ജി-സാറ്റ് 6 ഭ്രമണപഥത്തില്‍

Thursday 27 August 2015 11:43 pm IST

ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വൈകിട്ട് 4.52ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി ഡി 6 എന്ന ഉപഗ്രഹവിക്ഷേപിണി ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നു. 4.57ന് രണ്ടാം ഘട്ട റോക്കറ്റും 4.58ന് മൂന്നാം ഘട്ട റോക്കറ്റും വിജയകരമായി ജ്വലിച്ചു. ഭാരതം സ്വന്തമായി വികസിപ്പിച്ചെടുത്ത അതിശീത എന്‍ജിനാണ്(ക്രയോജനിക് എന്‍ജിന്‍) മൂന്നാം ഘട്ടത്തില്‍ ഉപയോഗിച്ചത്. 5.10ഓടെ ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തി. ആറ് മീറ്റര്‍ വ്യാസമുള്ള എസ്ബാന്‍ഡ് ആന്റിനയാണ് ജിസാറ്റ് 6 ന്റെ പ്രത്യേകത. ഐഎസ്ആര്‍ഒ ഇതുവരെ ശൂന്യാകാശത്ത് ഉയര്‍ത്തിയിട്ടുള്ള ഏറ്റവും വലിയ ആന്റിനയാണ് ഇത്. ചെയര്‍മാന്‍ കിരണ്‍ കുമാര്‍ പറഞ്ഞു. ഐഎസ്ആര്‍ഒ നിര്‍മ്മിച്ച ഭാരതത്തിന്റെ 25ാമത് ഭൂസ്ഥിര വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6. ജിസാറ്റ് പരമ്പരയില്‍ പെട്ട പന്ത്രണ്ടാമത്തെ ഉപഗ്രഹവും. എസ് ബാന്‍ഡ് ആന്‍ിനയിലെ അഞ്ച് സ്‌പോട്ട് ബീമുകളും സി ബാന്‍ഡിലുള്ള ഒരു നാഷണല്‍ ബീമും വഴിയാകും വാര്‍ത്താവിനിമയം സുഗമമാക്കുക. ഭൂമിയില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ മാത്രമേ സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ കഴിയൂയെന്നതാണ് സ്‌പോട്ട് ബീമുകളുടെ പ്രത്യേകത. അതായത് നാം ലക്ഷ്യമിടുന്ന സ്ഥലങ്ങളില്‍ മാത്രമേ സിഗ്‌നലുകള്‍ ലഭിക്കൂ. സൈനികാവശ്യങ്ങള്‍ക്കാണ് സി ബാന്‍ഡ് ബീം ഉപയോഗിക്കുക. കര്‍ണ്ണാടകത്തിലെ ഹസനിലുള്ള മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയാണ് ഉപഗ്രഹം നിയന്ത്രിക്കുക. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന അപ്പോജി മോട്ടോര്‍ ഉപയോഗിച്ച് ഭ്രമണപഥം ഉയര്‍ത്തി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിക്കുകയാകും ആദ്യം ചെയ്യുക. അതിനു ശേഷം ആന്റിന വിന്യസിക്കും. 2117 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. ഒന്‍പതു വര്‍ഷമാണ് കാലാവധി. ജിഎസ്എല്‍വിയുടെ ഒന്‍പതാമത്തെ വിജയകരമായ വിക്ഷേപണമാണിത്. ജിസാറ്റ് 6 വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുമോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.