കേരളത്തിലും ചുവപ്പു മായുന്നു സംഘര്‍ഷമല്ല സംഘലക്ഷ്യം: ആര്‍എസ്എസ്

Tuesday 1 September 2015 3:03 pm IST

തലശ്ശേരി: സംഘര്‍ഷമല്ല സംഘലക്ഷ്യമെന്നും എന്നാല്‍ ആദര്‍ശത്തെ പ്രതിഷ്ഠിക്കാനുള്ള തപസ്സിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ തടയാതിരിക്കാനാവില്ലെന്നും സീമാ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചു. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണയോഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സജീവപ്രവര്‍ത്തകരെ അരുംകൊല നടത്തി സംഘപ്രവര്‍ത്തനത്തെയും വളര്‍ച്ചെയെയും തടയാമെന്ന മിഥ്യാധാരണ സിപിഎം ഇപ്പോഴും വെച്ചുപുലര്‍ത്തുന്നുവെന്നത് അത്ഭുതകരമാണ്. മനോജിനെ നിഷ്ഠുരമായി കൊലപ്പെടുത്തി ഒരുവര്‍ഷം പൂര്‍ത്തിയാവുന്ന ദിനമാണ് ഇന്ന്. ഈ ഒരു വര്‍ഷക്കാലംകൊണ്ട് ആര്‍എസ്എസിന്റെ വളര്‍ച്ച 60 ശതമാനത്തില്‍ അധികമാണ്. വളര്‍ച്ച ഏറ്റവും കൂടുതലുണ്ടായിട്ടുള്ളത് പാനൂര്‍ മേഖലയിലാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ത്രാണി ഇന്നത്തെ സിപിഎമ്മുകാര്‍ക്കില്ല എന്നതാണ് വസ്തുത. അതിനാലാണ് ആയിരക്കണക്കിന് അണികള്‍ കൊഴിഞ്ഞുപോകുമ്പോഴും അക്രമപാത അവര്‍ കൈയൊഴിയാത്തത്. ബംഗാളില്‍ മാത്രമല്ല ഇപ്പോള്‍ കേരളത്തിലും ചുവപ്പ് നിറം മായ്ച്ച് സിഐടിയുവിന്റേതുള്‍പ്പെടെയുള്ള ഓഫീസുകള്‍ കാവി നിറമടിച്ചു തുടങ്ങിയിരിക്കുകയാണ്. കേരളചരിത്രത്തിലാദ്യമായി എകെജിയുടെ വീടിനടുത്തുവെച്ച് ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ട് പെരളശ്ശേരി ടൗണിലൂടെ നിമജ്ജനഘോഷയാത്ര നടന്നിരിക്കുന്നു. ഇതൊക്കെ സംഭവിക്കുന്നത് സിപിഎമ്മിന്റെ ജനവിരുദ്ധ നയങ്ങളിലും അക്രമങ്ങളിലും മനംമടുത്ത അണികള്‍ മാറിച്ചിന്തിക്കുന്നത് കൊണ്ടാണ്. കേരളത്തില്‍ കൊലചെയ്യപ്പെട്ട 251 സ്വയം സേവകരില്‍ മുസ്ലിം മതതീവ്രവാദികള്‍ കെലപ്പെടുത്തിയ പതിനഞ്ചോളം പേരൊഴിച്ച് ബാക്കിയുള്ളവരെ മുഴുവന്‍ കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണ്. ഇതില്‍ കണ്ണൂരില്‍ മാത്രം കൊലചെയ്യപ്പെട്ടത് 81 പേരാണ്. തൃശൂരില്‍ 41 ഉം ആലപ്പുഴയില്‍ 21 ഉം കോഴിക്കോട് 22 ഉം തിരുവനന്തപുരത്ത് 19 ഉം മലപ്പുറത്ത് 15 ഉം എന്നിങ്ങനെ നിരവധി സ്വയംസേവകരെ കൊലപ്പെടുത്തി. ആര്‍എസ്എസിനെ ഇല്ലാതാക്കാനുള്ള ശ്രമം പരാജയമായിരുന്നുവെന്ന് ഇനിയെങ്കിലും മാര്‍ക്‌സിസ്റ്റുകാര്‍ മനസ്സിലാക്കണമെന്നും എ.ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മനോജ് കുമാര്‍ സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന അവയവദാന സമ്മതപത്രത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് തലശ്ശേരി താലൂക്ക് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്ററില്‍ നിന്ന് പ്രാന്ത കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു. വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി. രമേശ്, ജില്ലാ പ്രസിഡണ്ട് കെ. രഞ്ചിത്ത്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, സംഭാഗ് കാര്യവാഹ് പി.പി. സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് വി. ശശിധരന്‍ തുടങ്ങി നിരവധി സംഘപരിവാര്‍ സംസ്ഥാന-ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ശ്രദ്ധാഞ്ജലി പരിപാടിയില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.