ചേര്‍ത്തല: സിപിഎം മദനിയുടെ പിന്നാലെയാണെന്നും ഉമ്മന്‍ചാണ്ടിഭരണം ക്രിസ്ത്യന്‍ ഭരണമായി മാറിയെന്നും എസ്എന്‍ഡിപി യോഗം വിമര്‍ശിച്ചു. എസ്എന്‍ഡിപിക്ക് ജാതി പറയുവാന്‍ അവകാശമില്ലെന്ന് വാദിക്കുന്ന സിപിഎം മദനിയുടെയും ലീഗിന്റെയും ഐഎന്‍എല്ലിന്റെയും പിന്നാലെയാണ്. എസ്എന്‍ഡിപിയെ കൈപ്പത്തിക്ക് വിറ്റവരെയാണ് സിപിഎം ഇപ്പോള്‍ കൂട്ടുപിടിക്കുന്നത്.
എസ്എന്‍ഡിപി പലര്‍ക്കും പേടിസ്വപ്നമായി മാറിയതാണ് വേട്ടയാടുവാന്‍ കാരണം. ഇടതുപക്ഷം പക്ഷമല്ലാതായി. ഉമ്മന്‍ചാണ്ടി ഭരണം ക്രിസ്ത്യന്‍ ഭരണമായി മാറി. പള്ളിയിലെ അച്ചന്മാരാണ് മദ്യനയം രൂപീകരിക്കുന്നത്. ഹിന്ദു ആചാരങ്ങളെ വിലക്കി മുതലാളി ചമയാന്‍ സിപിഎം ശ്രമിക്കണ്ട, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലനില്‍പ്പിനായാണ് ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനും ആഘോഷിക്കുവാന്‍ പാര്‍ട്ടി ഇപ്പോള്‍ തയ്യാറാകുന്നത്. ബിജെപി സവര്‍ണരുടെ പാര്‍ട്ടിയാണെന്ന് പറയുന്ന വിഎസ് പാര്‍ട്ടി ഓഫീസില്‍ സവര്ണരെഴുതി കൊടുക്കുന്ന പ്രസംഗം അതേപടി വായിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള കശ്മീരില്‍ ഭരിക്കുന്നത് ബിജെപിയാണ്. എകെജി സെന്റര്‍ കയറിയിറങ്ങിയാല്‍ ഈഴവവസമുദായത്തിന് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് അധികാരം കൈയിലുള്ളവരെ കാണുന്നത്.
എസ്എന്‍ഡിപി യോഗത്തിന്റെ വേദികളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കുന്നത് ഗൗരവമായി ആലോചിക്കും. യൂണിയന് നേതാക്കളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എസ്എന്‍ഡിപിയുടെ വേദിയില്‍ വന്ന് സമുദായത്തെ ചീത്ത വിളിച്ചതിനാലാണ് വി.എസ്. അച്യുതാന്ദന് ആര്‍ക്കും വേണ്ടാത്തവനായത്. പിണറായിയുടെ മുന്നില്‍ നല്ലപിള്ള ചമയാനുള്ള വ്യഗ്രതയാണ് ഇതിന് കാരണം. പഴയതൊക്കെ മറന്നാണ് വിഎസിന്റെ പ്രവൃത്തി. മാര്‍ക്സിസം മാത്രം പഠിച്ചാല്‍ പോര, ചരിത്രവും ഗുരുവിനെക്കുറിച്ചും പഠിക്കണം. കുമാരനാശാന്റെ പ്രജാസഭയിലെ പ്രസംഗവും വായിക്കണം. രാഷ്ട്രീയത്തില്‍ പുതിയ ജന്മി സംസ്കാരമാണിപ്പോള്‍. നാട്ടിലാകെ രാഷ്ട്രീയ മുതലാളിമാരാണ്.
ശിവഗിരിയില്‍ പോകാതെ പത്രത്തിലൂടെ ഗുരുവിന്റെ പടം മാത്രം കണ്ടിട്ടുള്ള അഭിനവ ഗുരുഭക്തന്മാരെ സൂക്ഷിക്കണം. വരുന്ന തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിനതീതമായി സാമുദായിക ശക്തിയായി മാറണമെന്നും സമുദായത്തിന് ഗുണം ചെയ്യുന്നവരെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശ രാഷ്ട്രീയം ബലികഴിച്ച് അവസരവാദ രാഷ്ട്രീയമാണിപ്പോള്‍ നിലനില്‍ക്കുന്നത്. അരുവിക്കരയില്‍ സിപിഎം തോറ്റത് അഹങ്കാരവും കൈയിലിരുപ്പും കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: