കൊഴിഞ്ഞുപോക്ക് തടയാന്‍ സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നു: ബിജെപി

Saturday 29 August 2015 8:01 pm IST

തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചുവിടാന്‍ ആസൂത്രിതശ്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ ആക്രമണങ്ങള്‍ ഇതിന്റെ ഭാഗമാണ്. സിപിഎം വിട്ട് അണികള്‍ വലിയതോതില്‍ ബിജെപി-ആര്‍എസ്എസ് സംഘടനകളില്‍ ചേര്‍ന്ന കാഞ്ഞങ്ങാട്, കണ്ണൂര്‍, നാദാപുരം, തൃശ്ശൂര്‍, തൊടുപുഴ, കായംകുളം തുടങ്ങിയ സ്ഥലങ്ങളിലാണ് അക്രമം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന തദ്ദേശസ്വയംഭരണ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയഭീതി പൂണ്ടാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം സിപിഎം കേരളത്തില്‍  ആക്രമണങ്ങള്‍ നടത്തിയത്. ബംഗാളില്‍ സമ്പൂര്‍ണമായി തകര്‍ന്നടിഞ്ഞ പാര്‍ട്ടി അക്രമപ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുകയാണ്. വലിയതോതില്‍ ജനസ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ബിജെപി-ആര്‍എസ്എസ് സംഘടനകളെ ചോരയില്‍ മുക്കി കൊല്ലാമെന്നാണ് സിപിഎം നേതാക്കള്‍ ധരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെമ്പാടുമുള്ള ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഇന്നലെ രക്ഷാബന്ധന്‍ ആഘോഷിക്കുന്ന ദിവസമായിരുന്നു. കേരളത്തില്‍ രക്ഷാബന്ധന്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ നിരവധിപേര്‍ സിപിഎം വിട്ട് ബിജെപി-ആര്‍എസ്എസ് സംഘടനകളില്‍ ചേരാന്‍ തയ്യാറായിരുന്നു. പരിപാടിക്കിടെ അണികള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ഒഴുകുമെന്ന സാഹചര്യം മുന്‍കൂട്ടി കണ്ട് തടയിടാനാണ് സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമം അഴിച്ചുവിട്ടത്. സിപിഎമ്മിന്റെ അക്രമത്തിനുള്ള ആസൂത്രിതനീക്കം മുന്‍കൂട്ടി കണ്ട് കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരും ആഭ്യന്തരവകുപ്പും പൂര്‍ണമായി പരാജയപ്പെട്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ആക്രമണകാരികളായ സിപിഎമ്മിനെയും അക്രമത്തിന് ഇരയായ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയും ഒരുപോലെ കാണുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിലപാട് അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങള്‍ അടിച്ചമര്‍ത്തി ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. താന്‍ വിശ്വസിക്കുന്ന ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു നിന്ന് പ്രവര്‍ത്തിക്കാനുള്ള അവകാശം ജനാധിപത്യസംവിധാനത്തില്‍ എല്ലാ പൗരന്മാര്‍ക്കുമുണ്ട്. അതിന് തടയിടാന്‍ ശ്രമിച്ചാല്‍ എല്ലാ ജനാധിപത്യവിശ്വാസികളെയും ഒറ്റക്കെട്ടായി അണിനിരത്തി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.