ജീവിത ചിന്തകള്‍

Monday 31 August 2015 6:33 pm IST

നാം ബന്ധപ്പെടുന്ന ഒരു കാര്യത്തിലും നമ്മുടേതായ ഒന്നുംതന്നെയില്ല. ഈശ്വരന്റെ ഇച്ഛയ്ക്ക് അനുസൃതമായ സംഭവങ്ങളാണെല്ലാം.ജീവിതത്തിന്റെ ഒരു രഹസ്യം എന്തെന്നാല്‍ നമ്മുടെ മുന്‍ ജന്മ കര്‍മഫലവും ആഗ്രഹങ്ങളും എന്തായിരുന്നുവോ അവയ്ക്ക് അനുയോജ്യമായ ഒന്നായിരിക്കും ഈ ജന്മത്തില്‍  ലഭ്യമാകുക. ഒരുപാടാളുകളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ജന്മമെടുക്കുന്ന മഹാത്മാവിന്റെ ജനനം ഇതില്‍നിന്ന് വ്യത്യസ്തമായിരിക്കും. ജനനമരണങ്ങള്‍, ആഗ്രഹനിവൃത്തിയും സത്യത്തെ അറിയുന്നതിനുള്ള പ്രേരണയും ചേര്‍ന്ന് സത്യവസ്തുവില്‍ എത്തുന്നവരെ തുടരുമെന്ന് ജ്ഞാനികള്‍ പറയുന്നു. എല്ലാരുടെയും ധാരണ സുഖം ശരീരത്തിന് ആസ്പദമായിട്ടുള്ളതാണെന്നാണ്. എന്നാല്‍ ആഗ്രഹനിവൃത്തി വരുന്ന മാത്രയില്‍ നാം അനുഭവിക്കുന്ന സന്തോഷം ശരീരവും മനസ്സും ഇല്ലാത്ത അവസ്ഥയില്‍ ആയിരിക്കുമെന്ന് എത്രപേര്‍ക്ക് അറിയാം. അതിയായ സന്തോഷം, ദുഃഖം, അപകടം ഇവ വരുന്ന സമയത്ത് മനസ്സ് നിശ്ചലമാകും. സുഖം സന്തോഷത്തില്‍ മാത്രമല്ല. മനസ്സ് നിശ്ചലമാകുന്ന അവസ്ഥയാണ് ബ്രഹ്മാവസ്ഥ. അതുമല്ലെങ്കില്‍ ആത്യന്തിക ദുഃഖനിവൃത്തിയും പരമാനന്ദ പ്രാപ്തിയും. ഈ അവസ്ഥക്ക് വേണ്ടിയാണ് മഹര്‍ഷിമാര്‍ വരെ കഠിന തപസ്സു ചെയ്തിട്ടുള്ളത്. ജീവിതം പ്രാരാബ്ധങ്ങള്‍ നിറഞ്ഞതാണെന്നും മറ്റുള്ളവര്‍ സുഖലോലുപരായി കഴിയുന്നു എന്നും ചിന്തിച്ച് തുടങ്ങും. എന്നാല്‍ ഈശ്വരാനുഗ്രഹത്താല്‍ മറ്റുള്ളവരുടെ ജീവിതവും ഇത്തരത്തിലാണെന്ന് മനസ്സിലാക്കുമ്പോള്‍ ഇതില്‍നിന്ന് മോചനം ഉണ്ടോ എന്ന ചോദ്യം ഉയരുന്നു. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നതില്‍ നിന്നാണ് ശരിയായ ജീവിതം ആരംഭിക്കുന്നത്. ഈ ഘട്ടത്തില്‍ ഗുരുവിന്റെ/ഈശ്വരന്റെ സഹായം നമുക്ക് കിട്ടിത്തുടങ്ങും. ഗുരുവിലോ ഈശ്വരനിലോ ഉളള വിശ്വാസം വിടാതെ അനുഷ്ഠാനങ്ങളിലൂടെ വിശ്വാസത്തെ ദൃഢമാക്കുക എന്നുള്ളതാണ് ഓരോരുത്തരുടെയും കടമ. ഒരിക്കലും നാം പിന്നിട്ട വഴികളിലേയ്ക്ക് തിരിച്ചിറങ്ങാതെ പ്രതികൂല സാഹചര്യങ്ങളെല്ലാം അനുകൂലമാകുമെന്ന് വിശ്വസിക്കണം. നമ്മുടെ സര്‍വപ്രാരാബ്ധങ്ങള്‍ക്കിടയിലും ഈശ്വരന്റെ സഹായം എപ്പോഴും ഉണ്ടെന്നതിനാല്‍ വിവേകവും വിശകലനശേഷിയും നിലനിര്‍ത്തണമെന്നു മാത്രം. നമ്മുടെ കുട്ടികളെ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരുകാര്യം ചില അവസരങ്ങളില്‍ അവര്‍ വളരെ പക്വതയോടെ അതുമല്ലെങ്കില്‍ ഒരു പടിമുന്നിലായിരിക്കും. പൂര്‍വ്വ സംസ്‌കാരം ആണ് ഇതിനുപിന്നില്‍. ഇവിടെ നമ്മള്‍ അവരെ കണ്ട് പഠിക്കേണ്ടതായി വരുന്നു. തുടക്കക്കാരന്‍ എന്ന നിലയില്‍ അടിസ്ഥാനപരമായി അനുഷ്ഠാനങ്ങള്‍ക്ക് തുടക്കമിടുമ്പോഴും ഒരു കൈപിടുത്തം ഗുരുവിലോ ഈശ്വരനിലോ ഉണ്ടായിരിക്കണം. പൂര്‍ണ സമര്‍പ്പണവും ശരണാഗതിയും ഉണ്ടായിരിക്കണം. സംശയത്തിന് ഒരിക്കലും വിശ്വാസത്തില്‍ സ്ഥാനം ഉണ്ടാകരുത്. ചോദ്യങ്ങള്‍ അറിവുള്ളവരുമായി വിശകലനം ചെയ്ത് മുന്നേറുക. ദിവസത്തില്‍ അല്‍പ്പസമയം ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് വിനിയോഗിക്കണം. വായന, ഓഡിയോ, വീഡിയോ, എഴുത്ത് തുടങ്ങിയവ ആകാം. ഒരിക്കലും മറ്റുള്ളവര്‍ നന്നാകില്ലെന്ന് വിലയിരുത്താതെ സ്വയം നന്നാവുക, കുടുംബത്തിലെ മറ്റുള്ളവരെ ഈ അനുഭവത്തിലേക്ക് വരുത്തുക. പിന്നീട് അയല്‍പക്കത്തേയും ഗ്രാമത്തെയും പുനരുദ്ധരിക്കുകയും വേണം. ഒരിക്കല്‍ മാതാ അമൃതാനന്ദമയി പറഞ്ഞിട്ടുണ്ട്. ''കഴിഞ്ഞതെല്ലാം ക്യാന്‍സല്‍ഡ് ചെക്കുകള്‍ ആണ്. വരാനിരിക്കുന്നവയെക്കുറിച്ച് ഓര്‍ത്ത് ആധിപിടിച്ചിട്ട് കാര്യമില്ല. വര്‍ത്തമാനത്തില്‍ ജീവിക്കുക. ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളൂ. വരും നിമിഷങ്ങളില്‍ എന്തെന്ന് നമുക്കറിയാന്‍ കഴിയില്ല.'' ഈ വാചകം എല്ലായ്‌പ്പോഴും ഓര്‍ക്കുന്നത് നല്ലത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.