ഓണാഘോഷത്തിനിടെ ആക്രമണം; ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Saturday 29 August 2015 9:54 pm IST

ചെങ്ങന്നൂര്‍: തിരുവോണദിവസത്തെ ആഘോഷങ്ങള്‍ക്കിടെ നടന്ന ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തൂ. പുലിയൂര്‍, തിങ്കളാമുറ്റം ആശാരിയയ്യത്ത് ശശിയുടെ മകന്‍ സിജു (28) ആണ് മരിച്ചത്. പാണ്ടനാട് സദ്ഗമയില്‍ ശരത് (32), ചെങ്ങന്നൂര്‍ തിട്ടമേല്‍ പുളിക്കയില്‍ വീട്ടില്‍ സ്‌കറിയ എബ്രഹാം (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓണാഘോഷമായി ബന്ധപ്പെട്ട് കീഴ്‌ചേരിമേല്‍ കൊളംബിയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ലയണ്‍സ് കഌബ്ബ് ഹാളില്‍ നടന്ന കലാപരിപാടികള്‍ക്കിടയിലായിരുന്നു സംഭവം. പരിപാടിയുടെ ഭാഗമായി രാത്രി 8.30 ഓടെ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിനിടയില്‍ പുറത്തുനിന്നും ഓട്ടോറിക്ഷയില്‍ എത്തിയ  സിജു ഉള്‍പ്പടെയുള്ള ആറംഗസംഘം ആയുധങ്ങളുമായി അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി പേരെ മദ്യപിച്ചെത്തിയ ഇവര്‍ അസഭ്യം വിളിക്കുകയും അക്രമിക്കുകയായിരുന്നു. അക്രമം നടത്തുന്നവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിപാടികള്‍ കാണാന്‍ എത്തിയ ശരത്തിനും, സ്‌കറിയാ എബ്രഹാമിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകുകയുമായിരുന്നു. ഇതിനിടയിലാണ് സിജുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണം സംഭവിക്കുന്നതും. എന്നാല്‍ മരണകാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവുമായ് ബന്ധപ്പെട്ട് പതിനഞ്ചോളം പേരെ എസ്‌ഐ ഡി.വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ രാത്രിയോടെ പിടികൂടി. എഎസ്പി ഡോ.അരുള്‍.ആര്‍.കൃഷ്ണ സിഐ ആര്‍.ബിനു, എസ്‌ഐ കെ.പി.ധനീഷ് എന്നിവരുടെ  നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരികയുമാണ്. പരുക്കേറ്റ ശരത്, സ്‌കറിയാ എബ്രഹാം എന്നിവരെ തിരുവല്ലയിലെ സ്വകാര്യമെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ മുന്‍പ് നഗരത്തിലെ ബിയര്‍ പാര്‍ലറില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സിജുവിന്റെ മൃതദേഹം പോസ്റ്റ്മാട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ രത്‌നമ്മ, സഹോദരി സ്മിത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.