സിപിഎം-ഡിവൈഎഫ്‌ഐ അക്രമം നിരവധി പേര്‍ക്ക് പരിക്കേറ്റു

Saturday 29 August 2015 8:44 pm IST

ഹരിപ്പാട്: മുതുകുളം, ചേപ്പാട് ഭാഗങ്ങളില്‍ സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ വ്യത്യസ്ത അക്രമങ്ങളില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതുകുളം മാളിയേക്കല്‍ ജംഗ്ഷന് പടിഞ്ഞാറ് വിമുക്തഭടനായ തോട്ടയില്‍ നാരായണന്‍നായര്‍ (68), മകന്‍ പ്രദീപ് (37), ചേപ്പാട് മുളമൂട്ടില്‍ വീട്ടില്‍ അരുണ്‍ (16) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ബൈക്കുകളില്‍ ഇരുപതംഗ സിപിഎം, ഡിവൈഎഫ്‌ഐ സംഘം വടിവാളും കമ്പിവടികളുമായി നാരായണന്‍ നായരുടെ വീട്ടിലെത്തുകയായിരുന്നു. രാജേഷിനെ തിരക്കിയെത്തിയ സംഘം കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറിവാതിലിന് സമീപം നില്‍ക്കുകയായിരുന്ന നാരായണന്‍ നായരുടെ തലയ്ക്ക് വെട്ടി. കൈകൊണ്ടു തടഞ്ഞതിനാല്‍ വലതുകൈയുടെ തള്ളവിരലിന് വെട്ടേറ്റു. ഇതിന്‌ശേഷം അകത്തുണ്ടായിരുന്ന പ്രദീപിനെ വടിവാള്‍ കൊണ്ട് മാരകമായി വെട്ടുകയും ചുറ്റിക കൊണ്ട് ഇടതുകാല്‍ മുട്ടിന് അടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെയും സംഘം മര്‍ദ്ദിച്ചു. പ്രദീപിന്റെ സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍. വീടിന് പുറത്ത് കാത്തുനിന്ന അക്രമിസംഘം ജനലിന്റെ ഗ്ലാസുകളും തല്ലിത്തകര്‍ത്തു. സംഘത്തിലെ ചിലര്‍ ഹെല്‍മറ്റും മുഖമ്മൂടിയും ധരിച്ചിരുന്നതായി നാരായണന്‍നായര്‍ പറഞ്ഞു. ഷിഹാബ്, ഷെമീര്‍, സാഗര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ചേപ്പാട് മുട്ടം ജംഗ്ഷനില്‍ ഓണാഘോഷ പരിപാടിയ്‌ക്കെത്തിയ അരുണിനെ ഡിവൈഎഫ്‌ഐ ക്കാരായ കണ്ണന്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ചികിത്സയില്‍ കഴിയുന്നവരെ ആര്‍എസ്എസ്, ബിജെപി നേതാക്കന്മാര്‍ സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.