വീണ്ടും ബോട്ട് ദുരന്തം 6 മരണം

Thursday 27 August 2015 11:12 am IST

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് യാത്രാബോട്ട് മുങ്ങി ആറുപേര്‍ മരിച്ചു. 28 ഓളം പേരെ രക്ഷപ്പെടുത്തി. മൂന്നുപേരെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.  ഫോര്‍ട്ടുകൊച്ചി ബോട്ട് ജെട്ടിക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് നാടിനെ ഞെട്ടിച്ച ദുരന്തം. വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഭാരത് എന്ന യാത്രാബോട്ടില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് അപകടം. യാത്രാബോട്ടില്‍ ജീവനക്കാരടക്കം 38ഓളം പേരുണ്ടായതായാണ് പറയുന്നത്.ജെട്ടിയില്‍നിന്ന് ഇന്ധനം നിറച്ച് മടങ്ങുകയായിരുന്ന മത്സ്യബന്ധന ബോട്ട് ഇടിച്ചതോടെ യാത്രാബോട്ട് രണ്ടായി പിളര്‍ന്ന് വെള്ളത്തില്‍ മുങ്ങി.

മട്ടാഞ്ചേരി മഹാജനവാടിയില്‍ സുധീര്‍ (38), അമരാവതി പുളിക്കല്‍ വീട്ടില്‍ ഡേവിഡിന്റെ ഭാര്യ വോള്‍ഗ (40), ഡേവിഡിന്റെ ജ്യേഷ്ഠന്‍ ജോസഫ് (58), വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന്‍ (60), അഴീക്കല്‍ സ്വദേശി സൈനബ (45), ചെല്ലാനം കണ്ടക്കടവില്‍ താമസിക്കുന്ന അംഗനവാടി ടീച്ചര്‍ സിന്ധു (45) എന്നിവരാണ് മരിച്ചത്. കുമ്പളങ്ങി സ്വദേശി തൗസിയ, മരിച്ച സിന്ധുവിന്റെ മകള്‍, വൈപ്പിന്‍ സ്വദേശി ആല്‍ബര്‍ട്ട് എന്നിവരെ കാണാതായെന്നാണ് പറയുന്നത്.

മുങ്ങിത്താണ ബോട്ടില്‍നിന്നു രക്ഷിച്ച 20 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച അമരാവതി സ്വദേശി ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (57), ഞാറയ്ക്കല്‍ സ്വദേശികളായ ശശികല (56), കീര്‍ത്തി (23) എന്നിവരെ ഗൗതം ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, സമീറ (28), റിഹാന്‍ (6), പൊന്നു (രണ്ടര), നിഹാല (25) എന്നിവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പത്തോളം പേര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍.

ഫോര്‍ട്ടുകൊച്ചി ബോട്ട് ജെട്ടിക്ക് സമീപം വാരകള്‍ക്കകലെയാണ് ദുരന്തം. ഇന്ധനം നിറച്ച്, മത്സ്യത്തൊഴിലാളികളെ ഇറക്കി ഹാര്‍ബറിലേക്ക് അമിതവേഗതയില്‍ നീങ്ങുകയായിരുന്നു മത്സ്യബന്ധന ബോട്ടെന്നാണ് പറയുന്നത്.  ഈ യാനത്തിന്റെ മുന്‍വശം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ മുന്‍വശത്തുള്ള മറ്റ് ജലഗതാഗത യാനങ്ങള്‍ കാണാന്‍ കഴിയാത്തത് അപകടത്തിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.മത്സ്യബന്ധന ബോട്ട് മധ്യഭാഗത്ത് ഇടിച്ചതോടെ യാത്രാബോട്ട് നെടുകെ പിളര്‍ന്ന് അഴിമുഖത്ത് മുങ്ങിത്താഴ്ന്നുവെന്ന് ദൃക്‌സാക്ഷികള്‍.

ബോട്ടിലെ യാത്രക്കാരുടെ കൂട്ടനിലവിളികളും ഭയാനക ശബ്ദവും കേട്ട് ഞെട്ടിത്തരിച്ച നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയത്. കരയിലുണ്ടായിരുന്ന രണ്ട് വിദേശികളും സമീപത്തെ ഹോട്ടല്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് ബോട്ടില്‍നിന്ന് കടലില്‍ എടുത്തുചാടിയവരെ രക്ഷപ്പെടുത്തിയത്. ഇല്ലെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നു. ഏറെ അടിയൊഴുക്കുള്ള കൊച്ചി അഴിമുഖത്ത് നീന്തി രക്ഷപ്പെടാനുള്ള ശ്രമം വിജയിക്കില്ല. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കാലത്ത് 1965 ല്‍ സര്‍വീസ് തുടങ്ങിയ ‘കുട്ട’ രൂപത്തിലുള്ള ബോട്ടാണ് അരനൂറ്റാണ്ട് പിന്നിട്ട് ഇന്നും അഴിമുഖത്ത് സേവനം നടത്തുന്നത്. കൊച്ചി കോര്‍പ്പറേഷന്റെ യാത്രാബോട്ടുകളായ വര്‍ഷ, ഭാരത് എന്നിവ ലേലത്തിനെടുത്ത് കൊച്ചി സര്‍വീസ് കമ്പനിയാണ് അഴിമുഖത്തെ യാത്രാ സര്‍വീസ് നടത്തുന്നത്.

അപകടത്തില്‍പ്പെട്ട ബോട്ട് കരക്കടുപ്പിക്കുന്നു

ആറാം ദുരന്തം: പഴഞ്ചന്‍ ബോട്ടുകള്‍ : സുരക്ഷയ്ക്ക് പുല്ലുവില
കൊച്ചി: പടിഞ്ഞാറന്‍ കൊച്ചിയില്‍ ബോട്ടപകടങ്ങള്‍ തുടര്‍ക്കഥ. 1980 നുശേഷമുണ്ടാകുന്ന ആറാമത്തെ വലിയ ബോട്ട് ദുരന്തമാണ് ഇന്നലത്തേത്. 1980ല്‍ കണ്ണമാലിയില്‍ യാത്രാബോട്ട് മുങ്ങി 29 പേരാണ് മരിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1983 ല്‍ വല്ലാര്‍പാടത്തുണ്ടായ അപകടത്തില്‍ 18 പേര്‍ മരണമടഞ്ഞു. 1990ല്‍ കൊച്ചിക്കായലില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തമായിരുന്നു അടുത്തത്.92ല്‍ മുനമ്പത്തുണ്ടായ ദുരന്തത്തില്‍ മൂന്നു പേരും 93 ല്‍ കൊച്ചിക്കായലിലുണ്ടായ ബോട്ടപകടത്തില്‍ അഞ്ചുപേരും കൊല്ലപ്പെട്ടു.

ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് രക്ഷാ സംവിധാനങ്ങളും ജാഗ്രതയും ശക്തിപ്പെടുത്തിയതോടെ ഒരു പരിധിവരെ അപകടങ്ങള്‍  കുറഞ്ഞെങ്കിലും  ഒറ്റപ്പെട്ട മരണങ്ങള്‍ ഇടക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. 2009 ല്‍ 31 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് ദുരന്തത്തിനു ശേഷം ഇത്രയും വലിയ ദുരന്തം ഇതാദ്യമായാണ്. തേക്കടി ദുരന്തത്തെ തുടര്‍ന്ന് യാത്രാ ബോട്ടുകളുടെ ക്ഷമതാപരിശോധന കര്‍ശ്ശനമാക്കിയിരുന്നെങ്കിലും ഇടക്കാലത്ത് അത് നിലച്ചു. യാത്രാ ബോട്ടുകളില്‍ ലൈഫ് ബോട്ട് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തിനും ഇന്ന് പുല്ലുവിലയാണുള്ളത്.

കൈക്കുഞ്ഞുങ്ങളുമായിപ്പോലും ബോട്ടില്‍ ആളുകള്‍ തിക്കിത്തിരക്കി കയറുമ്പോള്‍ ഒരു തരത്തിലുമുള്ള മുന്‍ കരുതല്‍ പോലും എടുക്കാറില്ല എന്നതാണവസ്ഥ. തേക്കടി ദുരന്തത്തെ തുടര്‍ന്ന് ബോട്ടപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് അന്നുയര്‍ന്നതെങ്കിലും പിന്നീട് ഇതെല്ലാം വിസ്മൃതിയിലായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ യാത്രചെയ്യുന്നത് കൊച്ചിക്കായലിലൂടെയാണ്.

ഇവിടുത്തെ ദ്വീപു നിവാസികള്‍ക്ക് നഗരവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗം ബോട്ട് യാത്രകല്‍ തന്നെ.എന്നാല്‍ ഇത്രയധികം യാത്രക്കാരുള്ള ഇവിടെ സുരക്ഷാ മുന്‍കരുതലുകള്‍ കാര്യക്ഷമമല്ല. സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ പലതും കാലപ്പഴക്കമേറിയവയാണ് എന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനത്തുമായിട്ടുള്ള വലിയ ബോട്ടപകടങ്ങളേറെയും ബോട്ടുകളുടെ കാലപ്പഴക്കം മൂലമുണ്ടായിട്ടുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. 2002ല്‍ 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടവും 2007 ല്‍ 18 പേരുടെ ജീവനെടുത്ത തട്ടേക്കാട് ദുരന്തവും ബോട്ടുകളുടെ ക്ഷമതക്കുറവുമൂലമുണ്ടായതാണ്.

ദുരന്തമുഖത്തു നിന്നും തലനാരിഴക്ക്  രക്ഷപ്പെട്ട മൂവര്‍ സംഘം

കൊച്ചി: ഇന്നലെയുണ്ടായ ബോട്ടപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട ചെല്ലാനം സ്വദേശികള്‍ ഞെട്ടല്‍ വിട്ടുമാറാതെ വിറയ്ക്കുകയാണ്. വൈപ്പിന്‍ ജെട്ടിയില്‍ നിന്നും 1.15 ഓടെ യാത്രാബോട്ട് പുറപ്പെട്ടത് വലിയ ദുരന്തത്തിലേക്കാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല.
കണ്ടക്കടവ് കുട്ടപ്പശ്ശേരി വീട്ടില്‍ റാല്‍ഫ് (27), കണ്ണമാലി സ്വദേശികളായ കടവിപ്പറമ്പില്‍ ഫെബിന്‍ ജോണ്‍സണ്‍ (8) യദുല്‍ വില്‍ഫ്രഡ് എന്നിവര്‍ വൈപ്പിന്‍ കരയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പോയതായിരുന്നു.

24 സ്ത്രീകളും, 18പുരുഷന്‍മാരും രണ്ടു കുഞ്ഞുങ്ങളും യാത്രക്കാരായി ഉണ്ടായിരുന്നതായി ഇവര്‍ ഓര്‍ക്കുന്നു. അഴിമുഖം കടന്ന് യാത്രാബോട്ട് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കരയോട് അടുക്കുമ്പോള്‍ ഇരമ്പി വരികയായിരുന്ന രണ്ട് ഇന്‍ബോര്‍ഡു വള്ളങ്ങള്‍ ബോട്ടിനു നേരെ വരുന്നതു കണ്ടു. കടലില്‍ ഇത്തരം സാഹചര്യങ്ങള്‍ സാധാരണയായതുകൊണ്ട് വള്ളം തിരിച്ചു പോകുമെന്ന് കരുതിയതായി ഇവര്‍ പറയുന്നു. ബെയ്‌സ് ലോണ്‍, സിയോണ്‍ എന്നീ വള്ളങ്ങളാണ് ബോട്ടിനു നേരെ വന്നത്. ഇതില്‍ ബെയ്‌സ് ലോണ്‍ ബോട്ടിന്റെ മദ്ധ്യഭാഗത്തായി ശക്തിയായി ഇടിക്കുകയായിരുന്നു. നെടുകെ പിളര്‍ന്ന ബോട്ട് നിമിഷങ്ങള്‍ക്കകം കടല്‍ തട്ടിലേക്ക് താഴുകയായിരുന്നു. ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ വാക്കുകള്‍ ഇടയ്ക്കിട്ട് മുറിയുന്നു.

പത്ത് ഇരുപത് മീറ്റര്‍ അകലെ വെച്ച് വള്ളം വരുന്നതു കണ്ട് സ്ത്രീകള്‍ ഉച്ചത്തില്‍ കരയുന്നുമുണ്ടായിരുന്നു. പക്ഷെ ദുരന്തം സംഭവിക്കുമെന്ന് ആരും കരുതിയില്ല.
ബോട്ടിന്റെ മുകളില്‍ നിന്നും ഇവര്‍ വെള്ളത്തിലേക്കു് എടുത്തു ചാടുകയായിരുന്നു. സ്ത്രീകളും മറ്റും മുങ്ങിത്താഴുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു. അതേസമയം മുങ്ങിത്താഴുകയായിരുന്ന ഒരു സ്ത്രീയെ ബോയ എറിഞ്ഞു കൊടുത്ത് രക്ഷപ്പെടുത്തിയതായി രക്ഷപെട്ട ഫെബിന്‍ പറയുന്നു.

അപകടം ആഴമേറിയ കപ്പല്‍ ചാലില്‍, രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായി

കൊച്ചി: അപകടം നടന്നത് ആഴമേറിയ കപ്പല്‍ ചാലിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസമേറിയതായി. അഴിമുഖത്തോട് ചേര്‍ന്ന് ഏറ്റവും ആഴമേറിയ പ്രദേശത്താണ് ബോട്ട് മുങ്ങിയത്. ഇവിടെ അടിയൊഴുക്കുമുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ടിലെ യാത്രക്കാര്‍ ആരെങ്കിലും ഒഴുക്കില്‍പെട്ടിട്ടുണ്ടോയെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ചു പറയാനാകുന്നില്ല. ഒഴുകിപ്പോകാനുള്ള സാധ്യതയുണ്ടെന്നാണ് രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന നാവികസേനാ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

അപകടത്തില്‍പ്പെട്ട യാത്രാബോട്ടില്‍ ഉണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. 28 പേര്‍ക്കാണ് ടിക്കറ്റ് നല്‍കിയിരുന്നതായി പറയുന്നത്. എന്നാല്‍ ബോട്ടില്‍ 40ല്‍ കുറയാതെ യാത്രക്കാരുണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ പറയുന്നു. തിരക്കുള്ള സമയങ്ങളില്‍ ജട്ടിയില്‍ നിന്ന് ടിക്കറ്റെടുക്കാതെ പലരും ബോട്ടില്‍ കയറിയ ശേഷമാണ് ടിക്കറ്റെടുക്കാറുള്ളത്.

ബോട്ട് ജട്ടിയില്‍ നിന്ന് പുറപ്പെട്ട ഉടനെ അപകടത്തില്‍ പെട്ടതിനാല്‍ ബോട്ടിനകത്ത് ടിക്കറ്റ് നല്‍കിയിരുന്നുമില്ല. ജട്ടിയില്‍ നിന്ന് ജങ്കാറിനും ബോട്ട് യാത്രകള്‍ക്കും ഒരേ ടിക്കറ്റാണ് നല്‍കുന്നത്. ഇതുമൂലം അപകടത്തില്‍പ്പെട്ട ബോട്ടില്‍ യാത്രചെയ്യാനായി എത്ര പേര്‍ ജട്ടിയില്‍ നിന്ന് ടിക്കറ്റെടുത്തുവെന്നും വ്യക്തമായി പറയാനാകില്ല.
ഓണക്കാലമായതിനാല്‍ ഇന്നലെ ബോട്ടുകളിലെല്ലാം പതിവിലും കൂടുതല്‍ തിരക്കുമുണ്ടായിരുന്നു.

ബോട്ട് ഏറെ പഴയത്. സുരക്ഷാ ക്രമീകരണങ്ങളും ഇല്ല.

കൊച്ചി: അപകടത്തില്‍പ്പെട്ട ബോട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് വ്യക്തമായി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട പ്രവര്‍ത്തന ക്ഷമത പരിശോധന ഉള്‍പ്പെടെനടന്നിട്ടില്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട യാത്രാ ബോട്ടിന് 35 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കുന്നത്.

ആധുനിക സജ്ജീകരണങ്ങളൊന്നുമില്ലാതെ  പഴയ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതായിരുന്നു ഈ ബോട്ട്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍  കരയിലേക്ക് കയറ്റി അറ്റകുറ്റപ്പണി നടത്തി പലകകള്‍ മാറ്റണം എന്നുണ്ടെങ്കിലും അത് ചെയ്തിട്ടില്ല. സര്‍വ്വീസ് നത്തുന്ന ബോട്ടുകളില്‍ ഓരോ വര്‍ഷവും പരിശോധന നടത്തണമെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടില്ല.

വെള്ളം കയറിയാലും മുങ്ങാതെ  രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സമയം കിട്ടുന്ന വിധത്തില്‍ ആധുനിക ബോട്ടുകളില്‍ സജ്ജമാക്കാറുള്ള വായു അറകള്‍  ഉണ്ടായിരുന്നില്ല. ബോട്ടുകളുടെ കാലപ്പഴക്കം, ലൈഫ് ജാക്കറ്റ്, തീപിടിത്ത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് ചീഫ് സര്‍വയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റിപ്പോര്‍ട്ട് പോര്‍ട്ട് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്യണമെന്ന് നിയമമുണ്ടെങ്കിലും ഇവിടെ ഇതൊന്നും നടക്കാറില്ല.

എറണാകുളം, ഇടുക്കി ജില്ലകളിലായി സര്‍വ്വീസ് നടത്തുന്ന 400ഓളം  ബോട്ടുകളില്‍ പകുതിയിലേറെയും ഇരുപത് വര്‍ഷത്തിലേറെ പഴക്കം ചെന്നവയാണ്.

 തേക്കടി ദുരന്തത്തിനു ശേഷമുള്ള ഏറ്റവും വലിയ അപകടം

കൊച്ചി: പടിഞ്ഞാറന്‍ കൊച്ചിയില്‍ ബോട്ടപകടങ്ങള്‍ തുടര്‍ക്കഥ. 1980 നുശേഷമുണ്ടാകുന്ന ആറാമത്തെ വലിയ ബോട്ട് ദുരന്തമാണ് ഇന്നലത്തേത്. 1980ല്‍ കണ്ണമാലിയില്‍ യാത്രാബോട്ട് മുങ്ങി 29 പേരാണ് മരിച്ചത്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 1983 ല്‍ വല്ലാര്‍പാടത്തുണ്ടായ അപകടത്തില്‍ 18 പേര്‍ മരണമടഞ്ഞു. 1990ല്‍ കൊച്ചിക്കായലില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ദുരന്തമായിരുന്നു അടുത്തത്. 92ല്‍ മുനമ്പത്തുണ്ടായ ദുരന്തത്തില്‍ മൂന്നു പേരും 93 ല്‍ കൊച്ചിക്കായലിലുണ്ടായ ബോട്ടപകടത്തില്‍ അഞ്ചുപേരും കൊല്ലപ്പെട്ടു.

ദുരന്തങ്ങള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് രക്ഷാ സംവിധാനങ്ങളും ജാഗ്രതയും ശക്തിപ്പെടുത്തിയതോടെ ഒരു പരിധിവരെ അപകടങ്ങള്‍  കുറഞ്ഞെങ്കിലും  ഒറ്റപ്പെട്ട മരണങ്ങള്‍ ഇടക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു. 2009 ല്‍ 31 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് ദുരന്തത്തിനു ശേഷം ഇത്രയും വലിയ ദുരന്തം ഇതാദ്യമായാണ്. തേക്കടി ദുരന്തത്തെ തുടര്‍ന്ന് യാത്രാ ബോട്ടുകളുടെ ക്ഷമതാപരിശോധന കര്‍ശ്ശനമാക്കിയിരുന്നെങ്കിലും ഇടക്കാലത്ത് അത് നിലച്ചു. യാത്രാ ബോട്ടുകളില്‍ ലൈഫ് ബോട്ട് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശത്തിനും ഇന്ന് പുല്ലുവിലയാണുള്ളത്.

കൈക്കുഞ്ഞുങ്ങളുമായിപ്പോലും ബോട്ടില്‍ ആളുകള്‍ തിക്കിത്തിരക്കി കയറുമ്പോള്‍ ഒരു തരത്തിലുമുള്ള മുന്‍ കരുതല്‍ പോലും എടുക്കാറില്ല എന്നതാണവസ്ഥ. തേക്കടി ദുരന്തത്തെ തുടര്‍ന്ന് ബോട്ടപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് അന്നുയര്‍ന്നതെങ്കിലും പിന്നീട് ഇതെല്ലാം വിസ്മൃതിയിലായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ യാത്രചെയ്യുന്നത് കൊച്ചിക്കായലിലൂടെയാണ്. ഇവിടുത്തെ ദ്വീപു നിവാസികള്‍ക്ക് നഗരവുമായി ബന്ധപ്പെടാനുള്ള പ്രധാന മാര്‍ഗ്ഗം ബോട്ട് യാത്രകല്‍ തന്നെ.

എന്നാല്‍ ഇത്രയധികം യാത്രക്കാരുള്ള ഇവിടെ സുരക്ഷാ മുന്‍കരുതലുകള്‍ കാര്യക്ഷമമല്ല. സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ പലതും കാലപ്പഴക്കമേറിയവയാണ് എന്നതും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. സംസ്ഥാനത്തുമായിട്ടുള്ള വലിയ ബോട്ടപകടങ്ങളേറെയും ബോട്ടുകളുടെ കാലപ്പഴക്കം മൂലമുണ്ടായിട്ടുള്ളതാണ് എന്നതും ശ്രദ്ധേയമാണ്. 2002ല്‍ 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടവും 2007 ല്‍ 18 പേരുടെ ജീവനെടുത്ത തട്ടേക്കാട് ദുരന്തവും ബോട്ടുകളുടെ ക്ഷമതക്കുറവുമൂലമുണ്ടായതാണ്.

എല്ലാം പെട്ടെന്നായിരുന്നു, പിന്നെ കാണുന്നത് വെള്ളത്തിന് മുകളില്‍ നിരവധി കൈകള്‍

കൊച്ചി: എല്ലാം പെട്ടെന്നായിരുന്നു. ഒരു നിമിഷം അന്ധാളിച്ച് നിന്നുപോയി. പൊടുന്നനെ മന:സാന്നിധ്യം വീണ്ടെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി കുതിക്കുകയായിരുന്നു. ഫോര്‍ട്ട്‌കൊച്ചി അഴിമുഖത്തെ ബോട്ട് അപകടം നേരില്‍ക്കണ്ട ഞാറയ്ക്കല്‍ സ്വദേശി രാജേഷ് ഇത് പറയുമ്പോള്‍ കൈകാലുകള്‍ വിറക്കുകയായിരുന്നു. മെഴുക് വില്പനക്കാരനായ രാജേഷ് ആഴ്ചയില്‍ മൂന്ന്- നാല് ദിവസം ഞാറക്കലില്‍ നിന്നും മട്ടാഞ്ചേരിയില്‍ വന്നു പോകും. അപകടം ഉണ്ടായ ബോട്ടിലെ സ്ഥിരം യാത്രക്കാരനാണ് രാജേഷ്. ഉച്ചക്ക് ഒന്നരയോടെ ഞാറക്കലിലേക്ക് തിരികെ പോകാന്‍ കമാലക്കടവില്‍ അപകടം ഉണ്ടായ ബോട്ട് തിരികെ പോകുമ്പോള്‍ കയറാന്‍ നിന്നതായിരുന്നു.

കമാലക്കടവിന് 100 മീറ്റര്‍ അകലെവച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ നടുവെ പിളര്‍ന്ന് കമിഴ്ന്ന് താഴുകയായിരുന്നു. കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് കൂട്ടനിലവിളി ഉയര്‍ന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. കായലിലേക്ക് ഒറ്റച്ചാട്ടമായിരുന്നു. മൂന്ന് പേരെ കരയിലേക്ക് പിടിച്ച് കയറ്റാനായി. നിലവിളിയും ബഹളവും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.

പലരും കായലിലേക്ക് എടുത്തുചാടി രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. നിരവധി ജീവനുകള്‍ അങ്ങിനെ രക്ഷിക്കാനായതായി രാജേഷ് പറഞ്ഞു. ബോട്ടിന്റെ ടാങ്ക് പൊട്ടി ഡീസല്‍ വെള്ളത്തിലേക്ക് ഒഴുകിയതിനാല്‍ രക്ഷപ്പെടുത്തിയ പലരുടെയും വായില്‍  നിന്നും ഡീസല്‍ കലര്‍ന്ന വെള്ളമാണ് പുറത്തേക്ക് വന്നത്. ഒരു സ്ത്രീയുടെ ജഡമാണ് ആദ്യം കിട്ടിയത്. ഓണത്തിന് സാധനങ്ങള്‍ വാങ്ങുന്നതിന് ഉച്ചക്ക് തന്നെ വീട്ടില്‍ തിരികെയെത്തുമെന്ന് വീട്ടുകാരോട് പറഞ്ഞിട്ടാണ് രാജേഷ് മട്ടാഞ്ചേരിയിലേക്ക് പോന്നത്. എന്നാല്‍ 6 പേരുടെ ദുരന്തത്തിന് ദൃക്‌സാക്ഷിയായ രാജേഷ് രാത്രി ഏറെ വൈകിയും വീട്ടില്‍ പോകാതെ കമാലക്കടവില്‍ തന്നെ നില്‍ക്കുകയാണ്.

ദുരന്ത നിഴലില്‍ കൊച്ചിക്ക് മറ്റൊരു ഓണക്കാലം

കൊച്ചി: ഇങ്ങനെയൊരു ഓണനാളിലാണ് അന്ന് വൈപ്പിന്‍ മദ്യദുരന്തം.ഇപ്പോള്‍ മറ്റൊരു ഓണനാളില്‍ വൈപ്പിനും ഫോര്‍ട്ടുകൊച്ചിക്കുമിടയില്‍ ബോട്ടപകടം. എണ്‍പത്തി രണ്ടിലെ വിഷ മദ്യദുരന്തത്തില്‍ എഴുപത്തിയേഴു പേര്‍ മരിച്ചു. അറുപതിലേറെപ്പേര്‍ക്ക് കാഴ്ച പോയി. ഫോര്‍ട്ടുകൊച്ചി ബോട്ടു ദുരന്തത്തില്‍ മരിച്ചത് ആറു പേര്‍. ബോട്ടിലുണ്ടായിരുന്നവരുടെ എണ്ണമറിയാന്‍ മരിച്ചവരുടേയും കാണാതായവരുടേയും കൃത്യം കണക്കറിയണമായിരിക്കും.അതിനപ്പുറമാണ് ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളുടെ കണക്കില്ലാത്ത കണ്ണീരില്‍പിടയുന്നവരുടെ വേദന.

ആഴവും ഒഴുക്കുമുള്ള കപ്പല്‍ ചാലെന്ന അഴിമുഖം അല്ലെങ്കില്‍ തന്നെ പേടിപ്പെടുത്തുന്നതാണ്. ഫോര്‍ട്ടുകൊച്ചിക്കും വൈപ്പിനും ഇടയ്ക്കുള്ള കടലും കായലും ഒന്നായ ജലപ്പാതയിലൂടെയുള്ള ബോട്ട്-ജങ്കാര്‍ യാത്ര ദുരന്തത്തിനു മീതെയുള്ള സാഹസിക യാത്രയെന്നാണ് പറയാറ്. കടലിന്റെ വായിലേക്കുള്ള കായലിന്റെ ഒഴുക്കും കപ്പല്‍ച്ചാലില്‍ പതിയിരിക്കുന്ന അടിയൊഴുക്കും കപ്പലിന്റെയും വള്ളം-ബോട്ടുകളുടേയും വരവിനും പോക്കിനുമിടയിലൂടേയും കൂടിയാണ് യാത്രാബോട്ട് ശേഷിയിലും കൂടുതല്‍ ആളുകളേയും കുത്തിനിറച്ച് ആശങ്കയുടെ സഞ്ചാരം നടത്തുന്നത്. കാറ്റിലും മഴയിലും മലയോളമുള്ള തിരമാലകളേയും മുറിച്ചു പോകുന്ന ബോട്ടുകളും ജങ്കാറുകളും യന്ത്രത്തകരാറിലും കാറ്റു പിടിച്ചും എത്രതവണ ഒഴുകി നടന്നിട്ടുണ്ട്. ആ ഒഴുക്കെല്ലാം കടലിലേക്കു തന്നെയാണ്.

കപ്പല്‍ച്ചാലില്‍ മുങ്ങിയാല്‍ കടലിലേക്കെന്നാണ് ചൊല്ല്. ഇത്തരം ഒഴുകി നടപ്പില്‍ യാത്രക്കാരുടെ ചങ്കുപൊട്ടിയുള്ള നിലവിളി എത്ര കേട്ടിരിക്കുന്നു.

ഒരു കര കടലില്‍ നിന്നും ഉയര്‍ന്നു വന്നെന്നു പറയപ്പെടുന്ന വൈപ്പിന്‍. മറുകര ചരിത്രം അടയാളപ്പെടുത്തിപ്പോയ ഫോര്‍ട്ടുകൊച്ചി. രണ്ടിനുമിടയില്‍ 1341-ലെ ഭീകര വെള്ളപ്പൊക്കത്തില്‍ കൊച്ചിയുടെ അഴിമുഖം തുറന്നുണ്ടായ തുറമുഖത്തിന്റെ വാതിലായ കായല്‍. ലോകത്തിലെ തന്നെ പ്രകൃതി ദത്തമായ തുറമുഖമെന്നു പേരുള്ള കൊച്ചി തുറമുഖത്തിനു പക്ഷേ ഇപ്പോഴും കാലോചിതമായ സുരക്ഷിതത്വവും ഉണ്ടോ എന്നുള്ളത് പരിശോധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഇത്തരമൊരു ബോട്ടുയാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍. ഇല്ലവല്ലായ്മകളുടെ പയ്യാരങ്ങള്‍ മാറ്റിവെച്ച് ഓണത്തിനൊരുങ്ങികൊണ്ടിരിക്കുമ്പോള്‍ മരണത്തിന്റെ ദുരന്തക്കയത്തിലേക്ക് ഇറങ്ങിപ്പോയവരെക്കുറിച്ചും അവരുടെ ബന്ധുക്കളെക്കുറിച്ചും നാളേയും കൂടി വേദനയോടെ ഓര്‍ക്കാനുംകൂടി ഒരു വിധി.ആശ്വസിക്കാന്‍ അങ്ങനെയൊരു വാക്കുണ്ടായതും മറ്റൊരര്‍ഥത്തില്‍ ആശ്വാസം.

നാട്ടിലെ കുളത്തില്‍ മുങ്ങിത്താണു കളിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി

മട്ടാഞ്ചേരി: നാട്ടിലെ കുളത്തില്‍ മുങ്ങിത്താണുക്കളിച്ചതും നീന്തല്‍വശമുള്ളതും ഫോര്‍ട്ടുകൊച്ചിയിലെ ബ്രണ്ടന്‍ ബോട്ട്‌യാര്‍ഡ് ജീവനക്കാരെ രക്ഷാപ്രവര്‍ത്തകരാക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞ നേരമാണ് സ്ത്രീകളുടെ കൂട്ടക്കരച്ചിലും ബഹളവും കേട്ട് ഹോട്ടലിലെ സീനോയും അനൂപും ഫത്തഹുള്ളയും ബോട്ട് മുങ്ങിത്താഴുന്നത് കാണുന്നത്. ഒപ്പംതന്നെ സഹജീവനക്കാരായ ലീസ്റ്റനെയും ബോട്ട്‌ഡ്രൈവര്‍ തോമസിനെയും ചേര്‍ത്ത് ഇവര്‍ രക്ഷാപ്രവര്‍ത്തകരായി. മുങ്ങിത്താഴുന്ന ബോട്ടില്‍ സ്ത്രീകളെ ബോട്ടിന്റെ പരപ്പില്‍ എത്തിക്കുന്നതിന് പരസ്പരം സഹായിക്കുന്ന രംഗം കണ്ടത്. ഷിനോ സെബാസ്റ്റിയനും അനൂപ് ചായിച്ചനും ഫത്തഹുള്ളയും കായലിലെടുത്ത് ചാടിയത്. ഹോട്ടലിലെ ബോട്ടിലേക്ക് ആദ്യം രക്ഷപ്പെടുത്തി കയറ്റിയത് ഗര്‍ഭിണിയെയായിരുന്നു.

തുടര്‍ന്ന് എട്ടോളം പേരെ വെള്ളത്തില്‍നിന്ന് രക്ഷാബോട്ടിലേക്ക് നീക്കി. ഇതിനിടെ ഒരാള്‍ക്ക് ബോധക്ഷയമുണ്ടായി. വെള്ളത്തില്‍ ഓയിലും ഡീസലും കലര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകരായി എത്തിയ പലരും അവശരാകുന്നത് ഏറെ പ്രയാസകരവുമായി, സീനോ സൊബസ്റ്റിയന്‍ പറഞ്ഞു. ഓരോരുത്തരെയും രക്ഷാബോട്ടിനടുത്ത് എത്തിക്കുമ്പോള്‍ തോമസും ലിസ്റ്റണും അവരെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. രക്ഷകരായെത്തിയ വിദേശികളും ഇടക്ക് മടങ്ങിയത് അടിയൊഴുക്കും ഓയില്‍ മൂലമുള്ള പ്രയാസത്താലാണെന്നും ഇവര്‍ പറഞ്ഞു.

കോട്ടയം സ്വദേശിയായ അനൂപ് ചായിച്ചനും ഏറ്റുമാനൂര്‍ സ്വദേശിയായ സീനോ സെബാസ്റ്റിയനും ആദ്യ അനുഭവമാണിത്. നാട്ടില്‍ കുളത്തില്‍നിന്നും പരിശീലിച്ച നീന്തലാണ് തങ്ങള്‍ക്ക് രക്ഷാദൗത്യത്തിന് ധൈര്യം പകര്‍ന്നത്. ലക്ഷദ്വീപുകാരനായ ഫത്തുഹുള്ള ബ്രണ്ടന്‍ ഹോട്ടലിലെ ഭക്ഷണവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ദുരന്തചിത്രമാണ് ഫോര്‍ട്ടുകൊച്ചിയിലേത്. ഒപ്പം ഒട്ടേറെ പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും.

 

റിപ്പോര്‍ട്ടുകള്‍

ടി. എസ്. നീലാംബരന്‍
സേവ്യര്‍. ജെ
കെ. എസ്. ഉണ്ണികൃഷ്ണന്‍
ഫ്രാന്‍സിസ് പൗലോസ്
കെ. കെ. റോഷന്‍കുമാര്‍
ചിത്രങ്ങള്‍
ആര്‍. ആര്‍. ജയറാം
എസ്. കൃഷ്ണകുമാര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.