തെര.കമ്മീഷനെ ആര്‍ക്കാണ് പേടി?

Sunday 30 August 2015 9:37 pm IST

കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സംസ്ഥാനത്തെ വൃത്തികെട്ട യുഡിഎഫ്-എല്‍ഡിഎഫ് രാഷ്ട്രീയത്തേലേക്ക് പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ വലിച്ചിഴച്ച് കളങ്കപ്പെടുത്തുന്നത് നിയമലംഘനമായേ കണക്കാക്കാനാകൂ. 2015 നവംബര്‍ ഒന്നിന് പുതിയ തദ്ദേശ ഭരണസമിതികള്‍ നിലവില്‍വരുന്നത് ഏതുവിധേനെയും നീട്ടിവെയ്പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കുവാന്‍ യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത് അപലപനീയമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തര്‍ക്കം ഉണ്ടാക്കിയത് തെരഞ്ഞെടുപ്പു കമ്മീഷനാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ യുഡിഎഫിലെ ചില കക്ഷികള്‍ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന ഭരണഘടനാ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്. നിയമപ്രകാരം നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍വരുന്നത് പുതിയ പഞ്ചായത്ത്-നഗരസഭ വിഭജന പ്രക്രിയ പൂര്‍ത്തിയാകാത്തത് തടസ്സമാകുമെന്നതിനാല്‍ കഴിഞ്ഞതവണത്തെ വാര്‍ഡുകളും കൗണ്‍സിലുകളും തന്നെയായി തെരഞ്ഞെടുപ്പു നടത്തുന്നതാണ് തര്‍ക്കങ്ങള്‍ക്കും പരാതികള്‍ക്കും ഇടവരാതിരിക്കുന്നതിന് നല്ലതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിന് എന്ത് തെറ്റാണുള്ളത്? കേരളത്തിലെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കുന്നതിന് തുല്യമായിപ്പോയി ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യവസായമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിമാരും സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ കണ്ടത്. ഇലക്ഷന്‍ വേഗം നടത്തണമെന്നോ, സുതാര്യവും നിഷ്പക്ഷവും നീതിയുക്തവുമായി ഇലക്ഷന്‍ നടത്തണമെന്നോ ആവശ്യപ്പെടാനായിരുന്നില്ല ഇത്. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലവിലുള്ള കേസ് സപ്തംബര്‍ മൂന്നിന് പരിഗണിക്കാനിരിയ്‌ക്കേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ച കമ്മീഷണറെ സ്വാധീനിക്കാന്‍ തന്നെയാണെന്ന് കരുതണം. നവംബര്‍ ഒന്നിന് സമിതികള്‍ ചാര്‍ജെടുക്കുന്നതിന് പകരം  ഡിസംബര്‍ ഒന്നിന് ആക്കണമെന്നുള്ളതായിരുന്നു സര്‍ക്കാരിന്റെ ദുരുദ്ദേശം.കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഒരു മാസം വൈകിയാണ് നടന്നതെന്നും ഏതാനും ദിവസത്തെ നീട്ടിവയ്ക്കല്‍ മാത്രമാണ് ആവശ്യപ്പെടുന്നതെന്നുമാണ് യുഡിഎഫ് വ്യാഖ്യാനം. 'പുതിയ'തായി രൂപീകരിച്ച 128 മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാര്‍ വാദം കമ്മീഷന്‍ തള്ളിയതിന് കമ്മീഷന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പക്ഷപാതപരമായ സമീപനമാണെടുക്കുന്നതെന്നും യുഡിഎഫിലെ ഒരു പ്രധാന ന്യൂനപക്ഷ കക്ഷി കുറ്റപ്പെടുത്തുകയുണ്ടായി. കമ്മീഷന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം  എതിര്‍ക്കില്ലെന്നും പറയപ്പെടുന്നു. ഭാരതത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയില്‍ എത്രയോ രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയകക്ഷികളുടെ മന്ത്രിമാരും ഭാരവാഹികളുമായി ഇരുന്നവര്‍ വന്നിട്ടുണ്ട്. എന്നാല്‍ നാളിതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും അവര്‍ എടുക്കുന്ന തീരുമാനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാറില്ല. എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ പോലുള്ള തസ്തികകളില്‍ ഇരിക്കുന്നവരെ രാഷ്ട്രീയമായി അവഹേളിച്ച് പൊതുജന മദ്ധ്യത്തില്‍ ഇടിച്ചുതാഴ്ത്തി പ്രസ്താവന നടത്തിയത് മുസ്ലിംലീഗുപോലുള്ള ഒരു പാര്‍ട്ടി ചെയ്യരുതായിരുന്നു. ഇതിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നത് ശിഥിലീകരണപ്രവണതയാണ്. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷണറെ സംസ്ഥാനത്തെ ഒരു മന്ത്രി ഭീഷണിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നു. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തരംതാണ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായ ഏതോ ഉദ്യോഗസ്ഥനോടെന്നപോലെ മന്ത്രിമാരും മുഖ്യമന്ത്രിയും ശാസിക്കുന്ന തലത്തിലേയ്ക്ക് കൊണ്ടുവന്നത് വളരെ ഗൗരവതരമാണ്. മുസ്ലിംലീഗിന് മന്ത്രിമാര്‍ ഏറെയുണ്ടെങ്കിലും എല്ലാ വകുപ്പുകളും തന്റെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു എന്ന് ജനം കരുതുന്ന അതിലെ പ്രധാനിതന്നെ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ശാസനാരൂപത്തില്‍ ആക്രോശിക്കുന്നത് ഭരണഘടനാലംഘനമാണ്. തെരഞ്ഞെടുപ്പുകള്‍ നടന്നാലെ ഇവരൊക്കെ മന്ത്രിമാരും എംഎല്‍എമാരും കൗണ്‍സിലര്‍മാരും മെമ്പര്‍മാരുമൊക്കെ ആകൂ എന്നതുപോലും മറന്നുപോയ രാഷ്ട്രീയ നേതൃത്വം അതു നടത്തുന്ന സംവിധാനങ്ങളെ ജനമധ്യത്തില്‍ താറടിച്ചുകാണിക്കുന്നത് ദുഷ്പ്രവണതയാണ്. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പു നടത്തുവാന്‍ കേരളം ഭരിക്കുന്ന ഒരു സര്‍ക്കാര്‍ സമ്മതിക്കാതിരിക്കുന്നത് നിയമങ്ങളോടുള്ള വെല്ലുവിളിയാണ്. കമ്മീഷന്‍ ഇതിനോട് സഹകരിക്കുന്നത് ജനാധിപത്യത്തിന് ക്ഷീണമാണ്. കഴിഞ്ഞ നാല് വര്‍ഷത്തെ യുഡിഎഫ് ഭരണം ഇതോടെ കോടതിയെയും നിയമങ്ങളെയും ചട്ടങ്ങളെയും ജനങ്ങളെയും നോക്കുകുത്തിയാക്കുന്നതില്‍ വിജയിക്കുകയാണ്. കെട്ടിടനിര്‍മാണ ചട്ടലംഘനങ്ങള്‍, കൈയേറ്റങ്ങള്‍, വേമ്പനാട്ടു കായല്‍ കയ്യേറ്റം, തീരദേശ സംരക്ഷണ നിയമലംഘനങ്ങള്‍, തണ്ണീര്‍ത്തട പാടശേഖര സംരക്ഷണനിയമലംഘനങ്ങള്‍, വനനിയമലംഘനങ്ങള്‍ പശ്ചിമഘട്ട സംരക്ഷണ നിയമ ലംഘനങ്ങള്‍ എന്നിവക്കെല്ലാം ഒത്താശ ചെയ്യുകയും ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയും ചെയ്തതില്‍നിന്ന് എല്ലാം വ്യക്തമാണ്. പ്ലസ്ടു അനുവദിച്ചതിലെ അപാകതകള്‍, പാറടമകള്‍ അനുവദിച്ചതിലെ നിയമലംഘനങ്ങള്‍, നിയമനങ്ങളിലെ സ്വജനപക്ഷപാതം, ഭരണത്തിലെ കഴിവുകേടുകള്‍ തുടങ്ങി ഭരണംതന്നെ അഴിമതിയാക്കിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള തരംതാണ സമീപനം.എതിരാളിയെ ഏതുവിധേനയും ഉപദ്രവിക്കുകയെന്ന കാടത്ത സമീപനമാണ് ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പുക കമ്മീഷനോട് യുഡിഎഫ് ചെയ്തിരിക്കുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാകുവാന്‍ പോകുന്ന സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിനേയും ഭരണനേതൃത്വത്തിന്റെ ഈ ആക്രോശങ്ങള്‍ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ മുള്‍മുനയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. നിയമപരമായ ബാധ്യത നിറവേറ്റുവാന്‍ തെരഞ്ഞെടുപ്പു കമ്മീഷനെ അനുവദിക്കാതിരുന്നതും തെരഞ്ഞെടുപ്പ് തീയതിയും ഏതെല്ലാം മണ്ഡലങ്ങളിലും വാര്‍ഡുകളിലും കൗണ്‍സിലുകളിലും തെരഞ്ഞെടുപ്പ് നടത്തണമെന്നും എങ്ങനെ തെരഞ്ഞെടുപ്പ് നടത്തണമെന്നും തീരുമാനിക്കുന്നതില്‍ സംസ്ഥാന ഭരണത്തിന് ഒരു പങ്കുമില്ല. എന്തിന്റെ പേരിലായാലും ഇല്ലാത്ത അധികാരങ്ങള്‍ കാണിക്കുന്നതും പറയുന്നതും നിര്‍ദ്ദേശിക്കുന്നതും ജനാധിപത്യവിരുദ്ധമാണ്. നിയമങ്ങള്‍ അട്ടിമറിച്ചും പോലീസിനെ സ്വാധീനിച്ചും യുഡിഎഫ് സര്‍ക്കാര്‍ ബാര്‍ കോഴ, സോളാര്‍ വിവാദം തുടങ്ങിയ ഒട്ടനവധി സംഭവങ്ങളിലൂടെ നേടിയ അധികാര ദുര്‍വിനിയോഗത്തിന്റെ അതേ പാത തെരഞ്ഞെടുപ്പു കമ്മീഷനിലേക്കും നീട്ടുന്നു എന്നുമാത്രമേ സാധാരണ ജനം ഇതിനെ വിലയിരുത്തൂ. തങ്ങള്‍ക്കെതിരെ വിധിപറയുന്ന ജഡ്ജിമാരെ കളിയാക്കുക, വ്യക്തിഹത്യ നടത്തുക, പിഎസ്‌സി പോലുള്ള സ്ഥാപനങ്ങലെ പണം നല്‍കാതെ നിര്‍ജീവമാക്കി ലക്ഷക്കണക്കിനാളുകളുടെ സ്വപ്‌നമായ ജോലി വൈകിപ്പിക്കുക, സ്വന്തക്കാര്‍ക്ക് കയ്യേറ്റ വനഭൂമി പതിച്ചുനല്‍കുക തുടങ്ങി ജനാധിപത്യത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫില്‍നിന്നുണ്ടാകുന്നത്. വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍, രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അംഗീകാരം നല്‍കുക, ചിഹ്നം അനുവദിക്കുക, നോമിനേഷനുകള്‍ പരിശോധിക്കുക, തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക തുടങ്ങിയ അധികാരങ്ങളൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷന്റെതാണ്. രാഷ്ട്രീയക്കാര്‍ ഉടമസ്ഥരുടെ അനുവാദമില്ലാതെ കെട്ടിടങ്ങളിലും മതിലുകളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരില്‍ എഴുതിയും വരച്ചും നശിപ്പിച്ചിരുന്നത് തടയുവാനും സ്ഥാനാര്‍ത്ഥികള്‍ക്ക് കൃത്യമായ പെരുമാറ്റ ചട്ടം കൊണ്ടുവരുന്നതിനും കാരണമായത് ഭാരതത്തിന്റെ 11-ാം ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന ടി.എന്‍.ശേഷനായിരുന്നു. ഭാരതത്തിന്റെ ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയും സംസ്ഥാന കമ്മീഷണറെ നിയമിക്കുന്നത് ഗവര്‍ണറുമാണ്. ഭാരതത്തില്‍ 1950 മുതല്‍ 1989 ഒക്‌ടോബര്‍ 15 വരെ ഒരു ഇലക്ഷന്‍ കമ്മീഷണര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ 1989 ല്‍ ഭാരത പ്രസിഡന്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരെകൂടി നിയമിച്ച് ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷനില്‍ മൂന്ന് അംഗങ്ങളാക്കി.അതില്‍ ഒരാളെ ചീഫ് ഇലക്ഷന്‍ കമ്മീഷനാക്കി നിശ്ചയിക്കും. ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് ആറ് വര്‍ഷമോ 65 വയസ്സ് പൂര്‍ത്തിയാകുന്നതോ വരെയാണ് കാലാവധി. പലപ്പോഴും സര്‍ക്കാരുകളുടെ കാലാവധി തീര്‍ന്നാലും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ മാറാറില്ല. ഇലക്ഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും ഉപദേശം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാണ്. സംസ്ഥാനത്തെ ഒരു തെരഞ്ഞെടുത്ത അംഗത്തെ അയോഗ്യത വരുത്തണമെങ്കില്‍ ഗവര്‍ണര്‍ക്കു വേണ്ട ഉപദേശം നല്‍കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷണറാണ്. അങ്ങനെ തികച്ചും ഭരണഘടനാപരമായി പ്രവൃത്തിക്കുന്ന സ്ഥാപനത്തെയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെറുതാക്കി ഗുണദോഷിക്കുന്നത്. കമ്മീഷനെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണാതെ യുഡിഎഫ് നേതാവ് വീണ്ടും വീണ്ടും രാഷ്ട്രീയപ്രേരിതമായി സമൂഹമധ്യത്തില്‍ കമ്മീഷന്റെ വിലക്കെടുക്കുന്നത് ഭരണമുന്നണിയ്ക്ക് ചേര്‍ന്നതല്ല. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ 1992 ലെ ഭരണഘടനയുടെ 73, 64 ഭേദഗതിപ്രകാരം നിയമിച്ചിട്ടുള്ളതാണ്. കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ജില്ലാ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ പൂര്‍ണമായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തമാണ്. അതിനാല്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതിയുടെ കാര്യത്തിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതിയുടെ കാര്യത്തിലും തെരഞ്ഞെടുപ്പ് എവിടെയെല്ലാം നടത്തണമെന്ന കാര്യത്തിലും ഇടപ്പെട്ട് ഒരു ഭരണഘടനാ സ്ഥാപനത്തെ തരംതാഴ്ത്തി സമൂഹമധ്യത്തില്‍ അവഹേളിച്ചതിന് കേരളീയ സമൂഹത്തോട് മാപ്പ് പറയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.