സര്‍ക്കാര്‍-ട്രേഡ് യൂണിയന്‍ ചര്‍ച്ച സമാപിച്ചു; പത്ത് ആവശ്യങ്ങള്‍ അംഗീകരിച്ചു

Thursday 27 August 2015 10:26 pm IST

ന്യൂദല്‍ഹി: തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച പന്ത്രണ്ട് ആവശ്യങ്ങളില്‍ പത്തും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. മിനിമം വേതനം, കരാര്‍ തൊഴില്‍ എന്നിവ ഉള്‍പ്പെടെ പ്രധാന എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടതോടെ സപ്തംബര്‍ 2ന് പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്ക് തൊഴിലാളി സംഘടനകള്‍ പിന്‍വലിച്ചേക്കും. ഇതുസംബന്ധിച്ച ചര്‍ച്ചയ്ക്കായി ഇന്ന് 3 മണിക്ക് ഐഎന്‍ടിയുസി ആസ്ഥാനത്ത് തൊഴിലാളി സംഘടനകള്‍ യോഗം ചേരും. കേന്ദ്രധനമന്ത്രി, തൊഴില്‍മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ രാജ്യത്തെ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചത്. മിനിമം വേതനം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ അവിടുത്തെ ജനങ്ങളുടെ സാമ്പത്തിക നിലവാരം അനുസരിച്ച് മൂന്നായി തിരിച്ച് മിനിമം വേതനം നടപ്പാക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം കേന്ദ്രതൊഴില്‍ മന്ത്രാലയം പുറപ്പെടുവിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. കരാര്‍ തൊഴില്‍രീതി ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളില്‍ നിന്നും പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നും രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ അംഗത്വം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അംഗന്‍വാടി-ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി സമൂഹത്തിനായി 8 കേന്ദ്രപദ്ധതികള്‍ ഉപയോഗപ്പെടുത്തും. ജന്‍ധന്‍ യോജന, ജീവന്‍ ഭീമ, ജീവന്‍ സുരക്ഷ, അടല്‍ പെന്‍ഷന്‍ യോജന, യുവിന്‍ കാര്‍ഡ്, മിനിമം പെന്‍ഷന്‍, മുദ്രബാങ്ക്, സുകന്യ സമൃദ്ധി എന്നീ പദ്ധതികളാണ് തൊഴിലാളി സമൂഹത്തിനായി നടപ്പാക്കുന്നത്. ട്രേഡ് യൂണിയനുകളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നിലവില്‍ 1-2 വര്‍ഷം കാലതാമസമെടുത്തിരുന്നത് 45 ദിവസമാക്കി നിജപ്പെടുത്തി. 45 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ലഭ്യമാകുന്നില്ലെങ്കില്‍ സ്വാഭാവികമായും ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കാക്കപ്പെടും. 21000 രൂപ വരെ ശമ്പളമുള്ള തൊഴിലാളികള്‍ക്ക് ബോണസ് ലഭ്യമാക്കും. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തെഴുതും. തൊഴില്‍ നിയമ ഭേദഗതി ത്രികക്ഷി സംവിധാനത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം മാത്രമേ പാര്‍ലമെന്റില്‍ അവതരിപ്പിക്കൂ തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു. കുറഞ്ഞ പെന്‍ഷന്‍ 3000 ആക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ 15 രൂപ വരെ മാസ പെന്‍ഷന്‍ ഉണ്ടായിരുന്നെന്നും അതാണ് ആയിരമായി നിജപ്പെടുത്തിയിരിക്കുന്നതെന്നുമുള്ള വിശദീകരണം തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കി. ധാന്യങ്ങള്‍ക്കൊഴികെ മറ്റെല്ലാ സാധനങ്ങള്‍ക്കും വിലനിയന്ത്രണം ബാധകമാക്കിയെന്നും ധാന്യങ്ങളുടെ വിലയും നിയന്ത്രണവിധേയമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാവശ്യമായ സ്‌കില്‍ വികസനം, ഡിജിറ്റല്‍ ഇന്ത്യ, മേയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും ട്രേഡ് യൂണിയനുകളെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സപ്തംബര്‍ 2ന് പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കില്‍ നിന്നും ട്രേഡ് യൂണിയനുകള്‍ പിന്തിരിയണമെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് വിവിധ ട്രേഡ് യൂണിയനുകള്‍ അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയുടെ ആദ്യ ദിനം തന്നെ സമരവുമായി മുന്നോട്ടെന്ന നിലപാടാണ് സിഐടിയു എടുത്തിരിക്കുന്നത്. എങ്കിലും മറ്റു യൂണിയനുകളുടെ നിലപാട് സിഐടിയുവിനെയും പണിമുടക്കില്‍ നിന്നും പിന്തിരിയാന്‍ നിര്‍ബന്ധിതമാക്കിയേക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ ബിഎംഎസ് സമ്പൂര്‍ണ്ണ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.