മഴയില്ല; വയനാടന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Tuesday 1 September 2015 2:18 pm IST

കല്‍പ്പറ്റ: വയനാട്ടില്‍ യഥാസമയം മഴ ലഭിക്കാത്തതിനെ തുടര്‍ന്ന് കാര്‍ഷികമേഖല പ്രതിസന്ധിയിലായി. വൈകി ലഭിച്ച മഴയില്‍ നെല്‍കൃഷി ഇറക്കിയ വനവാസികള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത കര്‍ഷകര്‍ നാട്ടി (ഞാറ് നടീല്‍)  കഴിഞ്ഞതോടെ പ്രതിസന്ധിയിലായി. മോഹവില കണ്ട് ഇഞ്ചികൃഷിക്കിറങ്ങിയവരും മഴയില്ലാതെ നട്ടം തിരിയുകയാണ്. നേന്ത്രവാഴ, മഞ്ഞള്‍, ചേമ്പ്, ചേന, പച്ചക്കറി തുടങ്ങിയ കൃഷികളും മഴ ലഭിക്കാതായതോടെ മുരടിച്ച് പോകുന്ന സ്ഥിതിയിലാണ്. നാണ്യവിളകളുടെ കാര്യവും വ്യത്യസ്തമല്ല. കാപ്പി, കുരുമുളക് കൃഷികള്‍ക്കും സമയത്തിന് മഴ ലഭിച്ചില്ലെങ്കില്‍ ഉത്പ്പാദനക്കുറവ് വരും. വനവാസികള്‍ കൂട്ടത്തോടെ നെല്‍കൃഷിയിലേക്ക് ഇറങ്ങിയതും ഇക്കൊല്ലത്തെ പ്രത്യേകതയാണ്. കഴിഞ്ഞ സീസണില്‍ ലഭിച്ചതിന്റെ പകുതി മഴ മാത്രമാണ് ഇക്കൊല്ലം ലഭിച്ചത്. കൃഷിപ്പണിക്കാരില്‍ നിന്നു കൃഷിക്കാരായി വനവാസിസമൂഹം മാറുന്ന കാഴ്ച്ചയാണ് വയനാട്ടിലുള്ളത്. ജനസംഖ്യയില്‍ ചെറിയഭാഗം മാത്രംവരുന്ന പണിയ വിഭാഗവും നെല്‍കൃഷിയില്‍ വ്യാപൃതരാണ്. വയനാട്ടിലെ വനവാസി ജനസംഖ്യയില്‍ ഏകദേശം 70 ശതമാനം വരുന്ന പണിയ സമുദായത്തിന്റെ സാമൂഹികസ്ഥിതി അന്യന്റെ പാടത്തും പറമ്പിലും കൂലിപ്പണി ചെയ്യുന്ന കൂട്ടര്‍ എന്ന നിലയില്‍ നിന്നു കൃഷിക്കാര്‍ എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. വയല്‍ പാട്ടത്തിനും പങ്കിട്ടുമെടുത്ത് നെല്‍കൃഷി നടത്തുന്ന പണിയ കുടുംബങ്ങളുടെ എണ്ണം കൂടിവരികയാണ്. ചില കോളനികളിലെ കുടുംബങ്ങള്‍ കരയും നിലവും പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ, ചേന കൃഷികളും ചെയ്യുന്നുണ്ട്. മഴക്കുറവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഭൂവുടമകളില്‍ നിന്നു അര ഏക്കര്‍ മുതല്‍ ഒരേക്കര്‍ വരെ വയല്‍ പങ്കിട്ടെടുത്താണ് പണിയ കുടുംബങ്ങളുടെ നെല്‍കൃഷി. കൃഷിയിടങ്ങളില്‍ കൂലിപ്പണി മാത്രം ചെയ്തിരുന്ന പണിയര്‍ സമീപകാലത്താണ് പങ്കുകൃഷിയല്‍ തത്പരരായത്. പണിയ സ്ത്രീകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമായതാണ് ഒരളവോളം ഇതിനു വഴിയൊരുക്കിയത്. വയനാട്ടിലെ പ്രമുഖ നെല്ലറകളെല്ലാം കുറിച്ച്യര്‍ക്ക് സ്വന്തമാണ്. പള്ളിയറ, എടത്തന, എടമന, വാളാട്, നിരവില്‍പ്പുഴ, കുഞ്ഞോം, പേര്യ, ചെറുവയല്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം പരമ്പരാഗത ജൈവകൃഷിയാണ് ഇക്കൂട്ടര്‍ അനുവര്‍ത്തിച്ചുവരുന്നത്. താരതമ്യേന ലാഭകരമല്ലാത്ത നെല്‍കൃഷി കുടുംബകൃഷി എന്ന രീതിയിലാണ് ഇവര്‍ ചെയ്തുവരുന്നത്. കാലാവസ്ഥാ വ്യതിയാനം ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതിയെതന്നെ തകിടംമറിക്കും. ബാങ്ക് വായ്പ എടുത്തും സ്വര്‍ണ്ണം പണയംവെച്ചുമാണ് ഭൂരിഭാഗംപേരും കൃഷി ഇറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.