'ദ ഹിന്ദു' വിന്റെ മന്‍ കീ ബാത്ത്

Wednesday 26 August 2015 10:25 pm IST

സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദുവിരുദ്ധമല്ലാത്ത ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നതിനോടുള്ള അമര്‍ഷം രാജ്യത്തിനകത്തും പുറത്തും പ്രകടമാണ്. ക്രിസ്ത്യന്‍ മതമൗലികവാദികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അമേരിക്കന്‍ ഭരണകൂടം മുതല്‍ ഇറാഖിലും സിറിയയിലും മതത്തിന്റെ പേരില്‍ മനുഷ്യക്കുരുതികള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഐഎസ് ഭീകരര്‍ വരെയും, ലോകത്തെ സാമ്പത്തിക വന്‍ശക്തിയാവുന്നതിനെ ഭയന്ന് അയല്‍രാജ്യങ്ങളെ ഭാരതത്തിനെതിരാക്കുന്ന ചൈന മുതല്‍ ഭാരതത്തോട് ആജന്മശത്രുത പുലര്‍ത്തുന്ന പാക്കിസ്ഥാന്‍ വരെയും സ്വീകരിക്കുന്ന നയങ്ങളും നടപടികളും അന്തഃസത്തയില്‍ ഹിന്ദുവിരുദ്ധമാണ്. ദേശീയതാല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത, ആത്മാഭിമാനമുള്ള ഒരു ഭരണകൂടത്തെ ഭാരതത്തില്‍ ഭരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഈ ശക്തികള്‍ക്കുള്ളത്. ഇക്കൂട്ടരുടെ ഹിന്ദുവിരുദ്ധ മനോഭാവത്തെ പിന്‍പറ്റുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഒരേസമയം കുരിശുയുദ്ധവും ജിഹാദും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു പൗരനോ സംഘടനയോ ചെയ്താല്‍ രാജ്യദ്രോഹത്തിന് കേസെടുക്കാവുന്ന കുറ്റങ്ങളാണ് പത്രസ്വാതന്ത്ര്യത്തിന്റെ ബലത്തില്‍ ഈ മാധ്യമങ്ങള്‍ ചെയ്തുപോരുന്നത്. മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ എങ്ങനെ അവിശ്വാസം വളര്‍ത്താമെന്നും വര്‍ഗീയവും ജാതീയവുമായ ചേരിതിരിവ് സൃഷ്ടിക്കാമെന്നും ഗവേഷണം നടത്തി കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ വാര്‍ത്തകളെന്ന വ്യാജേന വായനക്കാരിലെത്തിക്കുന്ന 'ദ ഹിന്ദു'  പത്രമാണ് ഇക്കാര്യത്തില്‍ മുന്നില്‍. നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു നല്ല കാര്യംപോലും രാജ്യത്തിനുവേണ്ടിയോ ജനങ്ങള്‍ക്കുവേണ്ടിയോ ചെയ്യുന്നില്ലെന്ന പ്രചാരണമാണ് ഈ പത്രം ദിനംതോറും നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുക്കാത്ത ഡോ.മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിച്ച് സോണിയാഗാന്ധി ഭരണഘടനാ ബാഹ്യശക്തിയായി അധികാരം കയ്യാളിയ പത്ത് വര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാരിന് സ്തുതിഗീതം ആലപിച്ച ഒരു പത്രമാണ് ഇപ്പോള്‍ നരേന്ദ്രമോദി എന്ന കഴിവുറ്റ ഭരണാധികാരിയെയും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെയും മാധ്യമധര്‍മത്തിന്റെ സകലസീമകളും ലംഘിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. 2015 ആഗസ്റ്റ് 22 ലെ ദ ഹിന്ദു പത്രം പുറത്തിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സവിശേഷ പരിപാടിയായ 'മന്‍ കീ ബാത്ത്' സംബന്ധിച്ച ഒരു 'എസ്‌ക്ലുസീവ്' വാര്‍ത്തയോടെയാണ്. ''പ്രധാനമന്ത്രിയുമായി അധികമാളുകളൊന്നും 'മന്‍ കീ ബാത്ത്' പങ്കുവയ്ക്കുന്നില്ല'' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. 'മന്‍ കീ ബാത്തി'നോട് കത്തുകളിലൂടെ പ്രതികരിക്കുന്നവരുടെ എണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഇത് മോദിയുടെ സ്വീകാര്യതയില്‍ ഇടിവുവരുന്നതിന്റെ തെളിവാണെന്നുമാണ് ഈ വാര്‍ത്തയിലൂടെ 'ഹിന്ദു' സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. വിവരാവകാശ നിയമപ്രകാരംആകാശവാണി(എഐആര്‍)യില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ പത്രം ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. 2014 ഡിസംബര്‍ 14 ലെ ആദ്യ മന്‍ കീ ബാത്തിന് ശ്രോതാക്കളില്‍നിന്ന് 5,972 കത്തുകളും 2015 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം നടത്തിയ മന്‍ കീ ബാത്തിന് 4,819 കത്തുകളും ലഭിച്ചെങ്കിലും പിന്നീട് കത്തുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും 'ഹിന്ദു' ആഹ്ലാദത്തോടെ വായനക്കാരെ അറിയിക്കുന്നു. കാര്‍ഗില്‍ യുദ്ധവിജയദിവസമായ 2015 ജൂലായ് 26 ലെ മന്‍ കീ ബാത്തിന് ലഭിച്ചതാകട്ടെ 993 കത്തും. കത്തുകള്‍ ഇങ്ങനെ കുറയുന്നതിന്റെ കാരണം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ലെന്നും പത്രം വായനക്കാരെ അറിയിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ വിശദീകരിക്കാനാവാത്തതൊന്നും ഇതിലില്ല. വായനക്കാരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനാണ് എന്‍.റാമിന്റെ പത്രം ശ്രമിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും വ്യത്യസ്തമായ പരിപാടികള്‍ അവതരിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിക്കുന്ന മാധ്യമമാണ് റേഡിയോ. ദൃശ്യമാധ്യമങ്ങള്‍ പ്രേക്ഷകരെ പലപ്പോഴും ഉപഭോക്താക്കളായി മാത്രമാണ് കാണുന്നത്. റേഡിയോയുമായുള്ള ശ്രോതാക്കളുടെ ബന്ധം കുറെക്കൂടി ആത്മാര്‍ത്ഥമാണ്. വിവരസാങ്കേതികവിദ്യയുടെ വിസ്‌ഫോടനം സംഭവിച്ച ഇക്കാലത്തും രാജ്യത്തെ ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ വിവരങ്ങളറിയാനും വിനോദോപാധി എന്ന നിലയിലും ജനങ്ങള്‍ റേഡിയോയെ ആശ്രയിക്കുന്നുണ്ട്. പുതുമയുള്ള എന്തെങ്കിലും ഒരു പരിപാടി റേഡിയോയില്‍ വന്നാല്‍ അതിനോട് ശ്രോതാക്കള്‍ കത്തുകളിലൂടെ വന്‍തോതില്‍ പ്രതികരിക്കും. എന്നാല്‍ ഈ പരിപാടി ആവര്‍ത്തിക്കുന്തോറും കത്തുകളിലൂടെയുള്ള പ്രതികരണം കുറഞ്ഞുകൊണ്ടിരിക്കും. താല്‍പ്പര്യക്കുറവല്ല ഇതിനു കാരണം. ഇതിനിടെ തങ്ങള്‍ക്ക് കടുത്ത വിയോജിപ്പുള്ള എന്തെങ്കിലും കാര്യം വന്നാല്‍ വീണ്ടും കൂടുതലായി പ്രതികരിച്ചെന്നിരിക്കും. റേഡിയോ എന്ന മാധ്യമത്തെ അടുത്ത് പരിചയമുള്ളവര്‍ക്കൊക്കെ അറിയാവുന്ന ഒരു കാര്യമാണിത്. എന്നാല്‍ സാധാരണ പത്രവായനക്കാരും ദൃശ്യമാധ്യമങ്ങളുടെ പ്രേക്ഷകരും ഇതേക്കുറിച്ച് ബോധവാന്മാരാവണമെന്നില്ല. ഈ അജ്ഞതയെയാണ് 'ഹിന്ദു' മുതലെടുക്കാന്‍ ശ്രമിക്കുന്നത്. മന്‍ കീ ബാത്തിന്റെ പേരില്‍ നരേന്ദ്രമോദിക്ക് കുറഞ്ഞ മാര്‍ക്കിടാന്‍ 'ദ ഹിന്ദു' മറച്ചുപിടിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. കത്തെഴുതുന്ന ശീലം, അത് അടുത്ത ബന്ധുക്കള്‍ക്കായാലും ആകാശവാണിയിലേക്കായാലും മുന്‍കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ വല്ലാതെ കുറഞ്ഞിരിക്കുന്നു. ഫസ്റ്റ്ക്ലാസ് മെയില്‍ വിഭാഗത്തില്‍പ്പെടുന്ന കത്തുകള്‍ എണ്‍പതു ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ വര്‍ധിച്ച ഉപയോഗം കത്തെഴുതുന്ന ശീലത്തെത്തന്നെ ഇല്ലാതാക്കുന്നു എന്നര്‍ത്ഥം. കത്തിലൂടെ അറിയാമായിരുന്നതും പങ്കുവച്ചിരുന്നതുമായ വിവരങ്ങള്‍ എസ്എംഎസിലൂടെയും സംഭാഷണങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍വഴി ലൈവായി കൈമാറാമെന്നിരിക്കെ കത്തെഴുതാന്‍ ആര്‍ക്കുനേരം! ഇങ്ങനെയൊക്കെയായിരുന്നിട്ടും ഒരു റേഡിയോ പരിപാടിക്ക് പ്രതികരണമായി അയ്യായിരവും ആറായിരവുമൊക്കെ കത്തുകള്‍ ലഭിക്കുന്നത് അത്ഭുതകരമെന്നു പറയണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മന്‍ കീ ബാത്തിന്റെയും സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. മോദിയുടെ സ്വീകാര്യത എങ്ങനെ മറച്ചുപിടിക്കാമെന്ന് ആലോചിച്ചതിന്റെ ഫലമാണ് മന്‍ കീ ബാത്തിനെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത കെട്ടിച്ചമയ്ക്കാന്‍ 'ഹിന്ദു'വിനെ പ്രേരിപ്പിച്ചത്. മാറിയ കാലത്ത് കത്തെഴുതാന്‍ മടിക്കുന്ന പലരും ആശ്രയിക്കുന്നത് ഇന്റര്‍നെറ്റ് മാധ്യമങ്ങളെയാണ്. ഇവരുടെ എണ്ണം കത്തെഴുതുമായിരുന്നവരുടെ പല മടങ്ങായിരിക്കും.  മന്‍ കീ ബാത്തിനോട് കത്തുകളിലൂടെ പ്രതികരിക്കുന്നവരെക്കാള്‍ വളരെയധികമായിരിക്കും ഓണ്‍ലൈനിലൂടെ പ്രതികരണമറിയിക്കുന്നവര്‍. എന്നാല്‍ മന്‍ കീ ബാത്തിനോടുള്ള ഓണ്‍ലൈന്‍ പ്രതികരണങ്ങളെക്കുറിച്ച് 'ഹിന്ദു'വിന്റെ വാര്‍ത്ത നിശബ്ദത പാലിക്കുകയാണ്. ഓണ്‍ലൈന്‍ പ്രതികരണങ്ങളുടെ എണ്ണമെടുത്താല്‍ കള്ളിവെളിച്ചത്താവുമെന്നതിനാലാവാം ഇത്. വാസ്തവത്തില്‍ മന്‍ കീ ബാത്തിനോടുള്ള ജനങ്ങളുടെ അഭൂതപൂര്‍വമായ പ്രതികരണങ്ങളും അതുവഴി പ്രധാനമന്ത്രി മോദിയുടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയുമാണ് 'ദ ഹിന്ദു'വിനെ വിറളിപിടിപ്പിക്കുന്നത്. ഭാരതം ഭരിക്കുന്ന പതിനഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇതുവരെയുള്ള ഒരു പ്രധാനമന്ത്രിയ്ക്കും തോന്നാത്ത ആശയമാണ് ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന മന്‍ കീ ബാത്ത്. മോദി സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന പ്രതിപക്ഷവും ഇവര്‍ക്കുവേണ്ടി ഏതറ്റംവരെ പോകാന്‍ മടിക്കാത്ത പത്ര-ദൃശ്യമാധ്യമങ്ങളും നടത്തുന്ന കുപ്രചാരണങ്ങളെ മറികടക്കാന്‍ വലിയൊരളവോളം മന്‍ കീ ബാത്തിലൂടെ കഴിയുന്നുണ്ട്. തങ്ങള്‍ എടുക്കുന്ന പണി പാഴായിപ്പോകുന്നതിലുള്ള അമര്‍ഷമാണ് 'മന്‍ കീ ബാത്തി'നെ മോശമായി ചിത്രീകരിക്കാന്‍ 'ഹിന്ദു'വിനെ പ്രേരിപ്പിച്ചത്. ഹിന്ദുവിന്റെ 'മന്‍ കീ ബാത്ത്' വാര്‍ത്ത ഒറ്റപ്പെട്ടതല്ല. ദുര്‍വ്യാഖ്യാനിക്കപ്പെടാത്ത ഒരൊറ്റ വാര്‍ത്ത പോലും സംഘപരിവാറുമായും  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബന്ധപ്പെട്ട് 'ദ ഹിന്ദു' പ്രസിദ്ധീകരിക്കുന്നില്ലെന്നുതന്നെ പറയാം. ഭാഷ ഇംഗ്ലീഷായതിനാല്‍ എന്ത് അസംബന്ധവും എഴുതിപ്പിടിപ്പിക്കാം എന്നൊരു ധാര്‍ഷ്ട്യവും ഈ പത്രത്തിന്റെ നടത്തിപ്പുകാര്‍ക്കുണ്ട്. വാര്‍ത്തകളിലൂടെ നരേന്ദ്രമോദി സര്‍ക്കാരിനെക്കുറിച്ച് വായനക്കാരെ എങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിക്കാമോ അങ്ങനെയൊക്കെ ചെയ്യാമെന്നതാണ് 'ഹിന്ദു'വിന്റെ നയമെന്ന് തോന്നിപ്പോകുന്നു. ''കല്‍മാഡിയെ ഉന്നതപദവിയില്‍ പ്രതിഷ്ഠിച്ചത്: സിഎജി'' എന്നാണ് 2015 ആഗസ്റ്റ് 23 ന്  'ഹിന്ദു' ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ ശീര്‍ഷകം. പതിനാലാം പേജില്‍ ഇതേ ശീര്‍ഷകത്തില്‍ തുടര്‍വാര്‍ത്തയുമുണ്ട്. സുരേഷ് കല്‍മാഡി എന്ന കോണ്‍ഗ്രസ് നേതാവ് അഴിമതിയുടെ പ്രതീകമായാണ് ജനങ്ങളുടെ മനസ്സിലുള്ളത്. 70,000 കോടിരൂപയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസിലെ മുഖ്യപ്രതിയാണ് കല്‍മാഡി. യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ഈ അഴിമതി നടന്നത്. അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗാണ് എതിര്‍പ്പ് മറികടന്ന് കല്‍മാഡിയെ നിയമിച്ചതെന്ന് കംപ്‌ട്രോളര്‍  ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയെന്നാണ് വാര്‍ത്ത. സത്യമിതായിരിക്കെ ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞ് ഇതുസംബന്ധിച്ച ഒരു വാര്‍ത്തയ്ക്ക് ''കല്‍മാഡിയെ നിയമിച്ചത് പ്രധാനമന്ത്രിയുടെ കാര്യാലയം'' എന്ന ശീര്‍ഷകം നല്‍കുന്നത് അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണ്. യുപിഎ ഭരണകാലത്തെ പിഎംഒയെക്കുറിച്ചാണ് വാര്‍ത്തയെന്നത് ശീര്‍ഷകത്തില്‍ മറച്ചുപിടിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദിയാണ് കല്‍മാഡിയെ നിയമിച്ചതെന്ന് ഒറ്റനോട്ടത്തില്‍ വായനക്കാര്‍ക്ക് തോന്നണം. അതാണ് 'ഹിന്ദു'വിന്റെ കുബുദ്ധി. വായനക്കാരോടുള്ള 'ഹിന്ദു'വിന്റെ വഞ്ചന ഇവിടെയും തീരുന്നില്ല. 2011 ആഗസ്റ്റ് ആറിലെ 'ഹിന്ദു' പത്രം കാണുക. അതില്‍ ഒരു വാര്‍ത്തയുള്ളത് ഇങ്ങനെയാണ്. ''എതിര്‍പ്പുണ്ടായിട്ടും കല്‍മാഡിയെ പിഎംഒ നിയമിച്ചു: സിഎജി''. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഗുരുതരമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും സുരേഷ് കല്‍മാഡിയെ 2004 ല്‍ ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാനായി നിയമിച്ചെന്ന സിഎജിയുടെ ആരോപണത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് കൈകാര്യം ചെയ്ത പിഎംഒ കരിനിഴലിലായിരിക്കുന്നു എന്നാണ് ഈ വാര്‍ത്ത പറയുന്നത്. പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിംഗിനെ കുറ്റക്കാരനായി കാണുന്ന ഈ സിഎജി റിപ്പോര്‍ട്ട് അന്നത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായ കെ.വി.തോമസിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി (പിഎസി) പരിശോധനയ്‌ക്കെടുത്തതാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി 'ഹിന്ദു' വായനക്കാര്‍ക്ക് വിളമ്പിയിരിക്കുന്നത്. കല്‍മാഡിയെ നിയമിക്കാന്‍ തീരുമാനിച്ച പിഎംഒ 2014 മെയ് 17 ന് മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെ ഇല്ലാതായതാണ്. ഇന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴിലുള്ള പിഎംഒയാണ്. അഴിമതിക്ക് വഴിയൊരുക്കി മന്‍മോഹന്‍സിംഗിന്റെ പിഎംഒ എടുത്ത ഒരു തീരുമാനം നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് 'ഹിന്ദു' പത്രം. ഉദാത്തമായ പത്രധര്‍മത്തെക്കുറിച്ചും ധീരമായ പത്രപ്രവര്‍ത്തനത്തെക്കുറിച്ചും വാചാലമാവുന്ന ഒരു ദേശീയ പത്രം ഇത്രയൊക്കെ തരംതാഴാമോ? കാലാവസ്ഥാ പ്രവചനം മാത്രമാണ് മൈലാപ്പൂര്‍ മാര്‍ക്‌സിസ്റ്റുകളുടെ പത്രത്തില്‍ ഇപ്പോള്‍ വസ്തുനിഷ്ഠമായിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.