പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു

Monday 31 August 2015 12:17 pm IST

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രശ്‌നമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെഎസ്ഇബി ഓഫീസുകളില്‍ ഫ്യൂസ് യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും സ്റ്റോക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തലപ്പാറ കെഎസ്ഇബി സെക്ഷന് കീഴിലുള്ള പാറക്കടവ് ജല അതോററ്റിയുടെ പമ്പ് ഹൗസിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മറിലെ ഫ്യൂസ് യൂണിറ്റുകള്‍ പൊട്ടിതകര്‍ന്ന് തുറന്ന് കിടക്കുകയാണ്. ഈ കാരണത്താല്‍ ഇവിടെ നിന്നുള്ള പമ്പിംഗ് മുടങ്ങിയിരിക്കുകയാണ്. അഞ്ച് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് അവതാളത്തിലായിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശലയുടേയും ഇറിഗേഷന്‍ വകുപ്പിന്റെയും പമ്പ് ഹൗസുകള്‍ ഇവിടെ തന്നെയാണുള്ളത്. തിരൂരങ്ങാടി കെഎസ്ഇബിക്ക് കീഴിലുള്ള കല്ലക്കയം,പാറക്കല്‍, കരിപറമ്പ് തുടങ്ങിയ ഭാഗങ്ങളിലും ഫ്യൂസ് തകരാറിലാകുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഫ്യൂസുകള്‍ക്ക് പകരം നേരിട്ട് കണക്ഷന്‍ നല്‍കുന്നത് മൂലം പരിസരത്തുള്ള വീടുകളിലെ ഗാര്‍ഹിക ഉപകരണങ്ങള്‍ നശിക്കുന്നതും പതിവായി. അമിത വോള്‍ട്ടേജില്‍ വൈദ്യുതി പ്രവഹിക്കുന്നതാണ് ഇതിന് കാരണം. 200, 300, 500 ആംപിയര്‍ ഫ്യൂസുകളുടെ ലഭ്യതക്കുറവാണ് ഇവ മാറ്റി സ്ഥാപിക്കാന്‍ തടസമാകുന്നതെന്ന് അധികൃതര്‍ പറയുന്നു. സ്വകാര്യ കമ്പനികളുടെ ഫ്യൂസുകള്‍ പലതും ഗുണനിലവാര കുറഞ്ഞതായതിനാല്‍ അപകടത്തിന് കാരണമാകുന്നുണ്ട്. വൈദ്യുതി തടസം പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് പുതിയ ഉപകരണങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.