ഫോര്‍ട്ട് കൊച്ചി ബോട്ടപകടം; മരണസംഖ്യ എട്ടായി

Thursday 27 August 2015 11:35 pm IST

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം എട്ടായി. ഫോര്‍ട്ടുകൊച്ചി വെളി സ്വദേശി വിജയന്‍(60), കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷ(17) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വിജയന്റെ മൃതദേഹം ബി.ഒ.ടി പാലത്തിന് സമീപത്ത് അടിയുകയായിരുന്നു. ചെല്ലാനത്ത് നിന്നാണ് സുജിഷയുടെ മൃതദേഹം കിട്ടിയത്. സുജിഷയുടെ അമ്മ സിന്ധു അപകടത്തില്‍ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ 11.30 ഓടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം പള്ളുരുത്തി പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിലുള്ള സമീറ(28), ബീവി(40) എന്നിവരുടെ നില അതീവഗുരുതരമായി തുടരുകയാണ്. രാവിലെ മത്സ്യബന്ധനത്തിറങ്ങിയ തൊഴിലാളികളാണ് ചെല്ലാനം തീരത്തോട് ചേര്‍ന്ന് സുജിഷയുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്കായി ഇന്നലെയും തിരച്ചില്‍ തുടര്‍ന്നു. പരിക്കേറ്റ 20 പേര്‍ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രി, ഗൗതം  ആശുപത്രി, കരുവേലിപ്പടി മഹാരാജാസ്, മെഡിക്കല്‍ ട്രസ്റ്റ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരികയായിരുന്ന 'എം.വി ഭാരത്' എന്ന ബോട്ടാണ് ബുധനാഴ്ച ഉച്ചയ്ക്ക് 1.40ന് അപകടത്തില്‍പ്പെട്ടത്. ജെട്ടിയില്‍ നിന്ന് ഡീസല്‍ നിറച്ച് പോകുകയായിരുന്ന മീന്‍പിടിത്ത ബോട്ട് അമിത വേഗത്തില്‍ യാത്രാബോട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നെടുകെ പിളര്‍ന്ന ബോട്ട് പൂര്‍ണമായും മുങ്ങി. രാവിലെ ഫോറന്‍സിക്ക് വിദഗ്ധര്‍ ബോട്ടില്‍ പരിശോധന നടത്തി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബോട്ടിന്റെ സുരക്ഷിതത്വപരിശോധന നടത്തുക ഫോര്‍ട്ട്‌കൊച്ചി അതോറിറ്റിയാണ്. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ തന്നെ അപകടത്തില്‍പെട്ട ബോട്ടിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നത് തട്ടിപ്പാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബോട്ടിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ മോഡല്‍ സംബ്ധിച്ച കോളം ഒഴിച്ചിട്ടിരിക്കുകയാണ്. പഴക്കം അറിയാതിരിക്കാനാണിതെന്നാണ് സംശയം.  മത്സ്യബന്ധന ബോട്ട് ഓടിച്ചിരുന്ന കണ്ണമാലി ഷൈജുവിന് ഡ്രൈവിംഗ് ലൈസന്‍സില്ല. ബോട്ടിന് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നു. ആകെ മൂന്നു ലൈഫ്‌ബോയ്മാത്രമാണ് ഇതില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും തീരസംരക്ഷണസേനയും തീരദേശ പോലീസും ഉണ്ടായിട്ടും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. തുറമുഖ ട്രസ്റ്റിന്റെ ക്രെയിന്‍ എത്താന്‍ മൂന്നു മണിക്കൂറിലേറെ എടുത്തു. 23 പേര്‍ മാത്രമാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍, ജീവനക്കാരടക്കം ബോട്ടില്‍ മുപ്പത്തഞ്ചിലേറെപ്പേരുണ്ടായിരുന്നെന്നാണ് രക്ഷപ്പെട്ടവര്‍ പറഞ്ഞത്. 28 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചതിനു ശേഷമാണ് സഹായ പ്രഖ്യാപനം. ഇതേസമയം അപകടസ്ഥലത്ത് കണ്‍ട്രോള്‍ റൂം തുറക്കാന്‍ പോലീസ് തയ്യാറാകാത്തതിനെതിരെയും  ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.