ഓണം IN ന്യൂജനറേഷന്‍

Friday 9 September 2016 10:44 am IST

മാവേലി നാട് വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നു പോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും... ലോകമൊട്ടാകെയുള്ള മലയാളികള്‍ സ്വകാര്യ അഹങ്കാരമായും അഭിമാനത്തോടെയും കേള്‍ക്കാനാഗ്രഹിക്കുന്ന ഓണപ്പാട്ട്. പാശ്ചാത്യ സംസ്‌കാരവുമായി പൊരുത്തപ്പെട്ട് ജീവിച്ചു പോരുന്ന കേരളീയന് താന്‍ മലായളിയാണെന്ന ഓര്‍മ്മ ഉളവാക്കുന്ന ഗാനം. അതിനുമപ്പുറം ന്യൂജനറേഷന്‍  എന്ന് പുകള്‍പെറ്റവര്‍ മറന്നു തുടങ്ങിയ ഗാനം. ഈ ഓണപ്പാട്ട് മാത്രമല്ല... ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനുഷ്ഠിച്ച് വന്നിരുന്ന പല കാര്യങ്ങളും പുതുതലമുറയ്ക്ക് അറിവുള്ളതല്ല എന്നതാണ് സത്യം. അത്തം നാളില്‍ പൂക്കളമിട്ട് തുടങ്ങുന്നതാണ് മലയാളികളുടെ ഓണതിമിര്‍പ്പിലേയ്ക്കുള്ള കാല്‍വെയ്പ്പ്. അത് അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞാല്‍ ഓണപ്പാട്ടും ഓണത്തല്ലും ഊഞ്ഞാലിടലും തുമ്പി തുള്ളലും പുലിക്കളിയും ഓണസദ്യ ഒരുക്കലുമൊക്കെയായി തിരുവോണനാളില്‍ പൊടിപൊടിക്കും. ഇന്ന് അതിന് സമയമില്ല, തിരക്കാണെന്നാണ് പുത്തന്‍തലമുറയുടെ വാദം. അല്ലെങ്കില്‍ ചെയ്യാനുള്ള മടികൊണ്ടുള്ള ഒഴിഞ്ഞുമാറല്‍. മഹാബലി ആരാണെന്ന് ചോദിച്ചാല്‍ ബാഹുബലിയുടെ ആരെങ്കിലുമാണോ എന്ന് ചോദിക്കുന്നവര്‍ പോലും ഈ കൂട്ടരില്‍ സജീവമാണ്. അതായത് മഹാബലിയും വാമനനുമെല്ലാം മുത്തശ്ശികഥകളില്‍ പോലും ഇനി കഥാപാത്രങ്ങളാകാനിടയില്ല. കുറച്ച് കൂടി കഴിഞ്ഞാല്‍ ഏതോ ഒരാഘോഷം എന്നാകും ഓണത്തെ പറ്റിയുള്ള പുതുതലമുറയില്‍ നിന്നുള്ള മറുപടി. മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം അവന്റെ ജീവിതത്തിലെ അനിവാര്യ ഘടകമാണ്. ഓണക്കോടിയും ഓണസദ്യയും ഓണാഘോഷവും മലയാളികളുടെ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു. പുരാണത്തിലെ ഒരു സങ്കല്‍പ്പമാണെങ്കിലും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ മലയാളി ജനങ്ങളെ എങ്ങനെ കണ്ടിരുന്നു എന്നതിന് തെളിവാണ് മനുഷ്യരെല്ലാവരും ഒന്നുപോലെ എന്നത്. അവിടെ ജാതി മത ഭേദമില്ല, പണ്ഡിത പാമര വ്യത്യാസമില്ല, ഒരു ചെറുപ്പവ്യത്യാസവുമില്ല. ഇങ്ങനെ ഒരാഘോഷം ഇന്ത്യയിലെവിടെയുമില്ലെന്ന് തന്നെ പറയാം. ലോകത്തെ ഏത് കോണിലുള്ള മലയാളിയും നാട്ടിലെത്താനാഗ്രഹിക്കുന്നത് ഓണാഘോഷ വേളകളിലായിരിക്കും. കുടുബത്തോടൊപ്പം ഓണസദ്യയില്‍ പങ്കുകൊള്ളാനായിരിക്കും. ഇപ്പോള്‍ അതും മാറി, ഓണനാളില്‍ വിഡ്ഢി പെട്ടിക്ക്(ടെലിവിഷന്‍) മുന്നില്‍ ചടന്നിരുന്ന് സമയം കളയുന്നതാണ് ഇന്നത്തെ പ്രധാന വിനോദം. ഉച്ച തിരിയുമ്പോഴേയ്ക്കും ക്യാറ്ററിംഗ് സര്‍വ്വീസുകള്‍ ഓണവിഭവങ്ങള്‍ എത്തിക്കുകയായി. 'ഓണവിപണി' യാണ് ഇന്ന് കേരളത്തെ അടക്കി വാഴുന്ന മറ്റൊരു ഘടകം. മറ്റേത് ആഘോഷങ്ങളെയും പോലല്ല, 'കാണം വിറ്റും ഓണം ഉണ്ണെണം' എന്ന പഴമൊഴിയെ അന്വര്‍ത്ഥപ്പെടുത്താന്‍ മലയാളികള്‍ പാടുപെടുന്നിടത്താണ് ഓണവിപണിയുടെ വിജയം.  മലയാളികളുടെ കീശയില്‍ നിന്ന് പണം പുറത്തെടുക്കാന്‍ ഓണക്കാലത്ത് 'ഓഫറുകള്‍' കൊണ്ടുവരുന്നതും കച്ചവടതന്ത്രത്തിന്റെ ഭാഗമാണ്. എന്തിനും ഏതിനും പണം മുടക്കുന്ന മലയാളികള്‍ സ്വന്തം ഭാഗ്യം പരീക്ഷിക്കാനും മടിക്കാത്ത കാലമാണ് ഓണക്കാലം. അതുകൊണ്ട് തന്നെ ക്ലബുകളും വ്യാപാരസ്ഥാപനങ്ങളും പലതരം ഓഫറുകള്‍ കാണിച്ച് കൂപ്പണുകള്‍ വിതരണം ചെയ്യുന്നതും പതിവായി കഴിഞ്ഞു. നാനാവിധത്തിലുള്ള ഗ്രഹോപകരണങ്ങളുള്‍പ്പടെയുള്ള ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് വന്‍ ചിലവാണ് ഓണം സീസണില്‍. ഈ വിപണനതന്ത്രം അടുത്തകാലത്താണ് സ്വര്‍ണാഭരണശാലകളും മനസിലാക്കായത്. അക്ഷയതൃതീയ നാളുകളിലെ വില്‍പ്പനയെക്കാള്‍ സ്വര്‍ണം ഓണക്കാലത്ത് വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത് പ്രത്യേകിച്ച് വിവാഹ സമയം കൂടിയായതിനാല്‍ ഈ കാലം അവര്‍ക്ക് നല്ല കോളാണ്. ഇതേ തന്ത്രം തന്നെയാണ് തുണികടകളും ഇറക്കി തുടങ്ങിയത്. ഇവരെല്ലാം 50 ശതമാനം വരെയാണ് ഓഫറുകള്‍ നല്‍കുന്നത്. അതിനാല്‍ പരമാവധി സാധനങ്ങള്‍ ഇക്കാലത്ത് വീടുകളില്‍ എത്തിചേരും. പൊതുവേ ആഡംബര പ്രിയരായത് കൊണ്ട് വീടുകളില്‍ ഫര്‍ണീച്ചറുകള്‍ കൊണ്ട് നിറയ്ക്കാനും മലയാളികള്‍ മത്സരിക്കാറുണ്ട്. ഇവ മുതലാക്കുന്ന കച്ചവടക്കാര്‍ മേളകളും മറ്റും നടത്തി ആകര്‍ഷിക്കുന്നതും ഓണക്കാലത്തെ പതിവ് കാഴ്ച്ചയാണ്. എങ്കിലും പുതുതലമുറ പൂര്‍ണമായും ഓണത്തിന്റെ അന്ത:സത്തയെ കീറിമുറിച്ചെന്ന് പറയാന്‍ കഴിയില്ല. ആഡംബരങ്ങള്‍ക്ക് പിന്നാലെ പായുന്നതിനിടയില്‍ പഴമയുടെ നനിമ നഷ്ടപ്പെടുത്താതെ ഓണം ആഘോഷിക്കാന്‍ പുതുതലമുറ ശ്രമിക്കണം. ഇത്തവണത്തെ ഓണം അതിനൊരു നാന്ദിയാകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവര്‍ക്കും ഓണാശംസകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.