കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ത്തല്ലി; മുന്‍ പഞ്ചായത്ത്‌ മെമ്പറുടെ മകന്റെ കൈ തല്ലിയൊടിച്ചു

Sunday 27 November 2011 10:52 pm IST

പള്ളുരുത്തി: കുമ്പളങ്ങിയില്‍ കോണ്‍ഗ്രസുകാരുടെ തര്‍ക്കം പരസ്യമായ കയ്യാങ്കളിയിലെത്തി. മുന്‍ ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ്‌ നേതവുമായ ആന്റണിയുടെ മകനും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവുമായ പി.എ.ജെസ്റ്റിന്റെ കൈ തല്ലിയൊടിച്ചു. ഇതിന്റെ പേരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പള്ളുരുത്തി ബ്ലോക്ക്‌ സെക്രട്ടറി പി.എ.സഹീര്‍, ഗ്രാമപഞ്ചായത്ത്‌ അംഗം ദിലീപ്‌ കുഞ്ഞുകുട്ടി ഇവരുടെ പേരില്‍ പള്ളുരുത്തി പോലീസ്‌ വധശ്രമത്തിന്‌ കേസെടുത്തു. വിരുദ്ധ ഗ്രൂപ്പുകാരായ ആന്റണിയും സഹീറുമായി കഴിഞ്ഞദിവസം ഒരു പൊതുപരിപാടിക്കിടെ വാക്കുതര്‍ക്കമുണ്ടായത്രെ. അന്ന്‌ നാട്ടുകാരുടെ മുന്നില്‍വച്ച്‌ ആന്റണിയെ സഹീര്‍ അസഭ്യവര്‍ഷം നടത്തിയിരുന്നതായും പറയുന്നു. ആന്റണിയുടെ മകനായ ജെസ്റ്റിന്‍ ഇതേക്കുറിച്ച്‌ സഹീറിനോട്‌ റോഡരികില്‍വച്ച്‌ ചോദിച്ച്‌ ബഹളമായി. ഒന്നിലധികംപേര്‍ സഹീറിന്റെ നേരെ തട്ടിക്കയറിയത്‌ കാരണം തല്‍ക്കാലം സംഭവത്തില്‍നിന്നും തലയൂരി രക്ഷപ്പെട്ട സഹീര്‍ പഞ്ചായത്തംഗമായ ദിലീപ്‌ കുഞ്ഞുകുട്ടിയേയും കൂട്ടി ജസ്റ്റിന്‍ കാത്തുനിന്ന്‌ ആക്രമിക്കുകയായിരുന്നു. ജസ്റ്റിന്റെ വലതുകൈ ചവിട്ടി ഒടിച്ച നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക്‌ ഗുരുതരമായതിനാല്‍ ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയ ജെസ്റ്റിന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്‌. കുമ്പളങ്ങി മേഖലയില്‍ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ പോര്‌ ശക്തമായി തുടരുന്നതിനിടയിലാണ്‌ തര്‍ക്കം സംഘട്ടനത്തിലേക്ക്‌ എത്തിയത്‌. എംഎല്‍എ ഡൊമിനിക്‌ പ്രസന്റേഷന്‍ നേരിട്ടിടപെട്ടാണ്‌ സഹീറിനെതിരെ വധശ്രമത്തിന്‌ കേസെടുപ്പിച്ചതെന്ന്‌ പറയപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.