കേരളത്തില്‍ 34,000 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് അംഗീകാരം

Tuesday 1 September 2015 3:37 pm IST

തിരുവനന്തപുരം: കേരളത്തിനായി മുപ്പത്തിനാലായിരം കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത-ഷിപ്പിംഗ് വകുപ്പു മന്ത്രി നിതിന്‍ ഗഡ്ക്കരി അംഗീകാരം നല്‍കി. രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന് പണം പ്രശ്‌നമല്ലെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു. റോഡുകള്‍ വികസിക്കാതെ അടിസ്ഥാനസൗകര്യവികസനം സാധ്യമാകില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ രാജ്യത്ത് നിക്ഷേപം വരില്ല. നിക്ഷേപം വന്നാല്‍ മാത്രമേ കാര്‍ഷിക-വ്യാവസായിക വളര്‍ച്ച ഉണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് കഴക്കൂട്ടം-കാരോട് ബൈപ്പാസ് നാലുവരിയാക്കുന്നതിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്രമന്ത്രി. റോഡ് വികസനത്തില്‍ ശരിയായ കാഴ്ചപ്പാട് വേണം. അതുണ്ടാകണമെങ്കില്‍ ശരിയായ രാഷ്ട്രീയ ഇച്ഛാശക്തി ഭരിക്കുന്നവര്‍ക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തില്‍ ഭരണാധികാരികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ പേടിക്കരുത്. ഭൂമി ലഭ്യമാകാതെ വികസനം സാധ്യമല്ല. വികസനമുരടിപ്പ് തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും വലിയ തടസ്സമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ എങ്ങനെ വികസനം നടപ്പാക്കാമെന്ന് ഗൗരവകരമായി സംസ്ഥാനങ്ങള്‍ ആലോചിക്കണം. വിഴിഞ്ഞം, കുളച്ചല്‍ പദ്ധതികളോട് കേന്ദ്രസര്‍ക്കാരിന് ഒരേ സമീപനമാണുള്ളത്. വികസനത്തെ രാഷ്ട്രീയവുമായും രാഷ്ട്രീയത്തെ വികസനവുമായും കൂട്ടിക്കുഴയ്ക്കരുത്. അതിനാലാണ് കേരളത്തില്‍ നിന്ന് ബിജെപിക്ക് എംപിമാരില്ലെങ്കിലും ജനങ്ങളുടെ ന്യായമായ ആവശ്യം നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. എല്ലാവരുടെയും ക്ഷേമമാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കും. അഞ്ചുവര്‍ഷത്തിനുള്ള ജിഡിപി നിലവിലെ അവസ്ഥയില്‍ നിന്ന് രണ്ടു ശതമാനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 50 ലക്ഷം പേര്‍ക്ക് പുതുതായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 26 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ കേരളത്തില്‍ എന്തുകൊണ്ട് നാലുവര്‍ഷം വേണ്ടിവരുന്നെന്ന് മനസ്സിലാകുന്നില്ല. രണ്ടര വര്‍ഷം കൊണ്ട് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയണം. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ താന്‍ അവിടെ 8000 കോടി രൂപ മുടക്കി റോഡ് വികസനം നടപ്പാക്കിയത് സര്‍ക്കാര്‍ പണം കൊണ്ടല്ല. സ്വകാര്യമേഖലയുടെ സഹായം ലഭിച്ചു. മുമ്പ് നമ്മുടെ രാജ്യത്ത് ദിവസംതോറും രണ്ടുകിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അത് 14 കിലോമീറ്ററാക്കി ഉയര്‍ത്തി. ഇനി അത് 30 കിലോമീറ്ററാക്കാനാണ് ലക്ഷ്യം. റോഡ് വികസനത്തിന് സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണം. ഇച്ഛയുണ്ടെങ്കില്‍ എല്ലാം സാധ്യമാകും. അല്ലെങ്കില്‍ റോഡിനുവേണ്ടി സര്‍വെ, സെമിനാര്‍, നോട്ടിഫിക്കേഷന്‍ എന്നിങ്ങനെ പദ്ധതി നീളും. റോഡു മാത്രം ഉണ്ടാകില്ല. കേരളം പ്രകൃതിരമണീയമായ സ്ഥലമാണ്. അതിനാല്‍ ടൂറിസത്തിന് വന്‍ സാധ്യതകളാണുള്ളത്. പക്ഷേ മികച്ച റോഡുകളും ഗതാഗത സൗകര്യവും 24 മണിക്കൂര്‍ വൈദ്യുതിലഭ്യതയും ഉണ്ടായാല്‍ ടൂറിസത്തിലൂടെ കേരളത്തിന് നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയും. ഈ രംഗത്ത് സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര റോഡ്-ഗതാഗത ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എംഎല്‍എമാരായ എം.എ. വാഹിദ്, ജമീലാ പ്രകാശം, എ.റ്റി. ജോര്‍ജ്, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. ഡോ ശശി തരൂര്‍ എംപി സ്വാഗതം പറഞ്ഞു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.