ശ്രീനാരായണ ഗുരുദേവന്‍ മാനവികത പുനഃസ്ഥാപിച്ചു: ഡോ. മഹേഷ് ശര്‍മ

Monday 31 August 2015 1:41 am IST

പോത്തന്‍കോട്: കഴിഞ്ഞനൂറ്റാണ്ടില്‍ കേരളത്തില്‍ മാനവികത പുനഃസ്ഥാപിച്ച മഹാനാണ് ശ്രീനാരായണഗുരുദേവനെന്ന് കേന്ദ്ര ടൂറിസം-സാംസ്‌കാരിക മന്ത്രി ഡോ മഹേഷ് ശര്‍മ പറഞ്ഞു. കേരളീയര്‍ക്കു മാത്രമല്ല ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശം ഉത്തമമാണ്. ഭാരതീയ പാരമ്പര്യത്തിലെ അമൂല്യ സ്വത്താണ് ശ്രീനാരായണ ഗുരുദേവനെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ചെമ്പഴന്തി ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 161-ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ മഹേഷ് ശര്‍മ. ഗുരുദേവന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏതെങ്കിലുമൊരു വിഭാഗത്തിന് മാത്രമായുള്ളതല്ല. മുഴുവന്‍ മാനവരാശിക്കും വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. രാജ്യത്തെ 70-80 ശതമാനം വരുന്ന സാധാരണക്കാരും കര്‍ഷകരുമായ പാവപ്പെട്ടവരെ ജാതിമത ഉച്ചനീചത്വങ്ങള്‍ പറഞ്ഞ് വേര്‍തിരിക്കുന്നതും അടിച്ചമര്‍ത്തുന്നതും ക്രൂരതയാണ്. അത്തരം മനുഷ്യത്വവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ തപസ്സുകൊണ്ട് നേരിടാമെന്നാണ് ഗുരുദേവന്‍ കാണിച്ചുതന്നത്. രാജ്യത്തെ സാധാരണപൗരന്മാരില്‍ വരെ ഗുരുദേവ സന്ദേശം എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിജ്ഞാബദ്ധമാണ്. അതിനായി എന്തുചെയ്യണമെന്ന ഉപദേശം ചെമ്പഴന്തി ഗുരുകുലത്തിലെ സന്ന്യാസിവര്യന്മാര്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.