ഇത് അവസാനത്തെ ദുരന്തമാവണം

Thursday 27 August 2015 10:01 pm IST

അപകടത്തില്‍പ്പെട്ട ബോട്ട് കരക്കടുപ്പിക്കുന്നു

ഈ തിരുവോണത്തെ കണ്ണീരണിയിച്ച് കൊച്ചി കായലില്‍ ഉണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചത് എട്ടുപേരാണ്. ചിലരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെടുത്തിട്ടില്ല. ഉത്സവാഘോഷത്തിനിടെ  നടക്കുന്ന മൂന്നാമത്തെ ജലദുരന്തമാണിതെങ്കിലും ഇടതുവലതു ഭേദമെന്യേ ഭരണാധികാരികള്‍ ഇത്തരം ദുരന്തങ്ങള്‍ അന്വേഷിച്ച കമ്മീഷനുകള്‍  അവ ആവര്‍ത്തിക്കാതിരിക്കാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ യാതൊരു നടപടിയുമെടുക്കാത്തവരാണ്.

ബോട്ടപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നതിന്റെ മുഖ്യകാരണം ഈ അനാസ്ഥയാണ്.  കൊച്ചി കായലിലെ ദുരന്തത്തിന് സര്‍ക്കാര്‍ മാത്രമല്ല കൊച്ചി കോര്‍പ്പറേഷനും പോര്‍ട്ട് ട്രസ്റ്റ് അധികാരികളും ഉത്തരവാദികളാണ്. കൊച്ചിക്കായലില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ചാണ് യാത്രാബോട്ട് പിളര്‍ന്ന് മുങ്ങിയത് എന്നതുതന്നെ ബോട്ടിന്റെ പഴക്കം വിളിച്ചോതുന്നു.

35 വര്‍ഷം പഴക്കമുള്ള ഈ ബോട്ടിന് കോര്‍പ്പറേഷന്‍ 2017 വരെ യാത്രാനുമതി നല്‍കിയത് യാതൊരു പരിശോധനയും കൂടാതെയാണ്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പിളര്‍ന്നത് ഇത് തെളിയിക്കുന്നു. ബോട്ടിന് സുരക്ഷിതത്വമുണ്ടോ, കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടോ എന്നൊന്നും പരിശോധിക്കാതെ യാന്ത്രികമായി നല്‍കിയ അനുമതിയാണ് ഇപ്പോള്‍ എട്ടുപേരുടെ ജീവനെടുത്തത്. ഇത് കേരളത്തില്‍ നടക്കുന്ന ആദ്യ ബോട്ട് ദുരന്തമല്ല. തേക്കടിയിലും കുമരകത്തും തട്ടേക്കാട്ടും ബോട്ടു ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും പരിശോധിക്കാതെ ശീതീകരണിയില്‍വെച്ച് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കളമൊരുക്കുകയായിരുന്നു.

തേക്കടി ദുരന്തം അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന്‍ ബോട്ടുകളില്‍ സേഫ്ടി കമ്മീഷണര്‍മാര്‍ വേണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. മറ്റു രണ്ടു കമ്മീഷനുകളും സമാനമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി. കൃത്യമായ ഇടവേളകളില്‍ ബോട്ടുകള്‍ പരിശോധിക്കാന്‍ സംവിധാനം, ആവശ്യത്തിനുള്ള ലൈഫ് ജാക്കറ്റ്, ലൈഫ് ബോയകള്‍ മുതലായവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ദുരന്തത്തില്‍പ്പെട്ട ബോട്ടില്‍ ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളോ ലൈഫ് ബോയകളോ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഉള്ളവ കാലപ്പഴക്കം ചെന്നതുമായിരുന്നു. ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പുഞ്ചിരിതൂകി ആശ്വസിപ്പിച്ചതുകൊണ്ടോ ധനസഹായം പ്രഖ്യാപിച്ചതുകൊണ്ടോ മാത്രം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നില്ല.

കേരളം വെള്ളത്താല്‍ ചുറ്റപ്പെട്ട സംസ്ഥാനമാണ്. തടാകങ്ങളും കായലുകളും ഹൗസ്‌ബോട്ടുകളും വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ഖജനാവിലേയ്ക്ക് നല്ല വരുമാനവും നല്‍കുന്നുണ്ട്. എന്നിട്ടും ആവര്‍ത്തിക്കുന്ന ബോട്ടപകടങ്ങളെ തടയാന്‍ യാതൊരു നടപടിയെടുക്കാത്ത ഹൃദയശൂന്യതയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പ്രകടിപ്പിക്കുന്നത്. കൊച്ചി കായലില്‍ ഓടുന്ന ബോട്ടുകള്‍ ഏതാണ്ട് എല്ലാം തന്നെ ഇപ്പോള്‍ അപകടത്തില്‍പ്പെട്ട ബോട്ടിനെപ്പോലെ കാലപ്പഴക്കം ചെന്നവയാണ്. എന്നിട്ടും അതിന്റെ കാലാവധി 2017 വരെ കോര്‍പ്പറേഷന്‍ നീട്ടിക്കൊടുത്തത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. കായലില്‍ ഓടുന്ന ഹൗസ് ബോട്ടുകളുടെ സുരക്ഷയും ഉറപ്പാക്കേണ്ടതാണ്. ഇപ്പോള്‍ ജലഗതാഗത സുരക്ഷയ്ക്ക് കര്‍ശനനിയമം കൊണ്ടുവരുമെന്നു പറയുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുത്തില്ല എന്ന ചോദ്യത്തിന് മറുപടി പറഞ്ഞേ തീരൂ. ധനസഹായം നല്‍കിയതുകൊണ്ടുമാത്രം മരിച്ചവരുടെ നഷ്ടം നികത്താനാവില്ല.

കൊച്ചി ബോട്ട് ദുരന്തത്തിന് ഉത്തരവാദികളായവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. 48 ലൈഫ് ബോയകള്‍ വേണ്ട സ്ഥലത്ത് മൂന്ന് പഴകിയ ലൈഫ് ബോയ മാത്രമാണ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ ഉണ്ടായിരുന്നത്. മത്സ്യബന്ധന ബോട്ട് ഓടിച്ച ആള്‍ക്ക് ലൈസന്‍സ് പോലും ഇല്ലായിരുന്നു. അനുവദനീയമായതിലുമധികം യാത്രക്കാരെ ബോട്ടില്‍ കയറ്റാനും കോര്‍പ്പറേഷനും സര്‍ക്കാരും നിസ്സംഗതയോടെ അനുവദിക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ബോട്ട് സര്‍വീസ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്.

കോര്‍പ്പറേഷന്‍ സര്‍വീസ് നടത്തിയിരുന്ന കാലത്തെ ബോട്ടുകളാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്.  കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും അനാസ്ഥയാണ് ഇത് തെളിയിക്കുന്നത്. ഇപ്പോഴത്തെ ദുരന്തത്തിന് ശേഷവും സര്‍ക്കാര്‍ മറ്റൊരു അന്വേഷണ കമ്മീഷനെ നിയമിച്ച് കൈകഴുകും എന്നുവേണം കരുതാന്‍.  അന്വേഷണ റിപ്പോര്‍ട്ടുകളില്‍ യാതൊരു നടപടിയും എടുക്കുകയുമില്ല. ഇവിടെ ഒരു ജലവിഭവ മന്ത്രിയുണ്ടെന്നാണ് വയ്പ്പ്. ഈ വകുപ്പ് കാര്യക്ഷമമല്ല എന്നാണ് കൊച്ചി ബോട്ട് ദുരന്തം വിളിച്ചോതുന്നത്. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ കേരളത്തിലെ ജലാശയങ്ങളില്‍ ആവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്. അതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.