ആളില്ലാതിരുന്ന വീട്ടില്‍ മോഷണം: 20 പവന്‍ സ്വര്‍ണം അപഹരിച്ചു

Saturday 29 August 2015 8:42 pm IST

മാവേലിക്കര: ആളില്ലാതിരുന്ന വീട്ടില്‍ നിന്നും മോഷ്ടാക്കള്‍ 20 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ചു. തഴക്കര പൈനംമൂട് ജോയി കോട്ടേജില്‍ ആനി ടി.കോശിയുടെ വീട്ടിലാണ് ഉത്രാട ദിവസം രാത്രി മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി സൂക്ഷിച്ചു വെച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന പേള്‍ സെറ്റും ആണ് മോഷണം പോയത്. ഹോം നഴ്‌സ് ഓണം പ്രമാണിച്ച് വീട്ടില്‍ പോയിരുന്നതിനാല്‍ ആനി ഉത്രാടദിവസം രാത്രി കുന്നത്തുള്ള ബന്ധുവീട്ടിലാണ് തങ്ങിയത്. തിരുവോണ ദിവസം രാവിലെ ആറോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാരകള്‍ കുത്തിത്തുറക്കുകയും സാധനങ്ങള്‍ വലിച്ചു വാരിയിടുകയും ചെയ്തു. അലമാരയിലെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് അപഹരിച്ചത്. അടുക്കള ഭാഗത്തെ ഗ്രില്‍ തകര്‍ത്ത് പുറത്തിറങ്ങിയ മോഷ്ടാവ് ഔട്ട് ഹൗസും കുത്തിത്തുറന്നു പരിശോധന നടത്തി. വീടിന്റെ ആധാരവും മറ്റും വെളിയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടു. മക്കള്‍ വിദേശത്തായതിനാല്‍ ആനി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സഹായത്തിന് കഴിഞ്ഞ അഞ്ചു മാസമായി ഹോം നഴ്‌സ് ഉണ്ടായിരുന്നു. പൈനുംമൂട് ജംക്ഷനിലെ രണ്ടണ്ട് പച്ചക്കറി കടകളിലും ലോട്ടറി ഏജന്‍സിയിലും തഴക്കരയിലെ ഒരു ഇലകട്രിക്കല്‍ കടയിലും മോഷണം നടന്നു. മാവേലിക്കര പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.