108 ആംബുലന്‍സ് അഴിമതി:കേരളത്തിലെ പ്രവര്‍ത്തനങ്ങളും സിബിഐ അന്വേഷിക്കണം: ബിജെപി

Tuesday 1 September 2015 3:47 pm IST

പത്തനംതിട്ട: 108 ആംബുലന്‍സ് അഴിമതി സംബന്ധിച്ച സിബിഐ അന്വേഷണ പരിധിയില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തണമെന്ന് ബിജെപി എംപിയും പാര്‍ലമെന്ററി എനര്‍ജി കമ്മിറ്റി ചെയര്‍മാനുമായ ഡോ.കിരിത്ത് സോമയ്യ ആവശ്യപ്പെട്ടു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോണ്‍ഗ്രസ് നേതാക്കളും മക്കളും അടക്കമുള്ളവരാണ് ആംബുലന്‍സ് അഴിമതിക്കുപിന്നില്‍. കോണ്‍ഗ്രസ് നേതാവ് വയലാര്‍രവിയുടെ മകന്‍ രവികൃഷ്ണ, മുഖ്യമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, മുന്‍കേന്ദ്രമന്ത്രി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരടക്കം എട്ടുപേര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. ദേശീയഗ്രാമീണ ആരോഗ്യ പദ്ധതിയുടെ കീഴിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സിഗിത്സ എന്ന കമ്പനി രൂപീകരിച്ചത്. സാമ്പത്തികനേട്ടമായിരുന്നു ഇവരുടെ ലക്ഷ്യം. കമ്പനിയുടെ ഇടപാടുകള്‍ സുതാര്യമായിരുന്നില്ല. നിലവിലുള്ള നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അവഗണിക്കപ്പെട്ടു. രാജസ്ഥാനിലും ബീഹാറിലും പഞ്ചാബിലും 108 ആംബുലന്‍സ് സര്‍വീസ് നടത്താന്‍ 2009-ല്‍ സികിത്സ കമ്പനിക്ക് കരാര്‍ ലഭിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി രാജസ്ഥാന്‍ ആരോഗ്യവകുപ്പിന്റെ ഓഡിറ്റില്‍ കണ്ടെത്തി.കോടികളാണ് ഇത്തരത്തില്‍ ഖജനാവിന് നഷ്ടമായെതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് തടസംനില്‍ക്കുകയാണ്. ജിഎസ്ടി ബില്ലിനെ ലോകസഭയില്‍ 53 അംഗങ്ങളാണ് എതിര്‍ത്തത്. ഇതില്‍ 20 അംഗങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ജിഎസ്ടി നടപ്പായാല്‍ കേളത്തിന് മികച്ച നേട്ടമാണ് ഉണ്ടാവുക. നവീന സാങ്കേതിക വിദ്യയുടെ വരവ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ വന്‍വിജയമാക്കുമെന്നും കിരിത്ത് സോമയ്യ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.നാരായണന്‍ നമ്പൂതിരി, ജില്ലാപ്രസിഡന്റ് ടി.ആര്‍. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.