ഇടുക്കി നടുങ്ങുന്നു

Sunday 27 November 2011 11:32 am IST

ചെറുതോണി (ഇടുക്കി): ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ പുലര്‍ച്ചെ നാലു ഭൂചലനങ്ങള്‍ ഉണ്ടായി. വെളുപ്പിന്‌ 3.14 ന്‌ ആണ്‌ ആദ്യചലനം ഉണ്ടായത്‌. റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തി. പിന്നീട്‌ 3.20 ന്‌ 2.9, 5.30 ന്‌ 1.7, 5.59 ന്‌ 1.4 എന്നീ ശക്തിയിലാണ്‌ ഭൂചലനം ഉണ്ടായത്‌. ഉപ്പുതറ, കണ്ണംപടി, വണ്ടിപ്പെരിയാര്‍ എന്നീ സ്ഥലങ്ങളിലാണ്‌ ചലനം അനുഭവപ്പെട്ടത്‌. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടസ്ഥിതി മനസ്സിലാക്കി ജനങ്ങള്‍ ഭയാശങ്കയിലാണ്‌. ചലനം ഉണ്ടായപ്പോള്‍ വീടിന്‌ ഉള്ളില്‍ നിന്ന്‌ ഇറങ്ങി ഓടിയവരുമുണ്ട്‌. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഭയത്തോടെയാണ്‌ ഇപ്പോള്‍ കഴിയുന്നത്‌. എന്നല്‍ ഭയപ്പെടേണ്ടതില്ലെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌.
അതിനിടെ മുല്ലപ്പെരിയാറില്‍ പരിശോധനക്കെത്തിയ ജലവിഭവ വകുപ്പ്‌ ഉദ്യോഗസ്ഥരെ വള്ളക്കടവില്‍ നാട്ടുകാര്‍ തടഞ്ഞു. പരിശോധനകളല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന്‌ ആരോപിച്ച്‌ നാട്ടുകാരാണ്‌ ഉദ്യോഗസ്ഥരെ തടഞ്ഞത്‌. വാഹനങ്ങളും കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പൊലീസ്‌ എത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ വാഹനങ്ങള്‍ കടത്തിവിടാനും ഉദ്യോഗസ്ഥരെ പരിശോധന നടത്താനും നാട്ടുകാര്‍ അനുവദിച്ചത്‌.
ആശങ്ക വേണ്ടെന്നും ഇനിയും തുടര്‍ചലനങ്ങള്‍ക്ക്‌ സാധ്യതയുണ്ടെന്നും ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരാഴ്ച മുമ്പും ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നവംബര്‍ 18ന്‌ പുലര്‍ച്ചെ 5.27ന്‌ ഉണ്ടായ ഭൂചലന തീവ്രത ജില്ലയിലെ വിവിധ ഭൂകമ്പമാപിനികളില്‍ 2.8 രേഖപ്പെടുത്തി. തൊട്ടു പിന്നാലെ 5.45ന്‌ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത 3.4 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ 23 ചലനങ്ങളാണ്‌ ജില്ലയിലെ ഭൂകമ്പമാപിനികളില്‍ രേഖപ്പെടുത്തിയത്‌. ജൂലൈ 26 നാണ്‌ ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചലന തീവ്രതയായ 3.8 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌.
ഇതിനിടെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നുതന്നെയാണ്‌ സര്‍ക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പമ്പയില്‍ പുതിയ സര്‍വീസ്‌ റോഡിന്റെ ഉദ്ഘാടനത്തിന്‌ ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങില്ല. കേരളത്തിന്റെ ഈ ആവശ്യത്തിനോട്‌ പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാടാണ്‌ എടുത്തിട്ടുള്ളത്‌. പുതിയ ഡാം നിര്‍മ്മിക്കുമ്പോള്‍ തമിഴ്‌നാടിന്‌ നിലവിലുള്ള സംവിധാനത്തില്‍ വെള്ളം എത്തിക്കുന്നതിനുള്ള നടപടി കേരളം സ്വീകരിക്കും. കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലുണ്ടായ ഭൂചലനത്തെക്കുറിച്ച്‌ പഠിക്കാന്‍ വിദഗ്ദ്ധ സംഘത്തെ അയച്ചിട്ടുണ്ട്‌. ഇപ്പോള്‍ ആശങ്കാജനകമായി ഒന്നുമില്ലെന്നാണ്‌ പ്രാഥമിക വിവരം. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ കിട്ടിയശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും കൃത്യമായി പറയാനാകൂ.
ചില്ലറ വ്യാപാര രംഗത്ത്‌ കുത്തകകളുടെ കടന്നുവരവിനെ സംബന്ധിച്ച്‌ പ്രധാനമന്ത്രി അതത്‌ സംസ്ഥാനങ്ങള്‍ക്ക്‌ തീരുമാനമെടുക്കാമെന്ന നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കേരളം ആര്‍ക്കും പെട്ടന്ന്‌ കടന്നുവരാനുള്ള അനുവാദം നല്‍കില്ല. ചെറുകിട സംരംഭകരുടെ ആശങ്കകള്‍ ദൂരീകരിച്ചതിന്‌ ശേഷമേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കൂ. അതുകൊണ്ടുതന്നെ ചൊവ്വാഴ്ചത്തെ കടയടപ്പ്‌ സമരത്തെപ്പറ്റി വ്യാപാരികള്‍ പുനപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ വികാരം തമിഴ്‌നാട്‌ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടുണ്ടോയെന്ന്‌ സംശയിക്കണമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത്‌ പറഞ്ഞു. ഈ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക്‌ സംസ്ഥാനം തയാറല്ല. മുല്ലപ്പെരിയാര്‍ വിഷയത്തെ പൊതുവിഷയമായി കാണണം. തമിഴ്‌നാടിന്‌ നല്‍കുന്ന വെള്ളം തടസപ്പെടുത്തുന്ന യാതൊരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്‌ ഏകാഭിപ്രായമാണ്‌. സുരക്ഷയാണ്‌ പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ ഭൂചലനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ വികാരം വീണ്ടും തമിഴ്‌നാടിനെ അറിയിക്കും. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി മന്ത്രി പി.ജെ. ജോസഫും താനും നാളെ ദല്‍ഹിയിലേക്ക്‌ പോകുമെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.