ചരിത്രമായി ഗുരുജയന്തി മെഗാ തിരുവാതിര

Sunday 30 August 2015 9:14 pm IST

ചേര്‍ത്തല: ഗുരുചരിതം ഈണമായി, കണിച്ചുകുളങ്ങരയില്‍ നടന്ന ഗുരുജയന്തി മെഗാതിരുവാതിരയില്‍ അംഗനമാര്‍ ചുവടുവച്ചത് ചരിത്രത്തിന്റെ താളുകളിലേക്ക്. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ സ്‌കൂള്‍ മൈതാനിയില്‍ നടത്തിയ മെഗാതിരുവാതിരയില്‍ മൂവായിരത്തോളം അംഗനമാരാണ് അണിനിരന്നത്. സ്‌കൂള്‍ മൈതാനിയില്‍ തയ്യാറാക്കിയ രണ്ട് റൗണ്ടുകളിലെ വൃത്തങ്ങളിലായി യൂണിയനിലെ വിവിധ ശാഖകളിലെ വനിതാ പ്രവര്‍ത്തകാണ് ചുവടുവച്ചത്. കുരവ വിളികളോടെയായിരുന്നു തുടക്കം. അരുവിപ്പുറം വാഴും ശിവനു തനയനാം ഗണപതിയെയും വര്‍ക്കലയില്‍ വാഴും ശാരദാദേവിയെയും സ്തുതിച്ച് തുടങ്ങിയ ഗാനം പിന്നീട് ചെമ്പഴന്തി ഗ്രാമത്തിലെ വയല്‍വാരം വീട്ടില്‍ നന്മയുള്ള ചിന്തയോടെ യോഗി ജനിച്ചതുമുതല്‍ ഗുരുവിന്റെ ജീവചരിത്രമാണ് അനാവരം ചെയ്തത്.മുന്‍വര്‍ഷങ്ങളിലെ ജയന്തിഘോഷയാത്രയ്ക്ക് പകരമായാണ് ഇത്തവണ മെഗാതിരുവാതിരകളി നടത്തിയത്. ഇരുപത്തിയഞ്ച് മിനിട്ട് നീണ്ട തിരുവാതിരകളിക്ക് ഗാനരചയിതാവ് രാജീവ് ആലുങ്കലാണ് ഗാനം രചിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം ആസ്പദമാക്കിയാണ് ഗാനം രചിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനത്തിന്റെ പൂര്‍ണ്ണതയ്ക്കാണ് നാട് സാക്ഷിയായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.