് കേസരിയെ താങ്ങി എഴുന്നേല്‍പ്പിച്ചു. തിരിഞ്ഞ് കാട്ടാളനെ നോക്കിയ അഞ്ജനയ്ക്ക് വീണ്ടും സംശയം. അവള്‍  കാട്ടാളന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചുകൊണ്ട് പറഞ്ഞു. അങ്ങ് വെറും കാട്ടാളനല്ല. സാക്ഷാല്‍ മഹാദേവനാണ്. അടിയങ്ങളുടെ അവിവേകം പൊറുക്കണം. കേസരിയും ഹനുമാനും മഹാദേവന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. മഹാദേവന്‍ പറഞ്ഞു നമ്മുടെ കുമാരന്റെ വിദ്യാഭ്യാസം തുടങ്ങാന്‍ സമയമായി. അഞ്ജന കുമാരനെ എടുത്ത് മടിയില്‍ ഇരുത്തി. മഹാദേവന്‍ വിദ്യാഭ്യാസം തുടങ്ങി. എല്ലാ വിദ്യകളും മഹാദേവന്‍ ഹനുമാന് ഉപദേശിച്ച് അനുഗ്രഹിച്ചുകൊണ്ട് അപ്രത്യക്ഷനായി. മറയുന്നതിന് മുന്‍പ് ശിവന്‍ ഒന്നുകൂടി പറഞ്ഞു. നീ വാണിദേവിയെ ധ്യാനിച്ചാല്‍ വാണിദേവി പ്രത്യക്ഷയായി നിനക്ക് സംഗീതം ഉപദേശിക്കുന്നതാണ്. അങ്ങനെ വാണിദേവിയില്‍ നിന്നും സംഗീതത്തിന്റെ എല്ലാ വശങ്ങളും ഹനുമാന്‍ വശത്താക്കി. ഹനുമാന്‍ പല സ്ഥലങ്ങളിലും ഒറ്റക്കിരുന്ന് സംഗീതം ആലപിക്കുക പതിവായി. മൂന്നുലോകങ്ങളിലും ഹനുമാന്റെ സംഗീതം ഒരു ഹരമായി. നാരദന് അത്രക്കങ്ങ് വിശ്വാസമായില്ല. എന്നാല്‍ ഒന്ന് പരീക്ഷിച്ചിട്ടു തന്നെ കാര്യം. നാരദന്‍ വന്നപ്പോള്‍ ഹനുമാന്‍ ഒരു പാറപ്പുറത്തിരുന്നു കണ്ണടച്ച്  പാടുകയായിരുന്നു. കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്‍പില്‍ നാരദ മഹര്‍ഷി. ചാടി എഴുന്നേറ്റ് നമസ്‌കരിച്ച് കൊണ്ടു ചോദിച്ചു അങ്ങ് ഇവിടെ? പിന്നീട് നാരദരുടെ ആവശ്യപ്രകാരം ഹനുമാന്‍ പാടാന്‍ തുടങ്ങി. ഹനുമാന്റെ പാട്ട് കേട്ട് സര്‍വചരാചരങ്ങളും നിശ്ചലമായി. പാറപോലും അലിഞ്ഞുപോയി. നാരദന് സന്തോഷമായി. ഹനുമാനെ അനുഗ്രഹിച്ച് പോകാന്‍ എഴുന്നേറ്റു. പക്ഷേ തന്റെ വീണ ഹനുമാന്റെ പാട്ടില്‍ ഉരുകിയ പാറയില്‍ ഉറച്ചു. വീണ എടുക്കാന്‍ ഹനുമാന്‍ വീണ്ടും പാടേണ്ടതായിവന്നു. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.